സിഡ്നി: ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ലക്ഷ്യം ആ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കാന്‍. ടെസ്റ്റ് പരമ്പരയില്‍ എട്ട് റണ്‍സ് കൂടി നേടിയാല്‍ വിരാട് കോഹ്ലി ഓസ്ട്രേലിയയില്‍ 1000 റണ്‍സ് തികയ്ക്കും. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാവും ഇതോടെ കോലി.
ഓസീസ് മണ്ണില്‍ 1809 റണ്‍സടിച്ചിട്ടുള്ള സച്ചിന് ടെന്‍ഡുല്‍ക്കറാണ് ഏറ്റവും കൂടുതല്‍ റണ്‍സിന് ഉടമ. വിവിഎസ് ലക്ഷ്മണ്(1236), രാഹുല്‍ ദ്രാവിഡ്(1143) എന്നിവരാണ് കോഹ്ലിയ്ക്ക് മുകളില്‍ പട്ടികയിലുള്ളത്.
ടെസ്റ്റ് പരമ്പരയില്‍ തന്നെ ലക്ഷ്മണെയും ദ്രാവിഡിനെയും പിന്തള്ളി സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരനാവാനും കോഹ്ലിക്ക് ഇത്തവണ അവസരമുണ്ട്. ഓസ്ട്രേലിയയില്‍ ഇതുവരെ കളിച്ച എട്ടു ടെസ്റ്റില്‍ നിന്നായി അഞ്ച് സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളുമടക്കം 62 റണ്‍സ് ശരാശരിയില്‍ 992 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
വ്യാഴാഴ്ച അഡ്ലെയ്ഡിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. പെര്‍ത്തില്‍ രണ്ടാം ടെസ്റ്റും മെല്‍ബണില്‍ മൂന്നാം ടെസ്റ്റും സിഡ്നിയില്‍ നാലാം ടെസ്റ്റും നടക്കും.