Categories
editorial

മുല്ലപ്പള്ളിക്കറിയുമോ , കണ്ണൂരുകാർക്ക് സുധാകരനാണ് പി സി സി പ്രസിഡണ്ട് ; ഇടത് കോട്ട പിടിച്ച പാരമ്പര്യമൊക്കെ ഫലിക്കുമെന്നു വിചാരിക്കരുത്

പ്രസിഡണ്ടിന് മുകളിലാണോ കീഴെയാണോ വർക്കിങ് പ്രസിഡന്റ് എന്ന സംശയം കണ്ണൂരിലെ കോൺഗ്രസ്സുകാരോട് ചോദിച്ചാൽ ആരെക്കാളും മീതെ കെ എസ് തന്നെയാണെന്ന ഉത്തരമവർ നൽകും

Spread the love

കണ്ണൂരിലെ കോൺഗ്രസ്സുകാർ കെ സുധാകരൻ എന്ന നേതാവിനെ സ്വയം വിശേഷിപ്പിക്കുന്നത് ‘കണ്ണൂരിന്റെ പടക്കുതിര’ എന്നാണ് . അതുകൊണ്ടാണ് കെപിസിസിയുടെ വർക്കിങ് പ്രസിഡന്റ് ആയി നിയമിതനായ സുധാകരന് കണ്ണൂരിൽ അവർ വലിയ സ്വീകരണമൊക്കെ നടത്തുന്നത്. ഇടത് കോട്ടയായ കണ്ണൂർ പാർലമെന്റ് മണ്ഡലത്തെ കോൺഗ്രസ്സിന്റെ കൈപ്പിടിയിലെത്തിച്ച , നിരവധി തവണ ആ വിജയം ആവർത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ പി സി സി പ്രസിഡന്റായെങ്കിലും കണ്ണൂരിലെ ആദ്യ സ്വീകരണം അദ്ദേഹത്തിനല്ല. അത് കെ എസ് എന്ന് അണികൾ ആവേശപൂർവം വിളിക്കുന്ന കെ സുധാകരനാണ്.

Image result for k sudhakaran

സുധാകരനെ പ്രസിഡന്റ് സ്ഥാനത്തെത്തിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു കണ്ണൂരിലെ കെ എസ് അനുകൂലികളായ കോൺഗ്രസ്സുകാർ. യൂത്ത് കോൺഗ്രസ്സ് ആണ് അതിനു ചുക്കാൻ പിടിച്ചത്. നവമാധ്യമങ്ങളിൽ സുധാകരന് വേണ്ടി വോട്ടെടുപ്പ് വരെ നടത്തി. വ്യക്തി മാഹാത്മ്യങ്ങൾ പാടിപ്പുകഴ്ത്തി. സിപിഎമ്മിനെതിരെ കട്ടയ്ക്ക് നിൽക്കാൻ കോൺഗ്രസ്സിൽ സുധാകരൻ മാത്രമേയുള്ളൂവെന്ന് പാണന്മാർ നാടുനീളെ പാടിനടന്നു. ഹൈക്കമാൻഡിന്റെ മനസ്സ് മാറ്റാനായിരുന്നു ഈ അഭ്യാസങ്ങളെല്ലാം. ഒടുവിലോ പണ്ടേ ശത്രുപ്പട്ടികയിൽ ചേർക്കപ്പെട്ട മുല്ലപ്പള്ളിയെ പ്രസിഡണ്ടായി ഹൈക്കമാൻഡ് നിയമിച്ചു. അണികളാൽ കുപ്പായമണിഞ്ഞ സുധാകരന് ലഭിച്ചത് വർക്കിങ് പ്രസിഡന്റ് എന്ന പദവി.

Image result for mullappally

പ്രസിഡണ്ടിന് മുകളിലാണോ കീഴെയാണോ വർക്കിങ് പ്രസിഡന്റ് എന്ന സംശയം കണ്ണൂരിലെ കോൺഗ്രസ്സുകാരോട് ചോദിച്ചാൽ ആരെക്കാളും മീതെ കെ എസ് തന്നെയാണെന്ന ഉത്തരമവർ നൽകും. അതിനാൽ കണ്ണൂരിനെ കൈപ്പിടിയിലൊതുക്കിയ പാരമ്പര്യവുമായി ഇനി വന്നാൽ മുല്ലപ്പള്ളിക്ക് അത്ര എളുപ്പമാവില്ല കാര്യങ്ങൾ എന്നർത്ഥം. വർക്കിങ് പ്രസിഡന്റ് ആയ സുധാകരന് വെറുമൊരു സ്വീകരണമല്ല കണ്ണൂരിൽ നടക്കാൻ പോകുന്നത്. അത് ഒരു ശക്തി പ്രകടനമാണ്. ലഭിച്ച പദവി ഉപയോഗിച്ച് കൊണ്ട് നന്നായി പ്രവർത്തിക്കുമെന്നും അതിനു യുവാക്കളായ കോൺഗ്രസ്സുകാരുടെ പിന്തുണ അഭ്യർത്ഥിച്ചതും വെറുതെയല്ല. സുധാകരനെ സംബന്ധിച്ചിടത്തോളം അതൊരു യുദ്ധപ്രഖ്യാപനം തന്നെയാണ്.

Image result for mullappally and sudhakaran

പ്രസിഡണ്ടിനെ നിശ്ചയിച്ചു കഴിഞ്ഞപ്പോൾ കണ്ണൂരിൽ ഏറ്റവുമധികം അഭിവാദ്യഫ്ളക്സുകൾ ഉയർന്നത് മുല്ലപ്പള്ളിക്കുവേണ്ടിയല്ല, കെ സുധാകരന് വേണ്ടിയാണ്. പ്രസിഡന്റ് ആകുമെന്ന് അവസാന നിമിഷം വരെയും പ്രതീക്ഷിച്ചയാളാണ് സുധാകരനും ഒപ്പമുള്ള അണികളും. പി രാമകൃഷ്ണനെപോലുള്ള അപൂർവം ചില നേതാക്കൾക്ക് ഇക്കാര്യത്തിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ സുധാകരൻ കണ്ണൂരിൽ അജയ്യനാണ്‌. അതുകൊണ്ടാണ് ഇപ്പോഴത്തെ ഡി സി സി പ്രസിഡന്റ് ആയ സതീശൻ പാച്ചേനിക്കുപോലും കളം മാറ്റിചവിട്ടേണ്ടി വന്നത്. സതീശന് പക്ഷെ മുല്ലപ്പള്ളിയോടും നല്ല ബന്ധമാണ്.

Image result for satheesan pacheni

സുധാകരൻ വർക്കിങ് പ്രസിഡന്റ് ആകുമ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആരാണ് സ്ഥാനാർത്ഥിയാവുക എന്ന സന്ദേഹം കോൺഗ്രസ്സിനകത്ത് പടർന്നുകഴിഞ്ഞു. ചിലർ അബ്ദുള്ളക്കുട്ടിയുടെ പേര് പറയുന്നു. ചിലർ മുൻ ഡിസിസി പ്രസിഡണ്ടും ഇപ്പോൾ ഐ എൻ ടി യു സി ദേശീയ സമിതി അംഗവുമായ കെ സുരേന്ദ്രന്റെ പേര് പറയുന്നു, വരുന്നതാരായാലും അത് സുധാകരാനുകൂടി താല്പര്യമുള്ള ആളാവണം എന്നേയുള്ളൂ. ഈ പറഞ്ഞ പേര്കാരെല്ലാം അങ്ങനെയാണുതാനും.

പ്രത്യേകിച്ചൊരു പ്രവർത്തനവുമില്ലാതെ സുധാകരൻ ഒതുങ്ങി നിന്ന നാളുകളിലാണ് മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുക്കൂർ വധം സംഭവിക്കുന്നത്. ടി പി വധത്തിനുശേഷം ഒരുപക്ഷെ സിപിഎമ്മിനെ വലിയ തോതിൽ പൊതുസമൂഹം കുറ്റപ്പെടുത്തിയ സംഭവം. സുധാകരന് അതൊരു വലിയ രാഷ്ട്രീയ ആയുധമായി. കണ്ണൂരിൽ നിരാഹാരം കിടന്നു. പാർട്ടിയെ മുഴുവൻ കണ്ണൂരിൽ കേന്ദ്രീകരിപ്പിക്കാനായി എന്നത് ചെറിയ കാര്യമല്ല. അണികൾ ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു, കണ്ണൂരിൽ സിപിഎമ്മിനെതിരെ പട നയിക്കാൻ ‘കെ എസ് ‘അല്ലാതെ മറ്റാരുമില്ല. ആർ എസ് എസ് നേതാക്കൾ സുധാകരനെ സന്ദർശിച്ചതൊക്കെ വിവാദമാക്കി പിടിച്ചുനിൽകാനാണ് സി പി എം അന്ന് ശ്രമിച്ചത്.

Image result for k sudhakaran

സുധാകരൻ ബിജെപിയിൽ പോകുമെന്ന നിലയിലുള്ള വലിയ പ്രചാരണം ഉയർത്തിക്കൊണ്ടുവന്നതും സി പി എമ്മാണ്. അമിത് ഷായുമായി ഇതുസംബന്ധിച്ചു കൂടിക്കാഴ്ച നടത്തി എന്നതുൾപ്പടെയുള്ള വാർത്തകൾ പുറത്തുവന്നു. ഒരുവേള കോൺഗ്രസ്സിനകത്തുപോലും സുധാകരൻ സംശയിക്കപ്പെട്ട നാളുകളായിരുന്നു അത്. പക്ഷെ അദ്ദേഹം ആ വാർത്തകളെ പൂർണമായി നിഷേധിച്ചു. പിന്നീട സിപിഎമ്മിനും അതിന്റെ പുറകെ പോകുന്നതിൽ വലിയ താല്പര്യമൊന്നും ഉണ്ടായില്ല എന്നതും യാഥാർഥ്യമാണ്.

Image result for k sudhakaran

പടക്കുതിര എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടെങ്കിലും കണ്ണൂരിൽ പി കെ ശ്രീമതിയോട് തോറ്റത്, കണ്ണൂർ നിയമസഭാ മണ്ഡലം കൈവിട്ടുപോയത് പാർട്ടിയേക്കാളേറെ ക്ഷീണമുണ്ടാക്കിയത് വ്യക്തിപ്രഭാവത്തിലൂന്നി പ്രവർത്തിക്കുന്ന സുധാകരനാണ്. ആ തിരിച്ചടികളിൽ നിന്നെല്ലാം അദ്ദേഹത്തിന് കരകയറണം. അതിനുള്ള വഴിയായിരുന്നു കെപിസിസി പ്രസിഡന്റ് എന്ന പദവി. പക്ഷെ അതും ലഭിച്ചില്ല , വർക്കിങ് പ്രസിഡന്റ് എങ്കിൽ അങ്ങനെ, സ്വന്തമായൊരു സാമ്രാജ്യവും എന്തും കേൾക്കുന്ന ഒരു കൂട്ടം പ്രജകളും , അതുവഴി പാർട്ടിയിലെ സ്വാധീനമുറപ്പിക്കലും – സുധാകരന്റെ ലക്ഷ്യമതാണ്. സിപിഎമ്മിനെതിരായ പോരാട്ടം എന്നത് അതിനുള്ള ചേരുവയാണ്. സ്വന്തം പാർട്ടിക്കുള്ളിലും പുറത്തും പോരാട്ടം തന്നെയാണ് സുധാകരന്, കണ്ണൂരിലെ ശക്തിപ്രകടനം അതിന്റെ പ്രഖ്യാപനവുമാവും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS