അഭിമാനത്തിന്റെ നിറവില്‍ കോഴിക്കോട്… സിസ‌്റ്റര്‍ ലിനിക്കും ശോഭനയ‌്ക്കും ഫ‌്ളോറന്‍സ‌് നൈറ്റിങ‌്ഗേല്‍ അവാര്‍ഡ‌്

Loading...

കോഴിക്കോട‌് ; ‘നിപാ’ ‌എന്ന മാരക വിപത്തിനെ തൂത്തെറിയാന്‍ ചുക്കാന്‍ പിടിച്ച ജില്ലയിലെ ആരോഗ്യ രംഗം വീണ്ടും അംഗീകാര നിറവില്‍. നേഴ‌്സിങ്‌ മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക‌് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫ‌്ളോറന്‍സ‌് നൈറ്റിങ‌്ഗേല്‍ അവാര്‍ഡാണ‌് രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപാ വൈറസ‌് ബാധയേറ്റ‌് മരിച്ച സിസ‌്റ്റര്‍ ലിനി പുതുശേരിക്കും മെഡിക്കല്‍ കോളേജിലെ ഹെഡ‌്നേഴ‌്സായ എന്‍ ശോഭനയ‌്ക്കും ലഭിച്ചത‌്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച ഡോക്ടര്‍ക്കുള്ള പുരസ‌്കാരം ഗവ‌. മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ആര്‍ ചാന്ദിനിക്ക‌് ലഭിച്ചിരുന്നു.

ലിനിയെന്ന മാലാഖ

ആരോഗ്യ രംഗത്തെ ജ്വലിക്കുന്ന ഓര്‍മയായ സിസ‌്റ്റര്‍ ലിനി പുതുശേരിക്ക‌് മരണാനന്തര ബഹുമതിയായാണ‌് ദേശീയ പുരസ‌്കാരം നല്‍കുന്നത‌്. പേരാമ്ബ്ര താലൂക്ക‌് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സായിരുന്ന ലിനി രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപാ വൈറസ‌് ബാധയേറ്റ‌് മരണത്തിന‌് കീഴടങ്ങുകയായിരുന്നു. 2018 മെയ് 21നായിരുന്നു ഇത‌്. ത്യാഗ സമാനമായ ജീവിതത്തിലൂടെ ആരോഗ്യ രംഗത്തിനാകെ മഹത്തായ സന്ദേശം പകര്‍ന്നതിനുള്ള അംഗീകാരമാകുകയാണ‌് ഈ അവാര്‍ഡ‌്.

ഈ അവാര്‍ഡ‌് നിപായെ തൂത്തെറിയാന്‍ രംഗത്തിറങ്ങിയതിന‌്

ഗവ. മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക‌്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന നേഴ‌്സ‌് ശോഭനയ‌്ക്ക‌് ദേശീയ പുരസ‌്കാരം നിപായെ തൂത്തെറിയാന്‍ മുന്നിട്ടിറങ്ങിയതിന‌് കൂടിയാണ‌്. സര്‍വീസില്‍നിന്ന‌് വിരമിക്കാന്‍ മൂന്ന‌്മാസം ശേഷിക്കേയാണ‌് അംഗീകാരം തേടിയെത്തിയത‌്. നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ സേവനമാണ് ഇവരുടേത‌്. ആര്‍ക്കും നിപാ വൈറസിനെക്കുറിച്ച‌് അറിവില്ലാതിരുന്ന കാലത്ത‌് ശോഭന അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നിപായ‌്ക്കെതിരെ പോരാടി. ഈ വര്‍ഷം എറണാകുളത്തുള്ള നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ബോധവല്‍ക്കരണവും ക്ലാസുകളും സംഘടിപ്പിച്ചു.

നേഴ‌്സുമാരുടെ തുടര്‍വിദ്യാഭ്യാസ പരിപാടിയായ കണ്ടിന്യൂയസ‌് നേഴ‌്സിങ‌് എഡ്യുക്കേഷന്‍ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ശോഭനയ‌്ക്ക‌് 2017ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നേഴ‌്സിനുള്ള പുരസ‌്കാരവും ലഭിച്ചിട്ടുണ്ട‌്. ഷൊര്‍ണൂരിനടുത്ത‌് വാടാനാംകുറിശി സ്വദേശിയാണ‌്. മെഡിക്കല്‍ കോളേജിനടുത്ത‌് ഉമ്മളത്തൂര്‍താഴത്ത‌ാണ‌് താമസം. ഭര്‍ത്താവ‌് : കെ രാധാകൃഷ‌്ണന്‍ (ചന്ദ്രകാന്ത‌് നേത്രാലയം ജനറല്‍ മാനേജര്‍).

Loading...