സിനിമാതാര ചിത്രപ്പണികളുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് എട്ടിന്‍റെ പണി

Loading...

തിരുവനന്തപുരം: ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്കു പിന്നാലെ ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും നീക്കംചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ചിത്രങ്ങളും പോസ്റ്ററുകളും വാഹനത്തിന്‍റെ പുറം പെയിന്റിന്റെ ഭാഗമാണെന്ന വാദം കോടതി തള്ളിയതോടെയാണ്  ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് നടപടികള്‍ കര്‍ശനമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 31-നുള്ളില്‍ ഈ ചിത്രങ്ങള്‍ നീക്കംചെയ്യാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ നീക്കം.

സംസ്ഥാനത്ത് ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച 3668 ടൂറിസ്റ്റ് ബസുകള്‍ ഇതുവരെ പിടികൂടിയിരുന്നു. 2018 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ വരെ മാത്രം മോട്ടോര്‍ വാഹനവകുപ്പ്  നടത്തിയ പരിശോധനയുടെ കണക്കാണിത്.

Loading...