Categories
Look Me

തട്ടിപ്പ് നടത്താനെന്താ ലീഗ് നേതാക്കളുടെ മക്കൾക്ക് ലൈൻസുണ്ടോ? മുഹമ്മദ് വാണിമേലിൻ്റെ ചോദ്യം

കോഴിക്കോട്: വണ്ടി ചെക്ക് നൽകി പറ്റിച്ച നേതാവിൻ്റെ മകനെ ന്യായീകരിക്കുന്ന അണികളോടും മാധ്യമങ്ങളോടും തനിക്ക് ചിലത് ചോദിക്കാനുണ്ടെന്ന് പ്രവാസിയായിരുന്ന വാണിമേൽ സ്വദേശി മുഹമ്മദ്.

മുസ്ലിം ലീഗ് ദേശീയ നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം.പിയുടെ മകന് തട്ടിപ്പ് നടത്താൻ എന്താ ലൈസൻസുണ്ടോ? മാർക്സിസ്റ്റ് നേതാക്കളുടെ മക്കൾ മാത്രം നേർവഴിക്ക് നടന്നാൽ മതിയോ? യുഡിഎഫ് നേതാക്കളുടെ മക്കളുടെ തട്ടിപ്പും വഞ്ചനയും മാധ്യമ വാർത്തയാക്കില്ലെ? പതിറ്റാണ്ടുകളോളം മരുഭൂമിയിൽ വിയർപ്പൊഴുക്കി നേടിയ സമ്പാധ്യം നഷ്ടപ്പെട്ടു പോയതിൻ്റെ വേദനയും ഒരു പതിറ്റാണ്ടോളമായി തുടരുന്ന നീതി നിഷേധവും രോക്ഷമായി പുറത്തു വരികയാണ്.

മുഹമ്മദ് ട്രൂ വിഷൻ ന്യൂസുമായി സംസാരിച്ചു. ദുബായിൽ ‘ഡീലക‌്സ‌് ലോൺട്രി’ എന്ന പേരിൽ ലോൺട്രി സർവീസ‌് നടത്തുകയാണ‌് വാണിമേലിലെ ചെന്നാട്ട‌് മുഹമ്മദ്‌.

ഇ ടി മുഹമ്മദ‌് ബഷീർ എംപിയുടെ മകൻ കോഴിക്കോട‌് നഗരത്തിൽ കടമുറി വിൽപ്പനയുടെ പേരിൽ 20 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ഇദ്ദേഹത്തിൻ്റെ പരാതി.

ഇ ടി യു ടെ മകൻ തനിക്ക് നൽകാനുള്ള പണം ചോദിച്ചപ്പോൾ രണ്ട് പ്രാവശ്യം വണ്ടിച്ചെക്ക‌് നൽകി കബളിപ്പിച്ചതായാണ് പ്രവാസിയായ മുഹമ്മദ‌് പറയുന്നത്.

പ്രാദേശിക മുസ്ലിംലീഗ‌് നേതാക്കൾ മുഖേന ഇ ടി മുഹമ്മദ‌് ബഷീറിനെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും മുഹമ്മദ‌് പറയുന്നു.

കോഴിക്കോട‌് ബാങ്ക‌് റോഡിലെ ഗൾഫ‌് ബസാറിലെ മുറികൾ വിൽപ്പന നടത്തിയാണ‌് ഇ ടിയുടെ മകൻ ഇ ടി ഫിറോസും സംഘവും പണം തട്ടിയത‌് എന്ന് മുഹമ്മദ് പറയുന്നു.

2009ൽ മൂന്ന‌് മുറികൾ 30 ലക്ഷം രൂപ നിരക്കിൽ വിറ്റു. കുറച്ച‌് മാസങ്ങൾക്കുശേഷം മൂന്ന‌് മുറിയും തിരികെ വാങ്ങി.

1.17 കോടി രൂപ വിലയിട്ടാണ‌് കട തിരിച്ചെടുത്തത‌്. മൂന്ന‌് മുറികൾ മാത്രമായി ഒരാളുടെ കൈവശമായത‌് മറ്റ‌ുള്ളവയുടെ കച്ചവടത്തിന‌് തടസ്സമാണെന്ന‌് പറഞ്ഞാണ‌് തിരിച്ചു വാങ്ങിയത‌്.

പല തവണയായി ഒരു കോടിക്കടുത്ത‌് നൽകി. ബാക്കി 20 ലക്ഷം രൂപ തിരികെ ലഭിക്കാൻ പത്തുവർഷമായി ഫിറോസിന്റെ പിന്നാലെ നടക്കുകയാണെന്ന് മുഹമ്മദ‌് പറയുന്നു.

തൻ്റെ പണംകിട്ടില്ലെന്ന്‌ കണ്ടതോടെയാണ്‌ രണ്ടുകൊല്ലം മുമ്പ്‌ നാദാപുരം കോടതിയിൽ വണ്ടിച്ചെക്ക‌് നൽകി കബളിപ്പിച്ചതിന‌് കേസ‌് നൽകിയെന്നും മുഹമ്മദ് പറഞ്ഞു.

“കേസ് നടക്കുന്നതിനിടെ വീണ്ടും ഒത്തുതീർപ്പ് ശ്രമവുമായി അവർ വന്നു. ഇതിനിടെ നാദാപുരം മുൻസീഫ് കോടതി കേസ് തളളി. താൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുമ്പോൾ ഒരു മധ്യസ്ഥനെ നിർത്തി മറ്റൊരു ചെക്ക് കൂടി നൽകി. ഇതും അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയിട്ടുണ്ട്. ” മുഹമ്മദ് പറഞ്ഞു.

READALSO ; 20 ലക്ഷം തട്ടിയെടുത്തതായി വാണിമേൽ സ്വദേശിയുടെ ആരോപണം; മകന്റെ ബിസിനസ്‌ കാര്യത്തിൽ ഇടപെടാറില്ലെന്ന് ഇ ടി

ഇതിനിടെ മുഹമ്മദിനെതിരെ പ്രാദേശിക ലീഗ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നു. കുറ്റാരോപണത്തിന്റെ വിശദീകരണം….. എന്ന പേരിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ….

“ഇ. ടി. മുഹമ്മദ് ബഷീർ മകൻ, ഇ .ടി. ഫിറോസിന് എതിരെ ഇന്ന് 22. 09.2020 കൈരളി ന്യൂസ് ചാനലിൽ വന്ന മുഹമ്മദ് വാണിന്മേൽ ഉന്നയിച്ച സാമ്പത്തിക കുറ്റാരോപണത്തിന്റെ വിശദീകരണം.

ഇ.ടി. ഫിറോസിന്റെ കൂട്ടായ ഉടമസ്ഥതയിൽ ഉള്ള കോഴിക്കോട് ഫോറിൻ ബസാർ എന്ന ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന മൂന്നു പീടിക മുറികൾ പത്തു വർഷത്തിന് മുൻപ് 2009 ൽ മേൽപ്പറഞ്ഞ മുഹമ്മദ് എന്ന വ്യക്തി അഡ്വാൻസ് നൽകി വിലക്ക് വാങ്ങാൻ തീരുമാനിച്ചിരുന്നു.

എന്നാൽ തുടർന്ന് ബാക്കി തുക തന്നു കച്ചവടം പൂർത്തിയാക്കുവാൻ കഴിയില്ല എന്ന് മുഹമ്മദ് എന്ന വ്യക്തി അറിയിച്ചതിനെ തുടർന്ന് അഡ്വാൻസ് തുക മടക്കിനൽകേണ്ട ആവശ്യത്തിലേക്കായി ഫിറോസ് ചെക്കുകൾ നൽകിയിരുന്നു.

ഇതുപ്രകാരം അഡ്വാൻസ് തുക തവണകളായി മുഹമ്മദിന് തീർത്തുകൊടുക്കുകയും ചെയ്തു. അഡ്വാൻസ് തുക പൂർണമായി കിട്ടിബോധിച്ചതിനു ശേഷം അമിതലാഭം ആവശ്യപ്പെട്ടുകൊണ്ട് മുഹമ്മദ് ഫിറോസിനെ പലതവണ സമീപിക്കുകയും ചെയ്തു. ന്യായമായ ആവശ്യമല്ലാത്തതിനാൽ ഫിറോസ് അത് നിരാകരിക്കുകയും ചെയ്തു. പിന്നീട് ഫിറോസ് മുൻ‌കൂർ ആയി നൽകിയിരുന്ന ചെക്ക് ഉപയോഗിച്ചു മുഹമ്മദ് കോഴിക്കോട് കല്ലാച്ചി കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു.

തുടർന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തികരേഖകളും ഫിറോസ് കോടതിയിൽ ഹാജരാക്കുകയും മുഹമ്മദ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും വ്യാജമാണെന്ന് ബഹുമാനപ്പെട്ട കോടതിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ 2018 ൽ കേസ് തള്ളുകയുമാണ് ചെയ്തത്.

ഇതോടുകൂടി ഇത് അവസാനിക്കുകയും ചെയ്തു. ഇതിനുശേഷം മുഹമ്മദ് കോടതിയിൽ ഒരു അപ്പീൽ പോലും ഫയൽ ചെയ്തിട്ടില്ല.

ഈ കോടതി വ്യവഹാരങ്ങളെല്ലാം മനപ്പൂർവം മറച്ചുവെച്ചുകൊണ്ടാണ് മുഹമ്മദ് ഈ ആരോപണം ഉന്നയിക്കുകയുണ്ടായത്.”

ഇതിനും മുഹമ്മദിന് മറുപടിയായി മുഹമ്മദിൻ്റെ വാക്കുകൾ . നേതാവിൻ്റെ മാനം രക്ഷിക്കാൻ ഇവർ പറയുന്നതല്ലാം നുണയാണ്. എനിക്ക് അർഹതപ്പെട്ട തുകയാണ് ആവശ്യപ്പെട്ടത്. അമിതലാഭമല്ല. ഇതിന് നിരവധി സാക്ഷികളുണ്ട്.

ഞാൻ കോടതിയിൽ അപ്പിൽ നൽകിയിട്ടുണ്ട്. വണ്ടി ചെക്ക് കേസ് ഇപ്പൊഴും കോടതിയിൽ നടക്കുന്നുണ്ട് . ഒരാഴ്ച കഴിഞ്ഞു വാ… അടുത്ത ആഴ്ച്ച കാണാം എന്നു പറയും… അങ്ങനെ ആഴ്ചകൾ മാസങ്ങൾ പതിനൊന്നു വർഷമായി ഇയാൾ എന്നെ കളിപ്പിക്കുന്നു അത് കൊണ്ട് നല്ലവരായ നാട്ടുകാർ ഇടപെട്ടു എൻ്റെ ഹക്കായ എൻ്റെ പൈസ വാങ്ങിത്തരാൻ പരിശ്രമിക്കണമെന്നും മുഹമ്മദ് അപേക്ഷിക്കുന്നു.

എന്നാൽ വിഷയത്തെക്കുറിച്ച്‌ തനിക്ക്‌ അറിയില്ലെന്നും മകന്റെ ബിസിനസ്‌ കാര്യത്തിൽ ഇടപെടാറില്ലെന്ന് ഇ ടി മുഹമ്മദ്‌ബഷീർ എംപി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ വണ്ടി ചെക്ക് നൽകി കബളിപ്പിച്ചെന്ന പരാതിയിൽ വിശദീകരണം തേടി ഫിറോസിനെ ട്രൂവിഷൻ ന്യൂസിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഈ വിഷയത്തിൽ പ്രതികരിക്കാൻ താൽപ്പര്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP