ശബരിമല കേസ്: വിശാലബഞ്ചിന് വിടാമോ എന്ന് വീണ്ടും പരിശോധിക്കാൻ സുപ്രീംകോടതി

Loading...

ദില്ലി : ശബരിമല യുവതീപ്രവേശനവിഷയത്തിൽ വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങൾ തീരുമാനിക്കുന്നത് വൈകും.

പുനഃപരിശോധനാ ഹർജികൾ ഇപ്പോൾ പരിഗണിക്കുന്ന ബഞ്ചിന് വിശാലബഞ്ചിലേക്ക് കേസ് വിടാനാകുമോ എന്നത് പരിശോധിച്ച ശേഷം മാത്രമേ ഭരണഘടനാ വിഷയങ്ങൾ എന്ത് എന്നതിൽ തീരുമാനമുണ്ടാകൂ. അതായത് കേസിൽ നടപടികൾ ഇനിയും വൈകുമെന്നർത്ഥം.

നാളെ കേസ് പരിഗണിക്കുമ്പോൾ ഇതിൽ വിശദമായ വാദമുണ്ടാകും. അതിന് ശേഷം മാത്രമേ ഭരണഘടനാപരമായ പരിഗണനാ വിഷയങ്ങൾ ഏതൊക്കെയാകണം എന്നതിൽ തീരുമാനമുണ്ടാകൂ. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ വിശാലബഞ്ച് തന്നെയാകും ഈ ആവശ്യത്തിലും വാദം കേൾക്കുക.

വിശാലബഞ്ച് പരിഗണിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കുന്നതിനൊക്കെ മുമ്പ്, ഇത് വിശാലബഞ്ചിലേക്ക് വിടാനാകുമോ എന്നതിൽ ആദ്യം വാദം നടത്തണമെന്ന് മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാൻ നാടകീയമായി കോടതിയിലെത്തി ആവശ്യപ്പെട്ടിരുന്നു.

സമാനമായ ആവശ്യം മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ഇന്ദിരാ ജയ്‍സിംഗും ആവർത്തിച്ചു. പുനഃപരിശോധനാ ഹർജികളിൽ ഭരണഘടനാ ബഞ്ച് രൂപീകരിച്ച ശേഷം, അതേ ബഞ്ച് വേറെ ഒരു വിശാലബ‌ഞ്ചിലേക്ക് പരിഗണനാ വിഷയങ്ങൾ തീരുമാനിക്കാൻ വീണ്ടും കേസ് വിടുന്ന കീഴ്‍വഴക്കം തന്നെ സുപ്രീംകോടതിയിലില്ല.

ഇതിലെ ചട്ടപ്രശ്നങ്ങൾ പരിഗണിക്കണം എന്നതടക്കമുള്ള വാദങ്ങൾ ഇവർ കോടതിയിലുന്നയിച്ചു.

ഇത് അംഗീകരിച്ചാണ് ആവശ്യത്തിൽ കൂടുതൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് സമ്മതിച്ചത്.

ഭരണഘടനാ വിഷയങ്ങൾക്കൊപ്പം ഇതും കേൾക്കാമെന്നാണ് ആദ്യം ചീഫ് ജസ്റ്റിസ് പറഞ്ഞതെങ്കിലും ഇപ്പോൾ സുപ്രീംകോടതി റജിസ്ട്രി പുറത്തിറക്കിയ നോട്ടീസ് പ്രകാരം നാളെ ഈ വിഷയത്തിൽ മാത്രമാണ് വാദം കേൾക്കുക. ഇതിൽ തീർപ്പുണ്ടാക്കിയ ശേഷം മാത്രമേ ഒമ്പതംഗ വിശാലബഞ്ച് മറ്റ് വിഷയങ്ങളിലേക്ക് കടക്കൂ.

മുതിർന്ന അഭിഭാഷകർ ഉന്നയിച്ച ഈ വാദത്തോട് ഒമ്പതംഗ വിശാലബഞ്ച് എന്ത് സമീപനം സ്വീകരിക്കുമെന്നത് നിർണായകമാണ്. ഫാലി എസ് നരിമാന്‍റെ വാദം ശരിയാണെന്ന് വിശാലബഞ്ച് അംഗീകരിച്ചാൽ പിന്നെ ബഞ്ചിന് പ്രസക്തിയില്ല.

ഭരണഘടനാ വിഷയങ്ങളേതൊക്കെ എന്നത് വിശാലബഞ്ച് തീരുമാനിക്കേണ്ടതില്ല. പുനഃപരിശോധനാഹർജികൾ പരിഗണിക്കുന്ന അഞ്ചംഗബഞ്ച് തന്നെ ഈ വിഷയങ്ങൾ തീരുമാനിച്ചാൽ മതി.

ശബരിമല ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച് വിശാലബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങൾ ഇവയാണ്:

1. ഭരണഘടനയിൽ മതസ്വാതന്ത്ര്യവും തുല്യതയും വിശദീകരിക്കുന്ന വകുപ്പുകൾ (25, 26 അനുച്ഛേദങ്ങളും, 14-ാം അനുച്ഛേദവും) തമ്മിലുള്ള ബന്ധമെന്ത്? അവയെ എങ്ങനെ ഒരുമിച്ച് നിർത്താം

2. ഇന്ത്യയിലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന 25 (1) വകുപ്പിലെ ‘പൊതുക്രമം, ധാർമികത, ആരോഗ്യം’ എന്ന് വിവക്ഷിക്കുന്നത് എന്ത്?

3. ധാർമികത എന്നതോ ഭരണഘടനാപരമായ ധാർമികത എന്നതോ കൃത്യമായി ഭരണഘടന നിർവചിച്ചിട്ടില്ല. ഈ ധാർമികതയെന്നത്, മൊത്തത്തിലുള്ളതാണോ, അതോ മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമോ?

4. ഒരു മതാചാരം, ആ മതത്തിന്‍റെയോ വിശ്വാസം പിന്തുടരുന്നവരുടെയോ അവിഭാജ്യഘടകമാണെന്നോ അതിനെ മാറ്റാനാകില്ലെന്നോ പറയാൻ കഴിയുമോ? അത് തീരുമാനിക്കാൻ കോടതിയ്ക്ക് കഴിയുമോ? അതോ ഒരു മതമേധാവി തീരുമാനിക്കേണ്ടതാണോ അത്?

5. ഭരണഘടനയിലെ 25 (2)(b) വകുപ്പ് പ്രകാരം ‘ഹിന്ദു’ എന്നതിന്‍റെ നിർവചനം എന്ത്?

6. ഒരു വിഭാഗത്തിന്‍റെ/മതവിഭാഗത്തിന്‍റെ ‘ഒഴിച്ചുകൂടാത്ത ആചാര’മെന്നതിന് ഭരണഘടനയുടെ മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന 26-ാം അനുച്ഛേദത്തിന്‍റെ സംരക്ഷണമുണ്ടാകുമോ?

7. ഒരു മതത്തിന്‍റെ ആചാരങ്ങളെ ആ മതത്തിലോ ആചാരത്തിലോ പെടാത്ത വ്യക്തിക്ക് പൊതുതാത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? അത് അനുവദനീയമാണോ?

ഈ ചോദ്യങ്ങൾക്ക് പുറമേ, മറ്റേതൊക്കെ വിഷയങ്ങൾ പരിഗണിക്കണമെന്നതടക്കം ഒമ്പതംഗ ബഞ്ച് തീരുമാനിച്ച ശേഷം മാത്രം ഇതിന്‍റെ അടിസ്ഥാനത്തിൽ ശബരിമല അഞ്ചംഗ ഭരണഘടനാ ബഞ്ച് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമെന്നതായിരുന്നു നേരത്തേയുള്ള ധാരണ.

ഒമ്പതംഗ ഭരണഘടനാ ബഞ്ചിന് മുന്നിൽ ശബരിമല മാത്രമല്ല, മുസ്ലിം സ്ത്രീകളുടെ പള്ളികളിലെ പ്രവേശനം, പാഴ്‍സി സ്ത്രീകളോടുള്ള വിവേചനം എന്നിങ്ങനെ വിശാല വിഷയങ്ങളുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ ഈ ഒമ്പതംഗ ബഞ്ച് തന്നെ വേണോ എന്ന കാര്യം വീണ്ടും പരിഗണിക്കുകയാണ് സുപ്രീംകോടതി എന്നതാണ് നിർണായകം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം