കൊലപാതകം അന്വേഷിക്കുന്നതുകൊണ്ടാണ് തന്‍റെ സഹോദരനെ കൊലപ്പെടുത്തിയതെന്ന ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ സഹോദരി.

 

 

മുഹമ്മദ് അഖ്ലാഖിന്‍റെ  കൊലപാതകം അന്വേഷിക്കുന്നതുകൊണ്ടാണ് തന്‍റെ  സഹോദരനെ കൊലപ്പെടുത്തിയതെന്ന ഗുരുതര ആരോപണവുമായി  കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ സഹോദരി.

ദാദ്രിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വകവരുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകം അന്വേഷിക്കുന്നതുകൊണ്ടാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയതെന്ന ഗുരുതര ആരോപണവുമായി ബുലന്ദ്ഷറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധിന്റെ സഹോദരി.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സുബോധ് കുമാര്‍ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിച്ചു. ബീഫ് കൈവശംവെച്ചെന്നാരോപിച്ചാണ് സംഘപരിവാര്‍ അനുകൂലികള്‍ അഖലാഖിനെ അടിച്ചുകൊന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തി അധികം വൈകാതെ നടന്ന കൊലപാതകം രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
‘ എന്റെ സഹോദരന്‍ അഖ്ലാഖ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അക്കാരണം കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇത് പൊലീസിന്റെ ഗൂഢാലോചനയാണ്. അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും സ്മാരകം നിര്‍മ്മിക്കുകയും വേണം. ഞങ്ങള്‍ക്ക് പണം വേണ്ട. മുഖ്യമന്ത്രി പശു, പശു പശു എന്ന് പറഞ്ഞുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.’ സുബോധിന്റെ സഹോദരി പറഞ്ഞു.

അഖ്ലാഖ് കേസ് അന്വേഷിച്ചത് സുബോധാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ലാബിലേക്ക് അഖ്ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ചതും ഈ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് പരിശോധനയില്‍ പശുവിറച്ചി അല്ലെന്നും തെളിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സുബോധ് കുമാറിനെ കേസിന്റെ പാതിവഴിയില്‍ വെച്ച് വാരാണസിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം സുബോധ് കുമാര്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കല്ലേറിനിടെയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. സുബോധിന്റെ ഇടത് പുരികത്തിന് സമീപം വെടിയേറ്റിട്ടുണ്ടെന്നും വെടിയുണ്ട തലയോട്ടിയ്ക്ക് മാരകമായ ക്ഷതമേല്‍പ്പിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

ദേശീയ തലത്തില്‍ ചര്‍ച്ചയായ ദാദ്രി സംഭവത്തില്‍ 18 പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. 2015 സെപ്തംബര്‍ 28നാണ് ഗൗതംബുദ്ധ് നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് (52) എന്നയാളെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

അഖ്ലാഖിന്റെ മകന്‍ ഡാനിഷിനെയും സംഘം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അഖ്ലാഖിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു സുബോധ് കുമാര്‍ അന്വേഷിച്ചപ്പോള്‍ ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. ഇതിന് പിന്നാലെയാണ് സുബോധിനെ സ്ഥലം മാറ്റുന്നത്. പിന്നീട് വന്ന ഉദ്യോഗസ്ഥന്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഗോവധമാരോപിച്ച് യു.പിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

വനത്തിനുസമീപമുള്ള ഗ്രാമത്തില്‍ 25 ഓളം കന്നുകാലികളുടെ ശവശരീരം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം