24 വർഷത്തെ നിയമയുദ്ധം: ലാവലിന്‍കേസ് നാള്‍വഴികള്‍

Loading...

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാന്‍ സാധ്യത .

പിണറായിക്കെതിരെ കടുത്ത ആരോപണവുമായെത്തിയ ലാവലിന്‍ കരാറിനു തുടക്കമിട്ടത് ജി കാര്‍ത്തികേയന്റെ കാലത്ത്;
വിഎസിന്റെ ഇടപെടലോടെ ദേശീയം രാഷ്ട്രീയം പോലും ശ്രദ്ധിച്ച കേസായി; തെരഞ്ഞെടുപ്പു വേളയിലെ യുഡിഎഫിന്റെ സ്ഥിരം ആയുധം:
ഒടുവില്‍ പിണറായിയെ തെരഞ്ഞു പിടിച്ച്‌ സിബിഐ കുറ്റക്കാരനാക്കിയെന്ന് പറഞ്ഞ് ഹൈകോടതി കേസ് തള്ളി:

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനേ അല്ലെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കു റ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും, കേസില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതി പരിഗണിക്കുക. കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്ര്സ് നേതാവ് വി.എം സുധീരന്‍ നല്‍കിയ അപേക്ഷയും ലിസറ്റ് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും
സി.ബി.ഐ വാദിക്കുന്നു.
കുറ്റപത്രത്തില്‍ നിന്ന് പിണറായി അടക്കമുള്ള പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണ്. വിധി റദ്ദുചെയ്യണമെന്നും സി.ബി.ഐയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്‍.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ആവശ്യത്തില്‍ സി.ബി.ഐയുടെ മറുപടി കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടിയന്തിരമായി വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.


1995 മുതൽ 2017 വരെ; ലാവ്‍ലിൻ കേസ് നാൾവഴി ഇങ്ങനെ.

 

1995 ഓഗസ്റ്റ് പത്ത് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനു കണ്‍സല്‍ട്ടന്റായി വൈദ്യുതി ബോര്‍ഡ് കാനഡയിലെ എസ്എന്‍സി ലാവ്‌ലിനുമായി ധാരണാപത്രം ഒപ്പിട്ടു.

1996 ഫെബ്രുവരി 24 എസ്എന്‍സി ലാവ്‌ലിനുമായുള്ള ധാരണാരപത്രം കണ്‍സള്‍ട്ടന്‍സി കരാറാക്കി മാറ്റി. സാങ്കേതികസഹായത്തിനും പദ്ധതിയുടെ നിര്‍മാണ മേല്‍നോട്ടത്തിനും ധനസഹായം ലഭ്യമാക്കാനും ലാവ്‌ലിനുമായി ബോര്‍ഡ് കരാര്‍ ഒപ്പിട്ടു. മൂന്നു വര്‍ഷത്തിനകം പുനരുദ്ധാരണം പൂര്‍ത്തിയാക്കണമെന്നു വ്യവസ്ഥ. കണ്‍സല്‍ട്ടന്‍സി ഫീസ് 20.31 കോടി രൂപ.

1996 ഒക്‌ടോബര്‍ 15 വൈദ്യുതിമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതലസംഘം കാനഡയില്‍ ലാവ്‌ലിനുമായി ചര്‍ച്ച നടത്തുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിനു കൂടി സഹായം ആവശ്യപ്പെട്ടു. കണ്‍സല്‍ട്ടന്‍സി കരാര്‍, ഉപകരണങ്ങള്‍ വാങ്ങാനുള്ള സപ്ലൈ കരാറാക്കി. 20.31 കോടിയുടെ കണ്‍സല്‍ട്ടന്‍സി ഫീസിനു പുറമെ 149.15 കോടിയുടെ ഉപകരണം വാങ്ങാനും ധാരണയോടെ

1997ല്‍ അന്തിമ കരാര്‍. ലാവ്‌ലിനേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ പദ്ധതികള്‍ നവീകരിക്കാമെന്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ശുപാര്‍ശ തള്ളി.

1997 ഫെബ്രുവരി പത്ത് ന്മ മൂന്നു പദ്ധതികള്‍ക്കായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ലാവ്!ലിന്‍ കമ്പനിയും സംസ്ഥാന വൈദ്യുതി ബോര്‍ഡും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. മലബാര്‍ കാന്‍സര്‍ സെന്റിനു 98.30 കോടി രൂപ സഹായ വാഗ്ദാനവും ലാവ്!ലിന്‍ നടത്തി.

1997 ജനുവരി 25 ന് 130 കോടിയുടെ വിദേശധനസഹായത്തോടെ ലാവ്!ലിനുമായുള്ള അന്തിമ കരാറിനു കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ അംഗീകാരം.

1998 മാര്‍ച്ച് മൂന്ന്ന് മന്ത്രിസഭായോഗം കരാര്‍ അംഗീകരിച്ചു. മലബാര്‍ കാന്‍സര്‍ ആശുപത്രിക്ക് 98.30 കോടി രൂപ ലാവ്‌ലിന്‍ നല്‍കുമെന്നാണു കരാര്‍. എന്നാല്‍ കാന്‍സര്‍ സെന്ററിനു ലഭിച്ചത് 8.98 കോടി രൂപ മാത്രം.2005 ജൂലൈ 13 ന് നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ലാവ്‌ലിന്‍ കരാറിലെ അനാവശ്യ തിടുക്കവും ഒത്തുകളിയും മൂലം 374.5 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി നവീകരണത്തില്‍ സര്‍ക്കാരിനു വന്‍നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍.

2006 ജനുവരി 20 ന് എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടില്‍ ക്രമക്കേടു നടന്നെന്നും ഇതെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും കോട്ടയം വിജിലന്‍സ് എസ്പി എ.ആര്‍.പ്രതാപന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. പിണറായി വിജയന്‍ അടക്കം നാലു മുന്‍ വൈദ്യുതി മന്ത്രിമാരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം റിപ്പോര്‍ട്ടിനു രൂപം നല്‍കിയത്.

2006 ഫെബ്രുവരി 06 ന് എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടിനെക്കുറിച്ചുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തല്‍ അടങ്ങുന്ന സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു സ്പീക്കര്‍ക്കു ലഭിച്ചു.

2006 ഫെബ്രുവരി 08 ന്മ എസ്എന്‍സി ലാവ്‌ലിന്‍ കരാറിനെക്കുറിച്ചു സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

2006 ഫെബ്രുവരി 13 ന് എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ലാവ്‌ലിന്‍ വൈസ് പ്രസിഡന്റും വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഒന്‍പതു പേരെ പ്രതികളാക്കി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.

2006 ഫെബ്രുവരി 14ന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്കു 98 കോടി രൂപയുടെ ഗ്രാന്റിനായി ധാരണാപത്രം ഒപ്പിട്ടശേഷം സര്‍ക്കാര്‍ കരാര്‍ ഒപ്പിടാത്തതു ഗുരുതര വീഴ്ചയാണെന്നു വിജിലന്‍സ് കണ്ടെത്തി.

2006 ഫെബ്രുവരി 25 ന് മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയുമായി ബന്ധപ്പെട്ട ഇടപാടില്‍ 98 കോടി രൂപ കിട്ടിയിട്ടില്ലെന്നു സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരിക്കേ, ആശുപത്രിക്ക് ഇനി ഒരു പൈസ പോലും കൊടുക്കാന്‍ ബാക്കിയില്ലെന്നു കനേഡിയന്‍ ഹൈക്കമ്മിഷന്‍ വ്യക്തമാക്കി.

2006 ഫെബ്രുവരി 28ന് എല്‍ഡിഎഫ് ഭരണകാലത്തെ എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടില്‍ കെഎസ്ഇബിയുടെ മൂന്നു മുന്‍ചെയര്‍മാന്മാരും കനേഡിയന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റും ഉള്‍പ്പെടെ എട്ടുപേരെ പ്രതി ചേര്‍ത്തു വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്(എഫ്‌ഐആര്‍) സമര്‍പ്പിച്ചു. പ്രതികള്‍: എസ്എന്‍സി ലാവ്‌ലിന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രന്‍ഡല്‍, മുന്‍ ഊര്‍ജ സെക്രട്ടറി മോഹന ചന്ദ്രന്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍മാരായിരുന്ന പി.എ. സിദ്ധാര്‍ഥ മേനോന്‍, ആര്‍.ശിവദാസന്‍, ബോര്‍ഡ് അംഗങ്ങളായിരുന്ന രാജശേഖരന്‍ നായര്‍, മാത്യു റോയി, രണ്ടു മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍.

2006 മാര്‍ച്ച് ഒന്ന് ന് ലാവ്‌ലിന്‍ കേസിന്റെ അന്വേഷണം സിബിഐക്കു വിടാന്‍ മന്ത്രിസഭായോഗം(ഉമ്മന്‍ ചാണ്ടി) തീരുമാനിച്ചു.

2006 മാര്‍ച്ച് രണ്ട്ന് സര്‍ക്കാരുമായി ആലോചിക്കാതെ ലാവ്!ലിന്‍ കേസില്‍ കോടതിയ്ല്‍ എഫ്‌ഐആര്‍ നല്‍കിയ വിജിലന്‍സ് ഡയറക്ടര്‍ പി.ഉപേന്ദ്രവര്‍മയെ മാറ്റി.

2006 മാര്‍ച്ച 10ന് മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയനുമായി ബന്ധപ്പെടുന്ന സുപ്രധാന ഫയല്‍ അപ്രത്യക്ഷമായതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കേസ് അന്വേഷിച്ച എസ്.പി. നീണ്ട അവധിയില്‍ പോകുന്നു.2006 ജൂലൈ 14 ന് എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു സിബിഐയുടെ പ്രാഥമിക സാധ്യതാ പഠനത്തില്‍ കണ്ടെത്തി.

2006 നവംബര്‍ 16ന് എസ്എന്‍സി ലാവ്‌ലിന്‍ കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ജൂലൈ 18 ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നതാണെന്നും സിബിഐ. വ്യക്തമാക്കി.

2006 ഡിസംബര്‍ 04ന് എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നു സംസ്ഥാനമന്ത്രിസഭായോഗം(വിഎസ് മന്ത്രിസഭ) തീരുമാനിച്ചു.

2007 ജനുവരി 02 ന്മ എസ്എന്‍സി ലാവ്‌ലിന്‍ അടക്കം ആര്‍ക്കും കരാര്‍ നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നു സിപിഎം നേതാവ് ഇ. ബാലാനന്ദന്‍.

2007 ജനുവരി 03 ന് എസ്എന്‍സി ലാവ്‌ലിന്‍ കരാര്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി.

2007 ജനുവരി 16 ന് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സിബിഐ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

2008 ജനുവരി ഒന്ന്ന് പിണറായി വിജയനെതിരെ ഉന്നയിക്കപ്പെട്ട ഗുരുതര സാമ്പത്തിക ക്രമക്കേടുകളില്‍ പലതിലും പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തല്‍.

2008 ജൂലൈ 28ന് പിണറായി വിജയനെ കമല ഇന്റര്‍നാഷനല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സുമായി ബന്ധപ്പെടുത്തി ഉന്നയിക്കപ്പെട്ട ക്രമക്കേടാരോപണത്തില്‍ കഴമ്പില്ലെന്ന് ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തല്‍.

2008 സെപ്റ്റംബര്‍ 18 ന് എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

2008 സെപ്റ്റംബര്‍ 22 ന്മ എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിയാരോപണത്തിന്റെ കേസന്വേഷണ ഡയറി സിബിഐ ഹൈക്കോടതിക്കു കൈമാറി.

2008 സെപ്റ്റംബര്‍ 23 ന് എസ്എന്‍സി ലാവ്‌ലിന്‍ കേസന്വേഷണം നാലു മാസത്തിനകം പൂര്‍ത്തിയാക്കി, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് അന്വേഷണത്തില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്നു കോടതി വിലയിരുത്തി.

2008 സെപ്റ്റംബര്‍ 24ന് എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പങ്കിനു കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ െ്രെകം പത്രാധിപര്‍ നന്ദകുമാറിനോടു സിബിഐ ആവശ്യപ്പെട്ടു.1997ല്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ നടത്തിയ കാനഡ യാത്രയുടെയും ലാവ്‌ലിന്‍ പ്രതിനിധികളുമായി നേരിട്ടു നടത്തിയ ചര്‍ച്ചയുടെയും വിവരങ്ങള്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു തെളിവായി ‘മുഖ്യമന്ത്രി, മാര്‍പാപ്പ, ഭഗവദ്ഗീത’ എന്ന പേരില്‍ സംസ്ഥാന പിആര്‍ഡി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കോപ്പിയും നല്‍കി.

2009 ജനുവരി 23ന് മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയനെ ഉള്‍പ്പെടുത്തി ല്വ്!ലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പിണറായി വിജയനും വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നു കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കുറ്റകരമായ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്നു കണ്ടെത്തിയതായി സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിക്കു കരാര്‍ നല്‍കാന്‍ ഇവര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ചും നടപടിക്രമങ്ങള്‍ അവഗണിച്ചും നല്‍കിയ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിന് 390 കോടി രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്ന കേസില്‍ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണു പ്രതികളുടെ മേല്‍ ചുമത്തിയിട്ടുള്ളത്. കരാറിലെ പഴുതുകള്‍ മൂലം തലശേരിയിലെ മലബാര്‍ കാന്‍സര്‍ സൊസൈറ്റിക്കു ലാവ്‌ലിന്‍ കമ്പനി വാഗ്ദാനം ചെയ്ത സാമ്പത്തികസഹായം നഷ്ടമായി.

വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ അക്കൗണ്ട്‌സ് മെംബര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ മെംബര്‍ മാത്യു റോയി, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍, ഇലക്ട്രിക്കല്‍ മെംബറായിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍, എസ്എന്‍സി ലാവ്‌ലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രെന്‍ഡല്‍, പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി എന്നിവരാണ് ലാവ്!ലിന്‍ കേസിലെ പ്രതികള്‍.

2009 ജനുവരി 23 ന് എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍(ആര്‍.എസ്.ഗവായി) അനുമതി നല്‍കി.

2009 ജൂണ്‍ 11 ന് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിണറായി വിജയന്‍ ഏഴാം പ്രതി. നേരത്തേ ഒന്‍പതാം പ്രതിയായിരുന്നു വിജയന്‍. അഴിമതിക്കു കാരണമായ ഗൂഢാലോചനയില്‍ വിജയന്റെ പങ്ക് അതീവ ഗുരുതരമെന്നു സിബിഐ കണ്ടെത്തി. ലാവ്‌ലിന്‍ കമ്പനിയാണു കുറ്റപത്രത്തില്‍ ഒന്‍പതാം പ്രതി.
വൈദ്യുതിവകുപ്പു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ അക്കൗണ്ട്‌സ് മെംബര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍, എസ്എന്‍സി ലാവ്‌ലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രെന്‍ഡല്‍, മുന്‍മന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി എന്നിവരാണു യഥാക്രമം ഒന്നു മുതല്‍ ഒന്‍പതു വരെ പ്രതികള്‍.

2009 ഓഗസ്റ്റ് 10 ന് ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ ആര്‍.എസ്.ഗവായിയുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി.
2013 ജൂലൈ 17 ന് എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസിലെ കുറ്റപത്രം സിബിഐ കോടതി വിഭജിച്ചു. ഏഴാം പ്രതി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണിത്. കേസില്‍ പ്രതികളായ ലാവ്‌ലിന്‍ കമ്പനിയുടെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനെയും ലാവ്‌ലിന്‍ കമ്പനിയെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണു കുറ്റപത്രം വിഭജിച്ചത്.

2013 നവംബര്‍ അഞ്ച് ന്മ ഏറെ വിവാദമുയര്‍ത്തിയ എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പിണറായി അടക്കമുള്ളവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അംഗീകരിച്ച കോടതി, മറ്റ് ആറു പ്രതികളെയും കേസില്‍ നിന്ന് ഒഴിവാക്കി.
2013 നവംബര്‍ ആറ്ന് എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി ഉത്തരവു ചോദ്യം ചെയ്തു െ്രെകം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

2014 ഫെബ്രുവരി ആറ്ന് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നു നാലാം ജഡ്ജിയായ ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണനും പിന്മാറിയതിനെ തുടര്‍ന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം കേസ് ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ ബെഞ്ചിലേക്കു മാറ്റി.

2014 ഫെബ്രുവരി 18 ന് പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനു ലാവ്‌ലിന്‍ കമ്പനിക്കു കൂടിയ നിരക്കില്‍ കരാര്‍ നല്‍കിയതു വഴി സര്‍ക്കാരിനു യഥാര്‍ഥത്തില്‍ 266.25 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

2017 മാര്‍ച്ച് 27 ന് ലാവ്‌ലിന്‍ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ടെന്നു സിബിഐ ഹൈക്കോടതിയില്‍ വാദിച്ചു. കേസിലെ പ്രതികള്‍ക്കു ഗൂഢാലോചനയില്‍ പങ്കുമുണ്ട്. പ്രതികളില്‍ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാന്‍ വിചാരണ അനിവാര്യമാണെന്നു സിബിഐക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.

2017 ഓഗസ്റ്റ് 23 ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം