കോവിഡ് 19 : കോഴിക്കോട് ജില്ലയില്‍ പുതുതായി 635 പേര്‍ കൂടി നിരീക്ഷണത്തില്‍

Loading...

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് (02.06.20) പുതുതായി വന്ന 635 പേര്‍ ഉള്‍പ്പെടെ ആകെ 7865 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ജില്ലയില്‍ ഇതുവരെ 31,374 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 30 പേര്‍ ഉള്‍പ്പെടെ 123 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 93 പേര്‍ മെഡിക്കല്‍ കോളേജിലും 30 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 14 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 219 പേര്‍ ഉള്‍പ്പെടെ ആകെ 2693 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 726 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 1931 പേര്‍ വീടുകളിലും 36 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 114 പേര്‍ ഗര്‍ഭിണികളാണ്.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 5 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 234 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.
1613 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 4867 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

കോഴിക്കോട് ജില്ലയില്‍ ഇന്ന് (02.06.20) അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും മംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കും അബുദാബിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കുറ്റ്യാടി സ്വദേശികളായ മൂന്ന് പേര്‍ (48 വയസ്സ് വീതമുള്ള രണ്ട് പേരും 23 വയസ്സുള്ള ഒരാളും), കൂരാച്ചുണ്ട് സ്വദേശി (24), നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് ഇന്ന് ഫലം പോസിറ്റീവായത്.

ആദ്യത്തെ രണ്ടു പേര്‍ (48 വയസ്സുള്ള കുറ്റ്യാടി സ്വദേശികള്‍) മെയ് 14 ന് ഇന്നോവ കാറില്‍ ചെന്നൈയില്‍ നിന്നു കുറ്റ്യാടിയിലെത്തി നിരീക്ഷണത്തിലായിരുന്നു.

കൂടെ വന്ന വ്യക്തി പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെയും സ്രവ പരിശോധന നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.

മൂന്നാമത്തെ വ്യക്തി (23 വയസ്സുള്ള കുറ്റ്യാടി സ്വദേശി) മെയ് 18 ന് ബൈക്കില്‍ മംഗളൂരുവില്‍ നിന്നു കുറ്റ്യാടിയിലെത്തി നിരീക്ഷണത്തിലായിരുന്നു.

രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലാണ്.

നാലാമത്തെ വ്യക്തി (24 വയസ്സുള്ള കൂരാച്ചുണ്ട് സ്വദേശി) മെയ് 21 ന് ചെന്നൈ കോടമ്പാക്കത്തുനിന്നും കൂരാച്ചുണ്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

മെയ് 29 ന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലാണ്.

അഞ്ചാമത്തെ വ്യക്തി (43 വയസുള്ള നരിപ്പറ്റ സ്വദേശി) മെയ് 28ന് അബുദാബി – കൊച്ചി വിമാന മാര്‍ഗ്ഗം നെടുമ്പാശ്ശേരിയിലെത്തുകയും സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും മെയ് 30 ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവാകുകയും ചെയ്തു. അഞ്ച് പേരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

ഇതോടെ കോവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 71 ആയി. 32 പേര്‍ രോഗമുക്തരാകുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ 38 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

ഇതില്‍ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 22 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസര്‍ഗോഡ് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കണ്ണൂര്‍ ജില്ലയിലെ 6 പോസിറ്റീവ് കേസുകള്‍ മിംസ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.

ഇന്ന് 200 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5394 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5290 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 5196 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 104 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വിതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

ഇതില്‍ ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിന് (77) കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 25,832 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,06,218 പേരും റെയില്‍വേ വഴി 10,318 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,43,989 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,010 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,670 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1340 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2421 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 71,068 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 67,249 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 15,101 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13,908 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം