റെയ്‌നയ്ക്ക് പിന്നാലെ കോലി, 5000 തികച്ചു; 4000 വുമായി ഡിവില്ലിയേഴ്‌സും, റണ്‍ മെഷീനുകള്‍

Loading...

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ ആദ്യമായി 5000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ ആയ സുരേഷ് റെയ്‌നയ്ക്ക് പിന്നാലെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിയും ഇതേ നാഴികക്കല്ല് പിന്നിട്ടു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലായിരുന്നു കോലിയുടെ നേട്ടം. മത്സരത്തില്‍ 46 റണ്‍സെടുത്ത കോലി ഇതോടെ ലീഗില്‍ 5000 തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാന്‍ ആയി.

ബാംഗ്ലൂര്‍ ടീമില്‍ 2008 മുതല്‍ ഉണ്ടായിരുന്ന കോലി അന്ന് കൗമാരതാരമെന്ന നിലയിലാണ് തുടക്കത്തില്‍ അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആണ്. 2016ലെ ഐപിഎല്ലില്‍ 4 സെഞ്ച്വറികളടക്കം 973 റണ്‍സ് നേടി കോലി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. 2019 സീസണ്‍ ആരംഭിക്കുമ്പോള്‍ കോലിക്ക് 163 മത്സരങ്ങളില്‍നിന്നും 4948 റണ്‍സ് ആണ് ഉണ്ടായിരുന്നത്. ആദ്യ കളിയില്‍ 6 റണ്‍സ് മാത്രം നേടാനായ ക്യാപ്റ്റന്‍ രണ്ടാം മത്സരത്തില്‍ 5000 തികച്ചു.

177 മത്സരങ്ങള്‍ കളിച്ച റെയ്‌ന 34.37 റണ്‍സ് ശരാശരിയിലാണ് 5000 റണ്‍സ് മറികടന്നത്. 35 അര്‍ധശതകങ്ങളാണ് റെയ്‌നയുടെ സമ്പാദ്യം. കഴിഞ്ഞ 11 സീസണിലും 300 റണ്‍സോ അതിലധികമോ നേടുന്ന ഏക ബാറ്റ്‌സ്മാന്‍ ആണ് റെയ്‌ന. മാത്രമല്ല, ആദ്യ ഐപിഎല്‍ മുതല്‍ ഇതുവരെയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും മറ്റൊരുമല്ല. 11 വര്‍ഷത്തിനിടയ്ക്ക് ആകെ ഒരു മത്സരം മാത്രമാണ് റെയ്‌നയ്ക്ക് നഷ്ടമായത്.

അതേസമയം, റെയ്‌നയേക്കാള്‍ കുറഞ്ഞ മത്സരത്തിലാണ് കോലി നേട്ടത്തിലെത്തിയതെന്ന പ്രത്യേകതയുണ്ട്. റെയ്‌ന 177 മത്സരങ്ങളിലെ 173 ഇന്നിങ്‌സുകളില്‍ നിന്നായി 5000 തികച്ചപ്പോള്‍ കോലി 165 മത്സരങ്ങളിലെ 157 ഇന്നിങ്‌സുകളില്‍നിന്നായി നാഴികക്കല്ല് പിന്നിട്ടു. ആദ്യ സീസണില്‍ കേവലം 165 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. രണ്ടാം സീസണില്‍ 246 റണ്‍സടിച്ചു. ഓരോ വര്‍ഷം കഴിയുന്തോറും കോലി തന്റെ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.

കോലി 5000 തികച്ച മത്സരത്തില്‍ 4000 റണ്‍സുമായി സഹതാരം എഡി ഡിവില്ലിയേഴ്‌സും ശ്രദ്ധേയനായി. ഐപിഎല്ലില്‍ 4000 തികയ്ക്കുന്ന പത്താമത്തെ താരമാണ് ഡിവില്ലിയേഴ്‌സ്. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ വിദേശിയും. ഡേവിഡ് വാര്‍ണറും ക്രിസ് ഗെയ്‌ലും നേരത്തെ 4000 തികച്ചിരുന്നു. 143 മത്സരങ്ങളില്‍നിന്നും 3 സെഞ്ച്വറികളും 28 അര്‍ധസെഞ്ച്വറികളുമായാണ് താരം 4000 മറികടന്നത്.

 

 

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും……………….വീഡിയോ കാണാം 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം