ലോകം മാറുകയാണ് ; നിങ്ങള്‍ ഇനിയും മാറിയില്ലെങ്കില്‍ സംഭവിക്കുന്നത്‌

Loading...

 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓട്ടോമേഷനും ഭരിക്കുന്ന വരുംകാലത്ത് പിടിച്ചുനില്‍ക്കാന്‍ നിങ്ങള്‍ക്ക് എന്ത് കഴിവാണുള്ളത്? ഇന്ന് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന നൂറുകണക്കിന് ജോലികള്‍ സമീപഭാവിയില്‍ തന്നെ ഇല്ലാതാവും. ഇതുവരെ കേള്‍ക്കാത്ത പുതിയ ജോലികള്‍ രംഗപ്രവേശം ചെയ്യും. പുതിയ ശേഷികള്‍ കൈവരിക്കുക, നിലവിലുള്ളതിനെ നവീകരിക്കുക, മാറ്റങ്ങള്‍ക്ക് മനസ്സിനെ സജ്ജമാക്കുക, നിര്‍മിതബുദ്ധിയുടെ പരിമിതികളെ മുതലെടുക്കുക… വഴികള്‍ പലതുണ്ട് അതിജീവനത്തിന്.

ഏപ്രിലില്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിച്ച അവസരത്തില്‍, ഒരു സുഹൃത്തിന്റെ കൂടെയാണ് താമസിച്ചത്. ലോകത്തെ മുന്‍നിര ഓറല്‍ കെയര്‍ കമ്പനിയുടെ ഗവേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഗവേഷണപങ്കാളിത്തമുള്ള ബോസ്റ്റണിലുള്ള മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ നിര്‍മിതബുദ്ധി (Artificial Intelligence) ലാബ് കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ഗവേഷണപങ്കാളി സ്ഥലത്തില്ലായിരുന്നതിനാല്‍ ആ യാത്ര നടന്നില്ല. അപ്പോള്‍ ബോസ്റ്റണിലേക്കുള്ള വഴിയിലെ പ്രോവിഡന്‍സ് എന്ന സ്ഥലത്തുള്ള ബ്രൗണ്‍ സര്‍വകലാശാലയിലെ നിര്‍മിതബുദ്ധി ലബോറട്ടറിയില്‍, ഈ സാങ്കേതികവിദ്യയുടെ മാനുഷികമൂല്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന പീറ്റര്‍ എന്ന സുഹൃത്തിനെ ബന്ധപ്പെട്ടു. പീറ്റര്‍ സസന്തോഷം ഞങ്ങളെ അങ്ങോട്ട് സ്വാഗതം ചെയ്തു.

ന്യൂ ജെഴ്സിയില്‍നിന്ന് ഏതാണ്ട് 400 കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും രാവിലെ തന്നെ യാത്രതിരിച്ചു. എം.ഐ.ടി.യുടെ നിര്‍മിതബുദ്ധി ലാബില്‍നിന്ന് ഉരുത്തിരിഞ്ഞ ബോസ്റ്റണ്‍ ഡൈനാമിക്സിന്റെ റോബോട്ടുകളെയൊക്കെ സ്വപ്‌നംകണ്ട് ചെന്ന ഞങ്ങളെ സ്വാഗതം ചെയ്തത് പീറ്ററിന്റെ ലാബിലെ നാവോ

(Nao) എന്ന കുഞ്ഞന്‍ റോബോട്ടും മറ്റൊരു ലാബിലുണ്ടായിരുന്ന, വസ്തുക്കളെ യന്ത്രക്കൈകള്‍ കൊണ്ട് എടുക്കാന്‍ പരിശീലനം കൊടുത്തുകൊണ്ടിരിക്കുന്ന ഒരു ഭീമന്‍ റോബോട്ടുമായിരുന്നു. സോഫ്റ്റ്വേര്‍ മേഖലയിലാണ് അവിടെ കൂടുതല്‍ ഗവേഷണം നടന്നിരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാല്‍ അതിന് പ്രധാനമായും അവര്‍ ആശ്രയിച്ചിരുന്നതായി തോന്നിയത് ഐ.ബി.എം. വാട്സന്‍ എന്ന സൂപ്പര്‍ കംപ്യൂട്ടറിനെയും! 800 കിലോമീറ്റര്‍ വെറുതെ യാത്ര ചെയ്തല്ലോ എന്ന കടുത്ത നിരാശയുമായി അന്ന് തിരിച്ചുപോന്നു.

കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, 2018 ഏപ്രിലില്‍, സുഹൃത്തില്‍നിന്ന് ഒരു ഇ-മെയില്‍ സന്ദേശം ലഭിച്ചു. അന്ന് നിരാശയൊക്കെ തോന്നിയെങ്കിലും പിന്നീട് ആ യാത്ര അദ്ദേഹത്തിന് വളരെ പ്രയോജനകരമായി മാറിയെന്നും, അവരുടെ കമ്പനി നിര്‍മിതബുദ്ധി തങ്ങളുടെ ഗവേഷണത്തിന്റെയും ഉത്പന്നങ്ങളൂടെയും ഭാഗമാക്കി മാറ്റിയെന്നുമായിരുന്നു ആ മെയിലിന്റെ ഉള്ളടക്കം. മാത്രവുമല്ല അവര്‍ ഓഫീസ്, കസ്റ്റമര്‍ സേവനങ്ങള്‍ക്കായി വാങ്ങിയ പെപ്പര്‍ എന്ന റോബോട്ടിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും നിര്‍മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ട്രോണിക് ടൂത്ത് ബ്രഷും അതിന്റെ കസ്റ്റമര്‍ ഫീഡ്ബാക്കുകളും അതോടൊപ്പമുണ്ടായിരുന്നു. ഇത് വികസിപ്പിക്കാനായി അവര്‍ ഐ.ബി.എം, എം.ഐ.ടി., തുടങ്ങിയവരുമായി സഹകരിക്കുന്നു. അതുവരെ ക്ലിനിക്കല്‍ ടെസ്റ്റുകളെ മാത്രം ഉത്പന്നങ്ങളുടെ ഗുണമേന്മയും ഫലപ്രാപ്തിയും അളക്കാന്‍ ഉപയോഗിച്ചിരുന്ന കമ്പനി ഇപ്പോള്‍ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ഇമേജ് പ്രോസസിങ്ങും മറ്റും ഇതിനായി ഉപയോഗിക്കാന്‍ തുടങ്ങി. ഈ മാറ്റങ്ങളെല്ലാം ഒരുവര്‍ഷം പോലും സമയമെടുക്കാതെ നടത്താനായി. അവര്‍ ഇതിനായി പുതിയ ജോലിക്കാരെ എടുത്തില്ല, പകരം മികച്ച ലാബുകളുമായി സഹകരിക്കുകയാണ് ചെയ്തത് എന്നത് ശ്രദ്ധേയം!

ഇത് നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യമല്ല എന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ! നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. വലിയ കമ്പനികള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെയൊക്കെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചാല്‍ ആരാണ് നിങ്ങളോട് സംസാരിക്കുക? നിങ്ങളുടെ ആവശ്യമെന്തായാലും അതിനൊക്കെ പരിഹാരം നിര്‍ദേശിക്കുന്നത് യന്ത്രമായിരിക്കും. എന്നിട്ടും പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ മാത്രമേ ഒരു മനുഷ്യനുമായി നിങ്ങള്‍ സംസാരിക്കാനിടയുള്ളൂ. ഓണ്‍ലൈനായി നിങ്ങള്‍ ഒരു ഉത്പന്നത്തിന്റെ പേജിലോ മറ്റോ പോയി നോക്കിയാലും ഉടന്‍ പ്രതികരിക്കാന്‍ സന്നദ്ധമായി ചാറ്റ് ബോട്ടുകളെ അവിടെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടാവും. 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവ സ്പാം കണ്ടെത്തല്‍, ക്രെഡിറ്റ് കാര്‍ഡ് ഫ്രോഡ് കണ്ടുപിടിക്കല്‍ തുടങ്ങി നിരവധി മേഖലകള്‍ കൈയടക്കി കഴിഞ്ഞു. ഇവിടെയെല്ലാം മനുഷ്യര്‍ക്ക് തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ആമസോണ്‍ പോലുള്ള ഭീമന്‍ കമ്പനികളുടെ ബിസിനസ് മോഡല്‍ തന്നെ പരമാവധി ഓട്ടോമേഷന്‍ എന്നതാണ്. ഇത് റീട്ടെയില്‍ രംഗത്തടക്കം നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും.

ഇന്നത്തെ ലോകത്തും ഇനിയങ്ങോട്ടും തൊഴിലും തൊഴില്‍സാഹചര്യങ്ങളും എങ്ങനെ മാറുമെന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 2018 തൊഴില്‍സാഹചര്യങ്ങളുടെ ഭാവിയെപ്പറ്റിയുള്ള സര്‍വേ പറയുന്നത്, ഇപ്പോള്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന എതാണ്ട് 65 ശതമാനം പേരും ചെയ്യാന്‍ പോകുന്ന തൊഴിലുകള്‍ ഇപ്പോള്‍ നിലവിലില്ലാത്തതാണെന്നാണ്. ഇതിനൊരു പ്രധാന കാരണം ഈ നൂറ്റാണ്ടിന്റെ തുടക്കംമുതല്‍ ശാസ്ത്ര-സാങ്കേതികവിദ്യാ മേഖലകളില്‍ ഉരുത്തിരിഞ്ഞ വലിയ മാറ്റങ്ങളാണ്. നിര്‍മിത ബുദ്ധിയോടൊപ്പം, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക് ചെയിന്‍, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ക്വാണ്ടം കംപ്യൂട്ടിങ്, ജീന്‍ എഡിറ്റിങ് എന്നിവയെല്ലാം പൊതു പദസഞ്ചയത്തില്‍ ചേര്‍ക്കപ്പെട്ടു. നിര്‍മിതബുദ്ധി യന്ത്രവത്കൃത (mechanised) ലോകത്തെ അതിയന്ത്രവത്കണത്തിലേക്ക് (automation) നയിച്ചു. ഇതിന്റെ ഏറ്റവും പ്രകടമായ ഫലമെന്നത് തൊഴില്‍ നഷ്ടത്തെക്കാള്‍ തൊഴില്‍ അന്വേഷികള്‍ക്ക് അവശ്യം വേണ്ട കഴിവുകളിലുള്ള മാറ്റമാണ്.

ക്ലാസ്മുറികളില്‍നിന്ന് സ്വായത്തമാക്കുന്ന നൈപുണ്യങ്ങള്‍ പ്രയോജനമില്ലാതായി തീരുകയോ അല്ലെങ്കില്‍ വളരെ പെട്ടെന്ന് കാലഹരണപ്പെടുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. ഇതോടൊപ്പം, തൊഴില്‍മേഖലയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ വളരെ പെട്ടെന്ന് പുതിയ കാര്യങ്ങള്‍ സ്വയം പഠിച്ചെടുക്കേണ്ട സാഹചര്യമുണ്ടായി. ഐ.ടി. മേഖലയിലുള്ള വലിയ കമ്പനികളൊക്കെ ഇതിനായി പരിശീലന സൗകര്യങ്ങളൊരുക്കിയെങ്കിലും, ചെറിയ കമ്പനികള്‍ ഒന്നുകില്‍ ഇല്ലാതാവുകയോ, മികച്ച തൊഴിലാളികളില്ലാതെ കഷ്ടത്തിലാവുകയോ ചെയ്തു. ഇടത്തരം കമ്പനികളിലാവട്ടെ, കസ്റ്റമര്‍ക്ക് ആവശ്യമുള്ള സേവനങ്ങളും തങ്ങള്‍ക്ക് കൊടുക്കാനാകുന്നവയും തമ്മിലുള്ള അന്തരം വര്‍ധിച്ചുവന്നതുമൂലം പരുങ്ങലിലായി. ഇത്തരുണത്തില്‍, നമ്മുടെ കലാലയങ്ങളും തൊഴിലിടങ്ങളും പൊതുസമൂഹവും ഇതിനെ നേരിടാന്‍ ഒരുങ്ങേണ്ടതുണ്ട്. മാറുന്ന തൊഴില്‍ ലോകത്തെയും അതിനാവശ്യമുള്ള നൈപുണ്യങ്ങളെയും വിശദമായി പരിശോധിക്കാം.

2018-ല്‍ 30 ശതമാനത്തിന് താഴെയായിരുന്നു തൊഴിലിടങ്ങളില്‍ യന്ത്രങ്ങളുടെ സ്ഥാനമെങ്കില്‍, 2022-ല്‍ 40 ശതമാനത്തിനും, 2015-ല്‍ 50 ശതമാനത്തിനും മുകളിലേക്ക് അതെത്തുമെന്ന് കണക്കാക്കപ്പെടുന്നു. അതായത് വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ യന്ത്രങ്ങള്‍ മനുഷ്യരേക്കാള്‍ തൊഴിലെടുക്കുന്ന അവസ്ഥ! ഇത് പൊതുസമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രശ്നങ്ങള്‍ ഗുരുതരമാണ്. അമേരിക്കയിലെ വിര്‍ജീനിയയില്‍ കല്‍ക്കരി മൈനിങ് നടത്തിയിരുന്ന തൊഴിലാളികള്‍ തേനീച്ച വളര്‍ത്തല്‍ പരിശീലനം നേടുന്ന വാര്‍ത്ത വന്നത് ഈ വര്‍ഷമാണ്. പണ്ട് മനുഷ്യന്‍ ചെയ്തിരുന്ന പല കഠിനജോലികളും ഇന്ന് യന്ത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ഒരു കാര്‍ഫാക്ടറിയില്‍ ഇന്ന് മനുഷ്യന്റെ ജോലികള്‍ യന്ത്രങ്ങള്‍ക്ക് പരിമിതിയുള്ള മേഖലകളിലേക്കൊതുങ്ങിയിരിക്കുന്നു. സേവന മേഖലകള്‍ക്കുപോലും ഇതില്‍നിന്ന് രക്ഷയില്ല. അത്തരം കമ്പനികളില്‍പോലും ഭൂരിഭാഗം തൊഴിലാളികളും തങ്ങളുടെ കഴിവുകള്‍ മിനുക്കുകയും, കാലാനുസൃതമായി പുതിയവ നേടുകയും ചെയ്തില്ലെങ്കില്‍ ജോലി മാത്രമല്ല, ചിലപ്പോള്‍ കമ്പനി തന്നെ ഇല്ലാതായെന്ന് വരാം.

50 ശതമാനത്തിലധികം കമ്പനികളും തങ്ങളുടെ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ കുറച്ച് കമ്പനികള്‍ മാത്രമേ കൂടുതല്‍ ജോലിക്കാരെ ആവശ്യം വന്നേക്കാമെന്നോ, അതിയന്ത്രവത്കരണം കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമെന്നോ കരുതുന്നുള്ളൂ. സര്‍ക്കാര്‍ ജോലികള്‍പോലും ഇതിന് കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറുമ്പോള്‍ അവിടെയൊക്കെ കുറച്ചാളുകളെയേ ആവശ്യമുള്ളൂ എന്ന് കാണാം.

യന്ത്രങ്ങളും മനുഷ്യരും ചെയ്യുന്ന ജോലിയുടെ അനുപാതം

2022 ആകുമ്പോഴേക്കും ജോലിയുള്ള പകുതിയിലധികം ആളുകള്‍ക്കും നൈപുണ്യവികസനത്തിനായി തുടര്‍പരിശീലനങ്ങള്‍ ആവശ്യംവന്നേക്കാമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഭൂരിഭാഗത്തിനും ആറുമാസമോ അതിലധികമോ സമയം പരിശീലനം നല്‍കേണ്ടിവരുമെന്നത് മാറിവരുന്നകാലത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നു. ഇതിന്റെ ഒരു മുന്നൊരുക്കം ഇപ്പോള്‍തന്നെ നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍പോലും കാണാം. മിക്കവാറും ഓഫീസുകളും ജീവനക്കാരെ പ്രാരംഭപരിശീലനം നല്‍കുന്നതിനൊപ്പം എല്ലാവര്‍ഷവും തുടര്‍പരിശീലനങ്ങള്‍ക്കും അയയ്ക്കുന്നു. ഇത് ഭരണക്ഷമതാവര്‍ധനവിനപ്പുറം മാറുന്നകാലത്തിന്റെ ഒരു സൂചനയാണ്. ഡിജിറ്റല്‍ സാക്ഷരതയില്ലാതെ ഇന്ന് ഒരുജോലിയിലും പിടിച്ചുനില്‍ക്കാനാവില്ല.

വരുംകാലത്തിനായി നൈപുണ്യങ്ങള്‍ ആവശ്യമാണെന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ഡിജിറ്റല്‍സാക്ഷരത മാത്രമല്ല. അത് എല്ലാവര്‍ക്കും ഇക്കാലത്ത് അവശ്യംവേണ്ട ഒന്ന് മാത്രമാണ്. കാര്യങ്ങളെ വ്യക്തമായി അപഗ്രഥിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, നൂതനാശയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ്, തുടര്‍പഠനത്തിനും പഠനശൈലികള്‍ സ്വീകരിക്കാനുമുള്ള കഴിവ് എന്നിങ്ങനെ ഇപ്പോള്‍ നമ്മുടെ ക്ലാസ്മുറികള്‍ക്ക് അന്യമായ കഴിവുകളാണ് യന്ത്രങ്ങള്‍ വാഴുംകാലത്ത് മനുഷ്യന് ജോലിനല്‍കുക എന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാലത്ത് സാങ്കേതികവിദ്യ തൊഴിലിടങ്ങളില്‍ എങ്ങനെ ഉപയോഗിക്കാമെന്ന അറിവിനായിരിക്കും കൂടുതല്‍ പ്രാമുഖ്യം. ടെക്നോളജി ഡിസൈന്‍ എന്നറിയപ്പെടുന്ന ഈ മേഖലയില്‍ കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ വര്‍ധിച്ചേക്കാം. ഇതോടൊപ്പം, യന്ത്രങ്ങള്‍ക്ക് എളുപ്പത്തില്‍ വഴങ്ങാത്ത മാനുഷികമൂല്യങ്ങളായ സര്‍ഗാത്മകത, നൂതനാശയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ്, വിമര്‍ശനബുദ്ധിയോടെ ചിന്തിക്കാനുള്ള കഴിവ്, പ്രേരിപ്പിക്കാനും വിലപേശാനുമുള്ള സിദ്ധികള്‍ തുടങ്ങിയവയൊക്കെ വരുംകാലത്ത് കൂടുതല്‍ വിലമതിക്കുന്ന നൈപുണ്യങ്ങളായിമാറും. കാരണം ഇന്ന് നിലവിലുള്ളതില്‍ 70 ശതമാനത്തിലധികം ജോലികളിലും യന്ത്രവത്കരണം സാധ്യമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. നിങ്ങള്‍ വാങ്ങി ഉപയോഗിക്കുന്ന വെജിറ്റബിള്‍ ചിപ്സ്, ബ്രെഡ്, ബിസ്‌കറ്റ്, ഇത്യാദിയൊക്കെ ഫാക്ടറിയിലെത്തിയശേഷം പുറത്തുവരുന്നതുവരെ എത്ര ശതമാനം മനുഷ്യസ്പര്‍ശമേല്‍ക്കുന്നുണ്ടെന്ന് ആലോചിച്ചുനോക്കുക

അതിയന്ത്രവത്കരണം ജോലികള്‍ ഇല്ലാതാക്കുന്നതിനൊപ്പം പുതിയവ സൃഷ്ടിക്കുകകൂടി ചെയ്യുന്നുണ്ട്. അത്തരം ജോലികള്‍ക്ക് ആളെ തേടുന്നതിനും നിലവിലുള്ള തൊഴിലാളികളെ പരിശീലനം നല്‍കി പുതിയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യരാക്കുന്നതിനുള്ള ശ്രമങ്ങള്‍ ലോകത്തെമ്പാടും നടക്കുന്നുമുണ്ട്. ഈ പ്രക്രിയയെ ഓഗ്മെന്റേഷന്‍ എന്ന് വിളിക്കുന്നു. ഏതൊക്കെ മേഖലകളിലാണ് സാധ്യതകളെന്ന് പട്ടികയില്‍ നിന്ന് മനസ്സിലാക്കാം:മനുഷ്യര്‍ മേല്‍ക്കോയ്മ നിലനിര്‍ത്താനിടയുള്ള മേഖലകള്‍

മനുഷ്യര്‍ക്ക് നഷ്ടപ്പെടാനിടയുള്ള ജോലികള്‍
സ്‌കില്‍ അക്വിസിഷന്‍, റീസ്‌കില്‍, അപ്സ്‌കില്‍ എന്നീ മന്ത്രങ്ങള്‍ ലോകമെങ്ങും മുഴങ്ങുമ്പോള്‍ നമുക്ക് മാത്രം മാറിനില്‍ക്കാനാവില്ല. വിദ്യാഭ്യാസരീതികള്‍ കാലാനുസൃതമായി മാറുന്നതിനൊപ്പം, നൈപുണ്യവികസനത്തിനും മറ്റുമുതകുന്ന സ്‌കില്‍ പാര്‍ക്കുകളും, ഫിനിഷിങ് സ്‌കൂളുകളും ധാരാളമായി ആവശ്യമുണ്ട്. ഇന്നത്തെ കോച്ചിങ് സെന്റര്‍ സംസ്‌കാരം ശരിക്കും തൊഴില്‍വൈദഗ്ധ്യം ഉറപ്പുവരുത്തുന്ന ഇത്തരം കേന്ദ്രങ്ങള്‍ക്കായി വഴിമാറേണ്ടതുണ്ട്. ഇക്കാലത്ത് ഒരു സര്‍ട്ടിഫിക്കറ്റ് കയ്യിലുള്ളതുകൊണ്ട് ആരും തൊഴില്‍ നല്‍കില്ല എന്നത് ഒരു വസ്തുതയാണ്. മാത്രവുമല്ല, ലോകത്തെ പ്രമുഖ സ്വകാര്യകമ്പനികളൊക്കെ ഇപ്പോള്‍ കോളേജ് ഡിഗ്രി ഒരു മാനദണ്ഡമായി കണക്കാക്കുന്നില്ല. നാലാം വ്യാവസായികവിപ്ലവമെന്ന് ലോകം വിളിക്കുന്ന ഇക്കാലത്തെ വിശേഷിപ്പിക്കാന്‍ VUCA (Vulnerable, Uncertain, Complex and Ambiguous) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഇക്കാലത്തെ അതിജീവിക്കാന്‍ പ്രമുഖ വിദ്യാഭ്യാസ, കരിയര്‍ വിദഗ്ധനായ ടോണി വാഗ്നര്‍ (Tony Wagner) നിര്‍ദേശിക്കുന്ന ഏഴ് നൈപുണ്യങ്ങള്‍ ഇവയാണ്:
കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ മനസ്സിനെ പരുവപ്പെടുത്തലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനും പരിഹരിക്കാനുമുള്ള കഴിവ് ഇതിലൂടെ നേടുന്നു.

ഒരു ടീം പ്ലേയര്‍ക്ക് മാത്രമേ ഇക്കാലത്ത് അവസരങ്ങളുണ്ടാവൂ. കാരണം, ലോകമെമ്പാടും വലിയ കൂട്ടായ്മകളാണ് പ്രോജക്ടുകള്‍ നയിക്കുന്നത്. അവരോട് പിടിച്ചുനില്‍ക്കാന്‍ വ്യക്തികളുടെ കഴിവിന് പരിമിതിയുണ്ട്. തൊഴില്‍ദാതാക്കളെല്ലാംതന്നെ അവരുടെ ടീമിലുള്ള ഒഴിവുകളിലേക്കാണ് അന്വേഷണം നടത്തുന്നത്.
പഠിച്ചതേ പാടൂ എന്ന മന്ത്രം ഇക്കാലത്ത് നടപ്പില്ല. മെക്കാനിക്കല്‍ എന്‍ജിനീയര്‍ ചിലപ്പോള്‍ ഐ.ടി. മേഖലയിലായിരിക്കും ജോലിചെയ്യുക. ജോലികളെല്ലാം വ്യക്തികളില്‍ ഒളിഞ്ഞിരിക്കുന്ന നൈപുണ്യങ്ങള്‍ക്കൊപ്പം അവര്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് എത്ര മാറാന്‍ സാധിക്കും എന്നുകൂടി അളക്കുന്നുണ്ട്.
നിയതമായ തൊഴിലുകളും തൊഴിലിടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നകാലത്ത്, സ്വന്തം തൊഴിലിലോ പുറത്തോ നൂതനാശയങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും മാത്രമേ നിലനില്‍പ്പുള്ളൂ.

റിച്ചാഡ് ബ്രാന്‍സന്റെ അഭിപ്രായത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നൈപുണ്യം ആശയവിനിമയപാടവമാണ്. മറ്റുള്ളവരെ ക്ഷമയോടെ കേള്‍ക്കുക, അഭിപ്രായസമന്വയത്തിലൂടെ ഭാവിതീരുമാനങ്ങള്‍ എടുക്കുക, ഇതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുക.
ഡാറ്റയാണ് ഇന്നത്തെ രാജാവ്. അങ്ങനെവരുമ്പോള്‍ കൃത്യമായ ഡാറ്റയുടെ ലഭ്യതയ്‌ക്കൊപ്പം അത് കൃത്യമായി പ്രോസസ്‌ചെയ്ത്, വിലപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളവര്‍, അവര്‍ ഏത് വിഷയം പഠിച്ചവരുമാകട്ടെ, തൊഴില്‍രംഗത്ത് ചക്രവര്‍ത്തികളായി വിരാജിക്കും! എന്തെങ്കിലും ഒരു വിഷയം ഇന്റര്‍നെറ്റില്‍ പരതി വ്യക്തവും സുദൃഢവുമായ തീരുമാനങ്ങളിലെത്തിച്ചേരാന്‍ നിങ്ങള്‍ക്കുള്ള കഴിവ് എത്രയുണ്ടെന്ന് ഒന്ന് പരിശോധിക്കുന്നത് നന്നാവും.
കണ്‍സ്യൂമര്‍ താത്പര്യങ്ങള്‍ നയിക്കുന്ന ലോകത്ത് മനുഷ്യന്റെ ഭാവനയ്ക്കും ഇച്ഛാശക്തിക്കും മറ്റൊന്നും പകരംവയ്ക്കാനാവില്ല. പുതിയ കണ്ടെത്തലുകളും ഉത്പന്നങ്ങളും സംരംഭങ്ങളെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നു നമ്മള്‍. നിങ്ങളുടെ ഭാവനയെ ചിറകുവിടര്‍ത്തി വിടുന്നതിനൊപ്പം യാഥാര്‍ഥ്യബോധത്തിന്റെ കെട്ടുകള്‍കൂടി ഇട്ടുനോക്കൂ.

നഷ്ടപ്പെടുന്ന ജോലികളില്‍ ഏറിയപങ്കും കുറഞ്ഞ വിദ്യാഭ്യാസം ആവശ്യമുള്ളവയും അധികം വൈദഗ്ധ്യം വേണ്ടാത്തവയുമാണെന്ന് കാണാം. 2022 ആകുമ്പോഴേക്കും 13 കോടിയോളം തൊഴിലവസരങ്ങള്‍ നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുമെന്ന് കരുതപ്പെടുന്നു. എന്നാല്‍, നിലവിലുള്ള എട്ടുകോടിക്കടുത്ത് തൊഴിലുകള്‍ ഇതേ സാങ്കേതികവിദ്യതന്നെ ഇല്ലാതാക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അധികമായുണ്ടാകുന്ന തൊഴിലുകളുടെ സ്വഭാവം, സ്ഥിരത, കേന്ദ്രീകരിക്കുന്ന സ്ഥലങ്ങള്‍ ഇവയെല്ലാം ഇന്നുള്ളതില്‍നിന്ന് വ്യത്യസ്തമായിരിക്കും. കരാര്‍ജോലികളും വിദൂരങ്ങളിലുള്ള ഓഫീസുകളുടെ മാനേജ്മെന്റുമെല്ലാം ഇതില്‍ കൂടുതലായേക്കും.

ബോക്‌സില്‍ വലത്തെ കോളത്തിലുള്ള കഴിവുകളൊക്കെ യന്ത്രങ്ങള്‍ക്ക് മനുഷ്യനേക്കാള്‍ കൃത്യവും സൂക്ഷ്മവുമായി ചെയ്യാമെന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ലോകത്തെ വിവിധ ഭാഷകള്‍ മനസ്സിലാക്കാനും പരിഭാഷപ്പെടുത്താനും യന്ത്രങ്ങള്‍ക്കിന്ന് വളരെയെളുപ്പത്തില്‍ സാധിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായി വിവിധ ജോലികള്‍ ചെയ്യാന്‍ യന്ത്രത്തിന് സാധിക്കുമ്പോള്‍ ഇടത്തേ കോളത്തില്‍ പ്രതിപാദിക്കുന്ന കഴിവുകള്‍ സ്വായത്തമാക്കുക യന്ത്രങ്ങള്‍ക്ക് ദുഷ്‌കരമാണ്. അതിനാല്‍ അവയില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് സ്വാഭാവികമായും അവസരങ്ങള്‍ വര്‍ധിക്കും.

വിദ്യാഭ്യാസത്തില്‍ പാഠഭാഗങ്ങളില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ക്കൊപ്പംതന്നെ സ്വായത്തമാക്കേണ്ടവയാണ് സോഫ്റ്റ് സ്‌കില്‍സ്, ലൈഫ് സ്‌കില്‍സ് എന്നിവ. നമ്മുടെ പാഠ്യപദ്ധതികള്‍ ഇവ നേടിയെടുക്കുന്നതില്‍ വിദ്യാര്‍ഥികളെ അധികം സഹായിക്കുന്നില്ലെന്ന് പറയേണ്ടതില്ലല്ലോ? വരുംകാലത്ത്

സോഫ്റ്റ് സ്‌കില്‍സ് എല്ലാവര്‍ക്കും അവശ്യംവേണ്ട ഒന്നാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതായത്, അവ കേവലം ഇന്റര്‍വ്യൂവുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഉപാധികളല്ല; പകരം ജോലിയില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ട നൈപുണ്യമായി മാറും.
മില്ലേനിയല്‍സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇപ്പോഴത്തെ യുവതലമുറയ്ക്ക് തൊഴില്‍ നഷ്ടപ്പെടാനിടയാക്കുന്നതായി പറയുന്ന കാരണങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണം (സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ത്വര, ആത്മവിശ്വാസമില്ലായ്മ, ഉത്കണ്ഠ, ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ, ദീര്‍ഘവീക്ഷണമില്ലായ്മ) സോഫ്റ്റ് സ്‌കില്‍ ഇല്ലാത്തതിന്റെ ലക്ഷണമായി കരുതുന്നു. ഗണിതവും ശാസ്ത്രവും ഭാഷയുമൊക്കെപ്പോലെ ഇവയും പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു:
ഒറ്റയ്ക്കും കൂട്ടായും പ്രവര്‍ത്തിക്കാനുള്ള കഴിവ്.

കാര്യങ്ങള്‍ കേള്‍ക്കുന്നപടി വിഴുങ്ങാതെ വിമര്‍ശനബുദ്ധിയോടെ സമീപിക്കാനും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുവാനുള്ള കഴിവ്.

സ്വന്തം ജോലിയെയും, സഹപ്രവര്‍ത്തകരെയും മനസ്സിലാക്കുന്നതിനോടൊപ്പം തന്നില്‍ മറ്റുള്ളവര്‍ക്കുള്ള വിശ്വാസം ഒരിക്കലും തകരാതിരിക്കാനുള്ള ശ്രദ്ധ.

സ്വന്തം കഴിവുകളെക്കുറിച്ച് കൃത്യമായ ബോധവും കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമവും ഇതിനാവശ്യം.

ഏത് കാര്യവും മനസ്സിലാക്കുന്നതിനോടൊപ്പം മറ്റുള്ളവരോട് ആശയവിനിമയം നടത്താനുള്ള കഴിവ്. നേതൃപാടവത്തിന് ഏറ്റവും ആവശ്യമുള്ള ശേഷി.

ഏത് പ്രതിസന്ധികളിലും മുന്നോട്ട് പോകാന്‍ പുതിയ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാനുള്ള ഭാവനാത്മകമായ ചിന്താശേഷി.

ഏറ്റെടുക്കുന്ന ജോലികളില്‍ അര്‍പ്പണബോധത്തോടെ പൂര്‍ത്തിയാക്കാനുള്ള ദൃഢനിശ്ചയം

പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താനും അപ്രധാനമായവ മാറ്റിവയ്ക്കാനും ഇതത്യാവശ്യം.

(ഡോ. ജിജോ പി. ഉലഹന്നാന്‍ ലേഖകന്‍ കാസര്‍കോട് ഗവ. കോളേജിലെ ഫിസിക്സ് വിഭാഗം അധ്യാപകനാണ് )

-ജി.കെ. ആന്‍ഡ് കറന്റ് അഫേഴ്സ് മാസിക ജൂലായ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്-

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം