അന്തിക്കാട് കാഞ്ഞാണിയിൽ നാലുകോടി രൂപയുടെ കഞ്ചാവു പിടികൂടി

തൃശൂർ : അന്തിക്കാട് കാഞ്ഞാണിയിൽ നാലുകോടി രൂപയുടെ കഞ്ചാവു പിടികൂടി. നാൽപത്തിരണ്ടര കിലോ കഞ്ചാവുമായി രണ്ട‌് എൻജിനിയറിങ‌് കോളേജ് വിദ്യാർഥികളെ അന്തിക്കാട‌് പൊലീസ് അറസ്റ്റ് ചെയ്തു.

മുറ്റിച്ചൂർ, അന്തിക്കാട്, -കാഞ്ഞാണി ഉൾപ്പെടെ തീരമേഖലകളിൽ കഞ്ചാവ് സംഘങ്ങൾ വിലസുന്ന വിവരത്തെത്തുടർന്ന‌് പൊലീസ് ഒരുക്കിയ വലയിലാണ് വിദ്യാർഥികൾ കുടുങ്ങിയത്. കാഞ്ഞാണി ബസ‌്സ്റ്റാൻഡ‌് പരിസരത്ത് വലിയ രണ്ട് ട്രോളി ബാഗിലായി കഞ്ചാവുമായി ഇടനിലക്കാരെ കാത്തു നിന്ന വിദ്യാർഥികളെ  പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.

ആഡംബരജീവിതത്തിന‌്  അധിക പണം കണ്ടെത്താൻ വേണ്ടിയാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു. ആലുവ കൊളങ്ങാട്ടുപറമ്പിൽ വീട്ടിൽ അഹമ്മദ് (21), പട്ടാമ്പി ‘ഹരിദിവ്യ’ത്തിൽ രോഹിത് (21) എന്നിവരെയാണ് അന്തിക്കാട് എസ്ഐ കെ എസ് സൂരജ് അറസ്റ്റ‌് ചെയ്തത്.

രണ്ടു പേരും കറുകുറ്റി എസ‌്സിഎംഎസ് എ‌ൻജിനിയറിങ‌് കോളേജ് വിദ്യാർഥികളാണ്.  ആന്ധ്രാപ്രദേശിൽനിന്നാണ് സംഘം കഞ്ചാവ് വരുത്തുന്നത്. ഇവർ പഠിക്കുന്ന എൻജിനിയറിങ‌് കോളേജിലെ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്നുണ്ട‌്.

രണ്ടു മാസം മുമ്പ് അരിമ്പൂരിൽനിന്ന് 500 ഗ്രാം ചരസും  പെരിങ്ങോട്ടുകരയിൽനിന്ന് കഞ്ചാവും പിടികൂടിയിരുന്നു . തുടർന്ന‌് അന്തിക്കാട് എസ്ഐ കെ എസ് സൂരജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ടാക്കി അന്വേഷണം നടത്തി വരികയായിരുന്നു.

സീനിയർ സപിഒ എം എസ് രാജേഷ്, സിപിഒമാരായ എം എൻ  ഷിഹാബ് ,  കെ ബി ഷറഫുദ്ദീൻ, പി വി കൃഷ്ണകുമാർ, സ‌്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ എസ്   റഷീദ് എന്നിവരാണ്  പൊലീസ‌്സംഘത്തിൽ ഉണ്ടായിരുന്നത്.

Loading...