ഇടമലയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു; ഷട്ടറുകള്‍ തുറന്നത് 80 സെന്റിമീറ്റര്‍ ഉയരത്തില്‍; ഇടമലയാര്‍ തുറക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

വെബ് ഡെസ്ക്

Loading...

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് നിശ്ചിത പരിധിയിലെത്തിയതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് 169.56 അടി പിന്നിട്ടതോടെയാണ് ഷട്ടറുകള്‍ തുറന്നത്. 2013ലാണ് ഇതിനുമുമ്പ് ഇടമലയാര്‍ തുറന്നത്.

പെരിയാറില്‍ ഒന്നരമീറ്റര്‍വരെ ജലനിരപ്പുയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 164 ഘനമീറ്റര്‍ ജലമാണ് തുറന്നു വിടുക. ഇന്ന് രാവിലെ അഞ്ചു മണിക്ക് നാലു ഷട്ടറുകള്‍ 80 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ചുമുതല്‍ ആറു മണിക്കൂര്‍വരെ നേരംകൊണ്ട് ആലുവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടമലയാര്‍ ഡാം തുറന്നാല്‍ വടാട്ടുപാറ പലവന്‍വടിയിലൂടെ കുട്ടമ്പുഴ ആനക്കയത്ത് വച്ച് കുട്ടമ്പുഴയാറുമായി ഇടമലയാര്‍ ചേരും. തുടര്‍ന്ന് തട്ടേക്കാടിലൂടെ ഭൂതത്താന്‍കെട്ടിന് ഒരു കിലോമീറ്റര്‍ മുകളില്‍ കൂട്ടിക്കല്‍ ഭാഗത്ത് വച്ച് പെരിയാറുമായി കൂടിച്ചേരും.

ബുധനാഴ്ച രാവിലെ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. നേരത്തെ രാവിലെ ആറു മണിക്കാണ് ഡാം തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാത്രി ഈ മേഖലയില്‍ ശക്തമായ മഴപെയ്തത് ജലനിരപ്പ് 169.95 മീറ്റര്‍ എത്തിയതോടെ അഞ്ച് മണിക്ക് തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇടമലയാറിനൊപ്പം ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് അതിവേഗം ഉയരുന്നത് കണക്കിലെടുത്താണ് ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇടുക്കിയില്‍ നിന്നും ഇടമലയാറില്‍ നിന്നും ഒരേസമയം പെരിയാറിലേക്ക് ജലം ഒഴുക്കിവിടുന്നത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാനാണ് ഇടമലയാര്‍ വ്യാഴാഴ്ച രാവിലെ തുറന്നത്. ഇതിനു മുന്നോടിയായി ഭൂതത്താന്‍കെട്ട് ബാരേജിന്റെ 15 ഷട്ടറുകളും 9 മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി ജലം ഒഴുക്കിവിടുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് ഡാം തുറക്കുന്നതിന് കെ.എസ്.ഇ.ബി. മുന്നറിയിപ്പ് നല്‍കിയത്. രാവിലത്തെ 168.17 മീറ്റര്‍, ഉച്ചയ്ക്ക് ശേഷം 168.65 മീറ്ററിലെത്തിയതോടെയാണ് ഡാം തുറക്കാന്‍ ദ്രുതഗതിയില്‍ തീരുമാനമായത്. 170 മീറ്റര്‍ വരെ ജലം സംഭരിക്കുന്നതിന് ശേഷിയുണ്ട്. 2005ലും 2013ലുമാണ് ഇടമലയാര്‍ ഡാം തുറന്നിട്ടുള്ളത്.

ഓറഞ്ച് അലര്‍ട്ടിനു ശേഷം ജലനിരപ്പ് സാധാരണനിലയിലായതോടെ ഇടുക്കിക്ക് പിന്നാലെ ഇടമലയാര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഇല്ലെന്ന പ്രഖ്യാപനത്തിലായിരുന്നു കെ.എസ്.ഇ.ബി. ഇടുക്കി അണക്കെട്ട്്് തുറന്നാലുണ്ടാകുന്ന പെരിയാറിലെ ക്രമാതീതമായ ജലനിരപ്പ് മുന്നില്‍ക്കണ്ടാണ് ഇടമലയാര്‍ ആദ്യം തുറക്കാനുള്ള ഇപ്പോഴത്തെ തീരുമാനം.

ഇടമലയാര്‍ ഡാം അഞ്ച് വര്‍ഷത്തിന് ശേഷമാണ് വീണ്ടും തുറക്കേണ്ടിവന്നിരിക്കുന്നത്. ഡാമിനു നാലു ഷട്ടറുകളാണുള്ളത്. 37.5 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകളും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ്. 1.8 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിക്കുന്നുണ്ട്.

ഡാം അണക്കെട്ട് തുറന്നതിനെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ 51 പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രളയക്കെടുതിക്ക് സാധ്യത മുന്നില്‍ക്കണ്ട്് ആവശ്യമായ സുരക്ഷാക്രമീകരണം ചെയ്തിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കുട്ടമ്പുഴ ടൗണ്‍, കീരമ്പാറ, കവളങ്ങാട്, പിണ്ടിമന പഞ്ചായത്തുകളിലെ പെരിയാര്‍ തീരപ്രദേശങ്ങളെയുമാണ് വെള്ളപ്പൊക്കം ബാധിക്കുക. ആവശ്യമായി വന്നാല്‍ കോതമംഗലത്ത് 10 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഇടമലയാര്‍ ഡാം തുറന്നപ്പോള്‍ കോതമംഗലം ടൗണില്‍ ഉള്‍പ്പടെ താലൂക്കിലെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക കെടുതി നേരിട്ടു. ഇത്തവണ അത്രയും വലിയ പ്രശ്‌നമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം