ലോക്ക് ഡൌണ്‍ അഞ്ചാം ഘട്ടം ; മാർഗനിർദേശങ്ങൾ പുറത്തിറങ്ങി

Loading...

ഞ്ചാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രമാവും നിയന്ത്രണങ്ങള്‍. ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ്‌ കേന്ദ്രസർക്കാർ തീരുമാനം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറങ്ങി.

ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ജൂൺ 8 മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്‍റ് സോണുകളല്ലാത്ത ഇടങ്ങളിൽ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക.

രണ്ടാംഘട്ടത്തിൽ സ്കൂളുകൾ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലൈ മാസത്തോടെ സ്കൂളുകളും കോളേജുകളും തുറന്നേക്കും. അന്താരാഷ്ട്ര വിമാനസർവീസുകളുടെ കാര്യത്തിൽ പിന്നീട് തീരുമാനം വരും. ഇപ്പോൾ തീരുമാനമായിട്ടില്ല.

നൈറ്റ് കർഫ്യൂ നിലവിൽ രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാക്കി ഇളവ് നൽകി. നിലവിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കർഫ്യൂ.

അന്തർസംസ്ഥാനയാത്രകൾക്ക് ഇനി നിയന്ത്രങ്ങളില്ലെന്നാണ് പുതിയ മാർഗരേഖയിലുള്ളത് എന്നത് ഏറ്റവും ശ്രദ്ധേയമായത്. തിങ്കളാഴ്ച മുതൽ പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം ഇല്ലാതാകുന്നു.

പക്ഷേ, തീവണ്ടികളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ്സ് വേണമെന്ന മാ‍ർഗനിർദേശങ്ങൾ നിലനിൽക്കുന്നു. സ്വകാര്യവാഹനങ്ങളിൽ പാസ്സില്ലാതെ അന്തർസംസ്ഥാനയാത്രകൾ നടത്താം. പക്ഷേ പൊതുഗതാഗതത്തിൽ പാസ്സുകളോടെ മാത്രമേ യാത്ര ചെയ്യാനാകൂ.

ലോക്ക്ഡൗൺ പിൻവലിക്കുന്നതിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് ശേഷം മാത്രമേ, അന്താരാഷ്ട്ര വിമാനയാത്രകളും, മെട്രോ യാത്രകളും ഉണ്ടാകൂ എന്നാണ് മാ‍ർഗരേഖ വ്യക്തമാക്കുന്നത്. അതേസമയം, വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് തുടരും.

ഘട്ടംഘട്ടമായി ലോക്ക്ഡൗണിൽ നിന്ന് പുറത്തേക്ക് വരികയാണ് കേന്ദ്രസർക്കാർ. ഇത് ഒരു ‘എക്സിറ്റ് പ്ലാൻ’ ആയിത്തന്നെ കണക്കാക്കാം. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിൻവലിക്കുന്നില്ല. ഓരോ നിയന്ത്രണങ്ങളും ആലോചിച്ച് മാത്രം പിൻവലിക്കും എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നയത്തിലേക്ക് കേന്ദ്രസർക്കാർ വരുന്നു. സാമൂഹിക അകലം പാലിച്ച്, നിയമങ്ങൾ പാലിച്ച്, മാസ്ക് ധരിച്ച് സാധാരണ ജീവിതം തുടരാമെന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

രാജ്യത്തെ ആകെ കേസുകളുടെ എണ്ണത്തിൽ എഴുപത് ശതമാനവും ഏതാണ്ട് 15 നഗരങ്ങളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഗുരുതരമായി രോഗം ബാധിക്കപ്പെട്ട തീവ്രബാധിതമേഖലകളിൽ മാത്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാക്കിയെല്ലാ ഇടങ്ങളിലും പൊതുജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് പുതിയ മാർഗരേഖയിലുള്ളത്.

അതേസമയം, കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തണമെങ്കിൽ അത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് ഏർപ്പെടുത്താം. പക്ഷേ മാർഗരേഖയിൽ വ്യക്തമാക്കുന്നതിന് പുറമേയുള്ള, ഇളവുകൾ സംസ്ഥാനങ്ങൾക്ക് നടപ്പാക്കാനാകില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം