വ്യാജമദ്യം പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം:വ്യാജമദ്യം പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച്ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹകും സഹോദരനും രക്ഷപ്പെട്ടു. വെള്ളിയാഴ്ച പകല്‍ 1.30 ഓടെ മാറനല്ലൂര്‍ മൂലക്കോണം ജംഗഷന് സമീപത്തായിരുന്നു സംഭവം.

ചാരായ കടത്തുകാരായ ആര്‍എസ്എസ് കുറ്റിച്ചല്‍ മണ്ഡല്‍ കാര്യവാഹക് കുറ്റിച്ചല്‍ ചാമുണ്ടി നഗര്‍ കിഴക്കുംകര വീട്ടില്‍ സുധന്‍, ഇയാളുടെ സഹോദരനും സജീവ ബിജെപി പ്രവര്‍ത്തകനുമായ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന സതീഷിനെയുമാണ് എക്‌സൈസ് പിടികൂടാന്‍ ശ്രമിച്ചത്.

നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും ബൈക്കില്‍ അഞ്ച് ലിറ്റര്‍ വാറ്റു ചാരായവുമായി എത്തിയ ഇവരെ എക്‌സൈസ് സംഘം തടഞ്ഞു. എന്നാല്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ച ബൈക്കും കടത്താന്‍ ശ്രമിച്ച അഞ്ച് ലിറ്റര്‍ വാറ്റ് ചാരായവും എക്‌സൈസ് പിടികൂടി.

സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ ആയ കള്ളിക്കാട് മൈലക്കര സ്വദേശി രജിത്ത്, ആര്യനാട് സ്വദേശി ജിതീഷ് എന്നിവരെ പ്രതികള്‍ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ഇവരെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

വ്യാജ ചാരായ വാറ്റ് കടത്ത് സംഘത്തലവന്‍മാരായ ഇരുവരും രണ്ടാംതവണയാണ് എക്‌സൈസിനെ ആക്രമിച്ച് രക്ഷപ്പെടുന്നത്. മേയ് ഒന്നിന് കാരിയോടിന് സമീപം നാറാണം എന്ന സ്ഥലത്തുനിന്ന് വ്യാജ ചാരായവുമായി ചാമുണ്ടി ഉണ്ണിയെ പിടികൂടിയിരുന്നു.

ഇയാളെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ സഹോദരനായ സുധന്‍ വെട്ടുകത്തി ഉപയോഗിച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിവീഴ്ത്തിയ ശേഷം ജീപ്പും കൈവിലങ്ങുമായി രക്ഷപ്പെട്ടിരുന്നു. അടുത്ത ദിവസം നെയ്യാര്‍ ഡാം പോലീസ് സുധനെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. നെയ്യാര്‍ അണക്കെട്ടിന് മുന്‍ഭാഗത്ത് വച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ജയിലിലായ ഇരുവരും അടുത്തയിടെയാണ് പുറത്തിറങ്ങിയത്.

സുധന്റെ പേരില്‍ പൂജപ്പുര, നെയ്യാര്‍ഡാം, മലയിന്‍കീഴ്, കാട്ടാക്കട പൊലീസ് സ്‌റ്റേഷനുകളില്‍ പിടിച്ചുപറി, മോഷണം, ആക്രമണം, വ്യാജ മദ്യകടത്ത് ഉള്‍പ്പടെ എട്ട് കേസുകള്‍ നിലവിലുണ്ട്. എക്‌സൈസ് സംഘത്തെ ആക്രമിച്ചതിനെതിരെ മാറനല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം