“ആ അർത്ഥത്തിൽ ഞാൻ ഫെമിനിസ്റ്റു തന്നെയാണ്” ലോകത്തെ കരുത്തുറ്റ വനിത കോഴിക്കോട്ടുകാരി പി.വിജി ട്രൂവിഷന്‍ ന്യൂസിനോട്

ശരത്ത് ബാബു കാലടി

അഭിമുഖം/ശരത്ത് ബാബു കാലടി

ലോകത്തെ സ്വാധീനിച്ച നൂറുവനിതകളെ ഉള്‍പ്പെടുത്തി ബിബിസി പുറത്തിറക്കിയ പട്ടികയില്‍ കോഴിക്കോട്ടുകാരി പി.വിജിയും. അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന പെണ്‍കൂട്ടിന്‍റെ  സ്ഥാപക വിജിയുമായി  ട്രൂവിഷന്‍ ന്യൂസ്‌ പ്രധിനിധി ശരത്ത് ബാബു കാലടിയുമായി നടത്തിയ അഭിമുഖം

മിഠായിത്തെരുവിലെ ഒരു തയ്യല്‍ക്കടയില്‍ നിന്നായിരുന്നു 18 വര്‍ഷം മുന്‍പ് ഈ യാത്രയുടെ തുടക്കം. സമരപാതയിലൂടെ വിജി നടന്നെത്തിയത് ബിബിസി പട്ടികയിലേക്ക്. ലോകത്തെ തന്നെ സ്വാധീനിച്ചുവെന്ന് ബിബിസി കണ്ടെത്തിയ 100 പേരിലൊരാളാണ് വിജി. സംഘടിതത്തൊഴിലാളിയൂണിയനുകള്‍ കാണാന്‍ മറന്നുപോയ കാഴ്ചകളിലേക്കായിരുന്നു വിജിയുടെ ജീവിതയാത്ര. കടകളില്‍ മണിക്കൂറുകള്‍ നീളുന്ന കൗണ്ടര്‍ കച്ചവടത്തിനിടയില്‍ ഒന്നിരിക്കാന്‍ അവകാശമില്ലാത്തവര്‍, പ്രാഥമികകാര്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ അനുവാദവും ഇടവുമില്ലാത്തവര്‍….ദുരിതജന്മങ്ങളെയാകെ വിജി ചേര്‍ത്തുനിര്‍ത്തി. ഇരിപ്പുസമരവും സഹനസമരവും മുറുകിയപ്പോള്‍ സംസ്ഥാനത്ത് പുതിയ നിയമം തന്നെയുണ്ടായി. അസംഘടിതമേഖലാത്തൊഴിലാളിയൂണിയന്‍ കേരളയാണ് വിജിയുടെ സമരബാനര്‍. കോഴിക്കോട് മിഠായിത്തെരുവിലായിരുന്നു പോരാട്ടവീര്യത്തിന്റെ തുടക്കം. അംഗീകാരങ്ങള്‍ക്കിടയിലും ഇനിയും അവസാനിക്കാത്ത സമരവഴികളിലേക്ക് തന്നെയാണ് കോഴിക്കോട് പാലാഴിയിലെ വീട്ടില്‍നിന്ന് വിജിയുടെ പുറപ്പാട്.

 

അസംഘടിത സ്ത്രീ തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങൾക്ക് അറുതി വരുത്തുവാനായി വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് വിജി. കേരളത്തിന്റെ സമര ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു 2014 മാർച്ച് എട്ടിന് കോഴിക്കോട് മിഠായിതെരുവിൽ നടന്ന ഇരിപ്പിട സമരം.

തലയിൽ കസാരയേന്തി നൂറോളം സ്ത്രീകൾ നടത്തിയ ഈ സമരം മറ്റു ജില്ലകളിലേക്കും വ്യാപിച്ചു.ഇരിക്കുവാനുള്ള അവകാശം ന്യായമാണെന്ന് സർക്കാരും മറ്റു തൊഴിലാളി സംഘടനകളും ശരിവക്കുന്നത് അപ്പോഴാണ്.

വിജയകരമായ സമരം അവകാശം നേടിക്കൊടുത്തെങ്കിലും പരിഹരിക്കപ്പെടേണ്ട ഒട്ടനവധി പ്രശ്നങ്ങൾ ഇനിയുമെണ്ടന്ന ഉറച്ച നിലപാടിൽ മുന്നോട്ടു പോവുകയാണ് പെൺകൂട്ടെന്ന സംഘടനക്ക് നേതൃത്വം നൽകുന്ന ഈ അമ്പതുവയസ്സുകാരി.

വിവിധ സാമൂഹ്യ വിഷയങ്ങളിൽ തന്‍റെ  നിലപാട് വ്യക്തമാക്കുകയാണ് ഇവർ.

മീടു വെളിപ്പെടുത്തലുകൾ മുദ്രാവാക്യം എന്നതിനപ്പുറം നിയമനടപടികളിലേക്കു കൂടി കടക്കുകയാണെങ്കിൽ കുറ്റാരോപി ധ ന് നിരപരാധിത്വം തെളിയിക്കുവാനുള്ള അവസരം ലഭിക്കില്ലേ ?

  • തുറന്നു പറയുവാനുള്ള ആർജവം അഭിമാനകരമാണ്. താനടക്കമുള്ളവർ ഇത്തരം ചൂഷണങ്ങളിലൂടെ കടന്നു പോയവരാണ്. പുതിയ തലമുറയിലെ കുട്ടികൾ തുറന്നു പറയുവാനുള്ള ധൈര്യം കാണിച്ചത് സ്വാഗതം ചെയ്യുകയാണ് വേണ്ടത്. എന്തിന് കൊലപാതക കുറ്റങ്ങൾ പോലും വേണ്ടത്ര തെളിവുകളുടെ അഭാവത്തിൽ കുറ്റവാളിയെ രക്ഷപ്പെടുത്തുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു. കുറ്റവാളികൾ ജയിലിൽ സുഖജീവിതം നയിക്കുകയും ചെയ്യുന്നു.നിയമ നിർമ്മാണങ്ങളുടെ പോരായ്മകൾ ഇരക്ക് നീതി നിഷേധിക്കുമ്പോൾ തീർച്ചയായും അവർ തുറന്നു പറയും.പുരുഷാധിപത്യ സമൂഹത്തിൽ അതിന്‍റെ മേൽക്കോയ്മക്കെതിരെയുള്ള വിപ്ലവകരമായ മുന്നേറ്റമായാണ് മീടുവിനെ കാണേണ്ടത്.

? ശബരിമലയും ശുദ്ധാശുദ്ധ തർക്കങ്ങളും

  • ആർത്തവം അശുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മലവിസർജനം പോലെ തന്നെയുള്ള ഒരു കാര്യമാണ് ഇതും.ഇവിടെ ശുദ്ധി എന്നത് വ്യക്തി ശുചിത്വമാണ് .ശബരിമലയിലേക്ക് വിശ്വാസമുള്ള സ്ത്രീകൾ പോകട്ടെ. എനിക്ക് ഇതിൽ താൽപ്പര്യമില്ല. വിശ്വാസം വ്യക്തിപരമായ കാര്യമാണ്.ബി ജെ പി ,സി പി എം രാഷ്ട്രീയത്തിന് ഇരയാകാൻ ഞാനെന്തായാലും ആഗ്രഹിക്കുന്നില്ല. സ്ത്രീ തൊഴിലാളികൾ അനുഭവിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ നിലനിൽക്കെ ഞാനതിലാണ് ഊന്നൽ നൽകുന്നത്. ശബരിമലയിലേക്ക് പോയ സ്ത്രീ തൊഴിലാളിയെ തൊഴിലിടത്തിൽ നിന്നും പിരിച്ചുവിട്ട സംഭവം വരെ ഇവിടെ ഉണ്ടായി. കാര്യം അന്വേഷിച്ചപ്പോൾ സ്ഥാപന ഉടമയോ മാനേജ്മെന്റൊ അല്ല മറുപടിയുമായി എത്തിയത്, സി പി എം നേതാക്കന്മാരാണ് ന്യായീകരണങ്ങളുമായി വന്നത്. ശബരിമല ഇത്തരക്കാർക്ക് രാഷ്ടീയ മുതലെടുപ്പ് മാത്രമാണ്.

?ഫെമിനിസം:

സ്ത്രീയും പുരുഷനെ പോലെ മനുഷ്യനാണ് അവർക്കും തുല്യ പങ്കാളിത്തമുണ്ട് എന്ന് പറയുന്നത് അപരാധമാണോ? തൊഴിലിടങ്ങളിൽ എന്തിന് വീട്ടിൽ പോലും അവളെ ചരക്കുവൽക്കരിക്കപ്പെടുമ്പോൾ ഇതിനെ ചോദ്യം ചെയ്യാതെ മറികടക്കുവാനാക്കില്ല. ആ അർത്ഥത്തിൽ ഞാൻ ഫെമിനിസ്റ്റു തന്നെയാണ്. സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന സംഘടനയാണ് ഞങ്ങളുടെത്.

ഇതിന്റെ കമ്മറ്റിയിലും നേതൃത്വത്തിലും സ്ത്രീകൾ മാത്രമെ ഉണ്ടാകാവൂ എന്നത് ഞങ്ങളുടെ ട്രേഡ്‌ യൂണിയൻ ബൈലോയിൽ കൃത്യമായി പറയുന്നുണ്ട്. അസംഘടിത സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പുറത്തു കൊണ്ടു വരുവാനും അവകാശങ്ങൾക്കായി നിലകൊള്ളാനും അവർക്കേ കഴിയൂ.

 

truevisionnews

ലോകത്തെ സ്വാധീനിച്ച നൂറുവനിതകള്‍…….സമരവഴികളിലെ പോരാട്ടവീര്യത്തിന് അംഗീകാരം……ബിബിസിയുടെ പട്ടികയില്‍ കോഴിക്കോട്ടുകാരിയും…..കാണാം

Posted by Truevisionnews on Tuesday, 20 November 2018

Loading...