ഭീമ കൊറേഗാവ് കേസിൽ തെലുങ്ക് കവി വരവര റാവുവിന് ഇടക്കാല ജാമ്യം. മോശം ആരോഗ്യാവസ്ഥ പരിഗണിച്ച് ആറ് മാസത്തേക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയില്ലെങ്കിൽ ഭരണഘടന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാകുമെന്ന് കോടതി നിരീക്ഷിച്ചു.

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി രണ്ടര വർഷത്തിന് ശേഷമാണ് തെലുങ്ക് കവി വരവര റാവുവിന് ജാമ്യം ലഭിക്കുന്നത്. എൺപത് വയസ് പിന്നിട്ട വരവര റാവു, നിലവിൽ മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ തലോജ ജയിലിലേക്ക് തിരികെ അയക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, മനീഷ് പട്ടേൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ആരോഗ്യത്തിനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന് കീഴിൽ വരുന്നതാണെന്ന്, ആറ് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചുക്കൊണ്ട് കോടതി കൂട്ടിച്ചേർത്തു.
ആശുപത്രി വിട്ടാലും വരവരറാവു, മുംബൈ എൻ.ഐ.എ കോടതിയുടെ അധികാരപരിധിയിൽ തുടരണം. ആറ് മാസത്തിന് ശേഷം ഇടക്കാല ജാമ്യം നീട്ടാൻ അപേക്ഷ നൽകണം. അരലക്ഷം രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കണമെന്നും, വിചാരണയ്ക്കായി എൻ.ഐ.എ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.
2018 ഓഗസ്റ്റിലാണ് വരവര റാവു അറസ്റ്റിലാകുന്നത്. 2017 ഡിസംബർ 31ന് പുനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് വരവര റാവുവിനെതിരെയുള്ള കേസ്.
News from our Regional Network
RELATED NEWS
English summary: Telugu poet Varavara Rao granted interim bail in Bhima Koregaon case The Bombay High Court has granted bail for six months due to ill health.