‘നിയമം കയ്യിലെടുക്കാന്‍ മടിക്കില്ല’ ; നസീര്‍ വധശ്രമക്കേസില്‍ പൊലീസിന് അന്ത്യശാസനവുമായി കെ സുധാകരന്‍

Loading...

കണ്ണൂര്‍ : സിപിഎം വിമതന്‍ സിഒടി നസീര്‍ വധശ്രമക്കേസില്‍ പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെ സുധാകരന്‍ എംപി. നസീറിനെതിരായ ആക്രമണത്തില്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍, നിയമം കയ്യിലെടുക്കാന്‍ മടിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. നസീര്‍ ആക്രമണക്കേസില്‍ പൊലീസിന് അന്ത്യശാസനം നല്‍കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

സിഒടി നസീര്‍ വധശ്രമക്കേസില്‍ ആരോപണവിധേയനായ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി നടത്തുന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. കോണ്‍ഗ്രസിന് ഒരു നീതി, സിപിഎമ്മിന് മറ്റൊരു നീതി എന്നതാണ് ഇപ്പോഴത്തെ സമീപനം. പൊലീസ് സിപിഎമ്മിന്റെ ഏറാന്‍ മൂളികളാകുന്നു. ഈ നിലയിലാണ് പൊലീസിന്റെ സമീപനമെങ്കില്‍ നിയമം കയ്യിലെടുക്കാനും മടിക്കില്ല.

നസീറിനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വീഡിയോ പുറത്തുവന്നിട്ടും പ്രതികലെ മുഴുവന്‍ പിടികൂടിയിട്ടില്ല. ആരാണോ ആക്രമണത്തിന് നിര്‍ദേശം നല്‍കിയത് അവരിലേക്ക് അന്വേഷണം നീണ്ടിട്ടില്ല. സിപിഎമ്മും പൊലീസും ഈ സമരം അവസാനത്തേതാണെന്ന് കരുതേണ്ട. നിയമം നടപ്പാക്കുന്നില്ലെങ്കില്‍, നിയമം പിടിച്ചെടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തയ്യാറാകേണ്ടി വരും. നിയമം കയ്യിലെടുക്കേണ്ടി വന്നാല്‍ അതിനും കോണ്‍ഗ്രസ് മടിക്കില്ലെന്ന് പൊലീസുകാര്‍ക്ക് അന്ത്യശാസനം നല്‍കുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് ഉപവാസ സമരം നടത്തുന്നത്. വടകരയിലെ നിയുക്ത എംപി കെ മുരളീധരനാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. ഷംസീറിനെതിരെ മൊഴിയുണ്ടായിട്ടും പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. നിയമസഭയില്‍ ആരോപണം ഉയര്‍ന്നിട്ടും ഷംസീര്‍ വ്യക്തിപരമായി വിശദീകരണം നല്‍കാത്തത് സംശയം വര്‍ധിപ്പിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം