മാണി കുടുംബത്തെ മറികടന്ന് ചെയർമാൻ പദവി പിടിക്കാനുള്ള പി ജെ ജോസഫിന്റെ നീക്കങ്ങൾക്ക് തടയിട്ട് ജോസ് കെ മാണി

Loading...

മാണി കുടുംബത്തെ മറികടന്ന് ചെയർമാൻ പദവി പിടിക്കാനുള്ള പി ജെ ജോസഫിന്റെ നീക്കങ്ങൾക്ക് തടയിട്ട് ജോസ് കെ മാണി. ചെയർമാൻ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന കമ്മറ്റിക്കാണ് അധികാരമെന്ന് വ്യക്തമാക്കിയ ജോസ് കെ മാണി തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സൂചനയും നൽകി. നിലപാട് കടുപ്പിച്ച ജോസ് കെ മാണി, ഒരു സ്ഥാനത്തെ ചൊല്ലിയും പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലെന്നും പ്രശ്‌നകൾ രമ്യമായി പരിഹരിക്കുമെന്നും വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായം മറികടന്ന് ചെയർമാൻ പദവി നേടിയെടുക്കാനാണ് പി ജെ ജോസഫിന്റെ നീക്കം. ജോയ് എബ്രഹാം ഉൾപ്പെടെയുള്ള മാണി വിഭാഗത്തിലെ ചില മുതിർന്ന നേതാക്കളുടെ പിന്തുണയും ജോസഫിനുണ്ട്.

ചെയർമാൻ സ്ഥാനം കിട്ടിയില്ലെങ്കിലും ജോസ് കെ മാണി പാർട്ടി അധ്യക്ഷനാകുന്നത് തടയിടുകയെന്നതാണ് ജോസഫ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിനായാണ് പി ജെ ജോസഫ് സി എഫ് തോമസിനായി വാദിക്കുന്നത്. എന്നാൽ ഈ നീക്കം തകർത്താണ് വൈസ് ചെയർമാൻ ജോസ് കെ മാണി രംഗത്തെത്തിയത്.

ചെയർമാൻ പദവി മാണി കുടുംബത്തിന് പുറത്തു പോകില്ലെന്ന സൂചന നൽകി, തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന കമ്മറ്റിക്കാണ് അധികാരമെന്ന് ജോസ് കെ മാണി വ്യക്തമാക്കുകയായിരുന്നു. പാർട്ടിയിൽ ഒരു തർക്കവുമില്ലെന്നും സംസ്ഥാന കമ്മറ്റി കാര്യങ്ങൾ രമ്യമായി തീർക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

സംസ്ഥാന കമ്മറ്റി ഉടൻ ചേരുമെന്ന സൂചനയാണ് ജോസ് കെ മാണി നൽകിയത്. ഇടഞ്ഞു നിൽക്കുന്ന പി ജെ ജോസഫിനെ അനുനയിപ്പിക്കാൻ അവസാന നീക്കം പുരോഗമിക്കവെയാണ്, താൽക്കാലിക ചെയർമാനെ മറികടന്ന് വൈസ് ചെയർമാൻ പാർട്ടി നിലപാട് വ്യക്തമാക്കി രംഗത്തു വന്നത്.

അനുനയ നീക്കം പരാജയപ്പെട്ടാൽ പി ജെ ജോസഫ് പാർട്ടി വിട്ടേക്കും. നിലപാട് കടുപ്പിച്ച ജോസ് കെ മാണി വിഭാഗം പി ജെ ജോസഫിന്റെ നീക്കങ്ങൾക്കായാണ് കാത്തിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമേ സംസ്ഥാന കമ്മറ്റി യോഗം ചേരുവെന്നാണ് സൂചന.

Loading...