മധുരരാജക്കൊപ്പം മത്സരിച്ച ഒരു യമണ്ടന്‍ പ്രേമകഥയുടെ കളക്ഷന്‍ എങ്ങനെ ? അച്ഛനോ മകനോ ആരാണ് കേമൻ ?

Loading...

ഏറെ നാളുകളായി ദുല്‍ഖര്‍ സല്‍മാന് വേണ്ടി കാത്തിരിക്കുകയായിരുന്നു മലയാളികള്‍. അന്യ ഭാഷ ചിത്രങ്ങളിലേക്ക് കൂടി അരങ്ങേറ്റം നടത്തിയതോടെ ദുല്‍ഖറിന്റേതായി മലയാളത്തില്‍ സിനിമകളൊന്നുമെത്തിയില്ല. ഒടുവില്‍ ഒന്നര വര്‍ഷത്തിനടുത്തുള്ള ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്കും എന്‍ട്രി നടത്തി. ഏപ്രില്‍ അവസാനം തിയറ്ററുകളിലേക്ക് എത്തിയ ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ സിനിമ.

റിലീസിന് മുന്‍പ് തന്നെ ചിത്രമൊരു കളര്‍ഫുള്‍ എന്റര്‍ടെയിന്‍മെന്റാണെന്നുള്ള സൂചന നല്‍കി കൊണ്ടാണ് ഒരു യമണ്ടന്‍ പ്രേമകഥ എത്തിയത്. അതേ മാസം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം മധുരരാജ തിയറ്ററുകളിലും ബോക്‌സോഫീസിലും തരംഗമാവുന്നതിനൊപ്പമാണ് ദുല്‍ഖറിന്റെ സിനിമയുമെത്തിയത്. എന്നിരുന്നാലും ഒരു യമണ്ടന്‍ പ്രേമകഥ ബോക്‌സോഫീസില്‍ മോശമില്ലാത്ത തുക സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി കണക്ക് വിവരങ്ങള്‍ വന്നിട്ടില്ലെങ്കിലും ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ വന്നിരിക്കുകയാണ്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയും മലയാളത്തിലെ മുന്‍നിര കോമഡി താരങ്ങളെ അണിനിരത്തിയും നവാഗതനായ ബിസി നൗഫലിന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഏറെ കാലത്തിന് ശേഷമുള്ള ദുല്‍ഖറിന്റെ മലയാളത്തിലേക്കുള്ള എന്‍ട്രിയാണെന്നുള്ളതിനാല്‍ ചിത്രത്തിന് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ കോമഡി എന്റര്‍ടെയിനറുകള്‍ക്ക് തിരക്കഥ ഒരുക്കിയ വിഷ്ണു ഉണ്ണി കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിലാണ് ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് തിരക്കഥ ഒരുങ്ങിയത്.

പ്രേക്ഷകര്‍ക്ക് ചുമ്മാ വന്ന് ചിരിച്ച് പോവനുള്ള അവസരമൊരുക്കിയാണ് ഒരു യമണ്ടന്‍ പ്രേമകഥ ഒരുക്കിയിരുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ക്ക് പകരം ഒരു ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിച്ചത്. ദുല്‍ഖര്‍ നായകനാവുമ്പോള്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, അശോകന്‍, ഗ്രിഗറി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിങ്ങനെയുള്ള അഭിനേതക്കാളും ചിത്രത്തിലുണ്ടായിരുന്നു. നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് നായികമാര്‍.

സംവിധായകനോ നിര്‍മാതാവോ അടക്കം മറ്റൊരു അണിയറ പ്രവര്‍ത്തകരും സിനിമയുടെ കലക്ഷന്‍ സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം 17 കോടിയ്ക്ക് അടുത്ത് ലഭിച്ചിട്ടുണ്ടെന്നാണ് പുതിയ കണക്ക് വിവരം. വിദേശ സെന്ററുകളില്‍ നിന്നും 6.5 കോടിയ്ക്ക് അടുത്തുമാണ് കളക്ഷന്‍. മറ്റ് ഇന്ത്യന്‍ സെന്ററുകളിലെ കണക്കുകളെല്ലാം കൂട്ടുമ്പോള്‍ 25 കോടിയ്ക്ക് അടുത്ത് എത്തുമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യമണ്ടന്‍ പ്രേമകഥ എത്തുന്നതിന് തൊട്ട് മുന്‍പാണ് മമ്മൂട്ടിയുടെ മധുരരാജ റിലീസ് ചെയ്യുന്നത്. രണ്ട് സിനിമകളും ഒരേ ദിവസമായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. മധുരരാജ പ്രതീക്ഷിച്ചതിലും വലിയ നേട്ടമായിരുന്നു ബോക്‌സോഫീസില്‍ നേടിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി കളക്ഷന്‍ നേടിയതും മധുരരാജയിലൂടെയായിരുന്നു. ജൂണില്‍ റിലീസിനെത്തിയ ഉണ്ടയാണ് ഇപ്പോള്‍ തിയറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം നടത്തുന്നത്. ഉണ്ട ബോക്‌സോഫീസില്‍ ഇതിനകം 25 കോടിയോളം നേടിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം