അപകടം പതിയിരിക്കുനത് നിങ്ങളുടെ കയ്യില്‍ തന്നെ …!

Loading...

ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണുകളിലെ സെല്‍ഫി ക്യാമറ ഉപയോഗിച്ച്‌ ഹാക്കര്‍മാര്‍ക്ക് നിങ്ങളെ നിരീക്ഷിക്കാമെന്ന് കണ്ടെത്തല്‍. ഗൂഗിള്‍, സാംസങ് അടക്കമുള്ള ബ്രാന്റുകളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളിലുള്ള ക്യാമറ ആപ്ലിക്കേഷനുകളില്‍ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് ചെക്ക്മാര്‍ക്‌സ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകരായ ഇറെസ് യാലോനും പെഡ്രോ ഉമ്ബെലിനോയുടെയും കണ്ടെത്തല്‍.

കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്നതാണ് ഈ പ്രശ്‌നം. കണ്ടെത്തലിനെ തുടര്‍ന്ന് ഗൂഗിളും സാംസങും സെക്യൂരിറ്റി പാച്ച്‌ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സ്‌എല്‍, പിക്‌സല്‍ 3 ഫോണുകളിലെ ഗൂഗിള്‍ ക്യാമറ ആപ്ലിക്കേഷനില്‍ നടത്തിയ പരിശോധനയില്‍ ഒന്നിലധികം സുരക്ഷാ പഴുതുകളാണ് കണ്ടെത്തിയത്. അതിന് ശേഷം സാംസങിന്റേതുള്‍പ്പടെയുള്ള ഫോണുകളിലെ ക്യാമറാ ആപ്പുകള്‍ പരിശോധിച്ചപ്പോഴും ഇതേ പ്രശ്‌നങ്ങള്‍ കണ്ടെത്തി.

ഇതുവഴി ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഫോണിലെ വീഡിയോകള്‍ ചിത്രങ്ങള്‍ എന്നിവയിലേക്ക് പ്രവേശനം ലഭിക്കും. ചിത്രങ്ങളുടെ മെറ്റാഡാറ്റ ഉപയോഗിച്ച്‌ ഉപയോക്താവിന്റെ ലൊക്കേഷനും കണ്ടെത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.

ഫോണിലെ സ്റ്റോറേജ് പെര്‍മിഷന്‍ സംവിധാനത്തിന്റെ പരിമിതി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ആപ്ലിക്കേഷന് സ്റ്റോറേജ് പെര്‍മിഷന്‍ നല്‍കിയാല്‍ ആ ആപ്ലിക്കേഷന്‍ സ്റ്റോറേജിലെ മുഴുവന്‍ ഡേറ്റയിലേക്കും പ്രവേശനം ലഭിക്കുന്നുണ്ട്.

എന്നാല്‍ സ്‌റ്റോറേജിലേക്ക് അനുവാദം ചോദിക്കുന്ന സദുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി ആപ്ലിക്കേഷനുകളുമുണ്ട്. അതേസമയം ചതിയന്മാരായ ആപ്ലിക്കേഷനുകള്‍ ഫോണിലുണ്ടെങ്കില്‍ നിങ്ങളുടെ സ്റ്റോറേജില്‍ അനാവശ്യമായി കയറാനും വിവരങ്ങള്‍ തിരയാനും അവ വേണ്ടിവന്നാല്‍ മോഷ്ടിക്കാനും ശ്രമിച്ചേക്കാം. ക്യാമറാ ആപ്പില്‍ ലൊക്കേഷന്‍ അനുവദിച്ചാല്‍ ആ വിവരവും ഹാക്കര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും.

ആപ്ലിക്കേഷനുകള്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്യുകയാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാനുള്ള പ്രാഥമികമായ വഴി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം