രണ്ടാം വിവാഹം അടിപൊളിയായി ആഘോഷിച്ച് കൃതി ; അതേ വൈശാഖിന്റെ കൈ കൊണ്ട് മരണം – വൈറലായ ടിക്‌ടോക്ക് വീഡിയോ

Loading...

കൊല്ലം: ആദ്യവിവാഹം തകര്‍ന്നതിന്റെ വിഷമത്തിലായിരുന്ന കൃതിക്ക് താങ്ങായി എത്തിയ വൈശാഖ് തന്നെ അവളുടെ ജീവനെടുത്തതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

വൈശാഖിനെ വിശ്വസിക്കുകയും പ്രണയിക്കുകയും ചെയ്ത കൃതിയെ അയാള്‍ പണത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഓരോ മലയാളിയും കേട്ടത്.

അതേസമയം, നാടിനെ കണ്ണീരിലാഴ്ത്തി കൃതിയുടെയും വൈശാഖിന്റെയും വിവാഹ വീഡിയോ ഇപ്പോള്‍ ടിക് ടോക്കില്‍ പ്രചരിക്കുകയാണ്. കതിര്‍മണ്ഡപത്തില്‍ സന്തോഷവതിയായി കാണപ്പെട്ട കൃതിയുടെ വീഡിയോ കണ്ട് കണ്ണുനിറയ്ക്കുകയാണ് സോഷ്യല്‍മീഡിയ.

കൃതിയുടെ ആദ്യ വിവാഹം ഒരു വര്‍ഷത്തിനിപ്പുറം ഡൈവോഴ്‌സിലെത്തിയതോടെ കൈക്കുഞ്ഞുമായി കൃതി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. കൃതിയുടെ മകള്‍ക്ക് ഇപ്പോള്‍ മൂന്നു വയസാണ് പ്രായം.

 

മകള്‍ക്ക് നാലു മാസം പ്രായമുള്ളപ്പോഴാണ് കൃതിയും വൈശാഖും ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. പിന്നീട് ഈ അടുപ്പം പ്രണയത്തിനു വഴിമാറി. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് വൈശാഖുമെത്തിയിരുന്നു.

ഇരുവരും തമ്മിലുള്ള ബന്ധത്തിന് വൈശാഖിന്റെ വീട്ടുകാരില്‍ നിന്ന് എതിര്‍പ്പുണ്ടായതോടെ 2018 ല്‍ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഇവര്‍ വീണ്ടും വിവാഹിതരായി. വൈശാഖിന്റെ ആദ്യ വിവാഹമാണിത്.

എന്നാല്‍ വിവാഹശേഷം കൃതിയുടെ ജീവിതം വീണ്ടും ദുഷ്‌കരമായി. വൈശാഖിനാല്‍ കൊല്ലപ്പെടുമെന്ന ഭയം കൃതിക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. രണ്ടാം വിവാഹം തനിക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കൃതി അമ്മയോട് പറഞ്ഞിരുന്നു.

സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി കൃതി കത്തെഴുതിയും സൂചിപ്പിച്ചിരുന്നു. താന്‍ മരണപ്പെട്ടാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭര്‍ത്താവെന്ന നിലയില്‍ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.

വിവാഹശേഷം വൈശാഖ് വിദേശത്തേക്ക് പോയെങ്കിലും ഒന്നര മാസത്തിനുശേഷം തിരിച്ചെത്തി. പിന്നീട് കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുന്ന സ്ഥാപനം ആരംഭിച്ചു.

ഇതിനായി വായ്പയെടുക്കാന്‍ കൃതിയുടെ മാതാപിതാക്കളില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. വീണ്ടും പണമാവശ്യപ്പെട്ട് വീടിന്റെ ആധാരം ചോദിച്ചെങ്കിലും കൃതിയുടെ മാതാപിതാക്കള്‍ നല്‍കിയില്ല. തുടര്‍ന്ന് ദേഷ്യത്തിലായ വൈശാഖ് തിങ്കളാഴ്ച വൈകിട്ട് കൃതിയുടെ വീട്ടിലെത്തിയാണ് കൊല നടത്തിയത്.

വഴക്കിനിടയില്‍ താനാണ് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതെന്ന് പിന്നീട് വൈശാഖ് പോലീസിനു മൊഴി നല്‍കിയിരുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നുമാണ് വൈശാഖിന്റെ മൊഴി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം