സഹാനുഭാവത്തോളം വലിയ സ്നേഹ പ്രകടനമില്ല ;ഭാര്യയുടെ കഥയ്ക്ക് ദൃശ്യാവിഷ്‌കാരവുമായി ബിജിബാല്‍; പ്രധാന കഥാപാത്രമായി മകള്‍ ദയ, ‘സുന്ദരി’യെ കാണാം

Loading...

കൊച്ചി : സംഗീത സംവിധായകന്‍ ബിജിബാല്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. നര്‍ത്തകിയും ബിജിബാലിന്റെ ഭാര്യയുമായിരുന്ന ശാന്തി ഹൈസ്‌കൂള്‍ പഠനകാലത്ത് ശാന്തി എഴുതിയ ‘സുന്ദരി’ എന്ന ചെറുകഥയ്ക്കാണ് ബിജിബാല്‍ ദൃശ്യഭാഷ ഒരുക്കിയത്. കഥയുടെ പേരു തന്നെയാണ്  ചിത്രത്തിനും – ‘സുന്ദരി’. ‘സഹാനുഭാവത്തോളം വലിയ സ്നേഹ പ്രകടനമില്ല’ എന്ന ടാഗ് ലൈനോടെ കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്ത ‘സുന്ദരി ‘ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അകാലത്തില്‍ വിട്ടുപിരിഞ്ഞ ഭാര്യ ശാന്തിയുടെ ഓര്‍മയ്ക്കായാണ് ബിജിബാല്‍ ഈ ഹ്രസ്വ ചിത്രം അണിയിച്ചൊരുക്കിയത്.


അമ്മയുടെ കഥ അച്ഛന്‍ സംവിധാനം ചെയ്യുമ്പോള്‍ മകള്‍ ദയ ഒരു പ്രധാനകഥാപാത്രമായി സ്‌ക്രീനില്‍ എത്തുന്നു. സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ സംഗീതവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് ബിജിബാല്‍ തന്നെയാണ്. റോസ് ഷെറിന്‍ അന്‍സാരി ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. പ്രയാഗ് മുകുന്ദനാണ്  ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.


ശാന്തിയുടെ സ്‌കൂള്‍ പഠനകാലത്ത് വിദ്യാര്‍ഥികള്‍ക്കായി  മാതൃഭൂമി സംഘടിപ്പിച്ച ചെറുകഥാമത്സരത്തില്‍ സുന്ദരി ഒന്നാം സ്ഥാനം നേടിയിരുന്നു. എംടിയും സക്കറിയയും അടങ്ങുന്ന വിധികര്‍ത്താക്കളായ ജൂറിയാണ്  വിജയിയെ തെരഞ്ഞെടുത്തത്.

2017 ഓഗസ്റ്റിലാണ് മസ്തിഷ്‌ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ശാന്തി അന്തരിച്ചത്.  തന്റെ സംഗീതവഴിയിലെ കരുത്തും ആവേശവും വെളിച്ചവും ശാന്തിയാണെന്ന് ബിജിബാല്‍ പലതവണ പറഞ്ഞിട്ടുണ്ട്. ശാന്തിയുടെ ഓര്‍മയ്ക്കായി നിരവധി ഗാനങ്ങള്‍ ബിജിബാല്‍ ചിട്ടപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു ഗാനം ബിജിബാലിന്റെയും ശാന്തിയുടേയും മക്കളായ ദേവദത്തും ദയയും ചേര്‍ന്നാണ്  ആലപിച്ചിരുന്നത്.

Loading...