കോവിഡ് 19 ; ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് ആദ്യമായി നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍

Loading...

ന്യൂഡല്‍ഹി : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് ആദ്യമായി നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ചുമതല സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രം ഏറ്റെടുത്തു.

സാധാരണയായി ആരോഗ്യസംബന്ധമായ വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണ്. എന്നാല്‍ കൊറോണ വൈറസ് രാജ്യത്തിനു തന്നെ ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം ദേശീയ ദുരന്തനിവാരണ നിയമപ്രകാരം (എന്‍ഡിഎംഎ) നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തരവിട്ടത്.

ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തുന്നതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ലോക്ക്ഡൗൺ കര്‍ഫ്യുവിനു സമാനമാണെന്നാണു കേന്ദ്രനിലപാട്. കൂടുതല്‍ ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നതു രോഗവ്യാപനം ത്വരിതപ്പെടുത്താന്‍ കാരണമാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

എന്‍ഡിഎംഎ നിയമത്തിന്റെ സെക്ഷന്‍ 10(2)(1) വകുപ്പ് പ്രകാരം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്ക് ഈ നിയമം രാജ്യവ്യാപകമായി പ്രാബല്യത്തിലുണ്ടാകും.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എന്‍ഡിഎംഎ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. വിവിധ വകുപ്പുകള്‍ അനുസരിച്ച് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. നിയമത്തിന്റെ 51 മുതല്‍ 60 വകുപ്പുകള്‍ പ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയാല്‍ ഒരു വര്‍ഷം തടവും പിഴയും ലഭിക്കാം.

ഇത്തരം നടപടികള്‍ മൂലം ആരുടെയെങ്കിലും ജീവന് അപകടമുണ്ടാകുകയോ വലിയ ആപത്തുണ്ടാകുകയോ ചെയ്താല്‍ രണ്ടുവര്‍ഷം വരെ ജയിലില്‍ കഴിയേണ്ടിവരും. തെറ്റായ മുന്നറിയിപ്പുകള്‍ നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം തടവ് ലഭിക്കും. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിന്റെ ഭാഗത്തുനിന്ന് കുറ്റം സംഭവിച്ചാല്‍ വകുപ്പ് മേധാവി ഉത്തരവാദി ആയിരിക്കും.

വീഴ്ച വരുത്തുന്ന ഓഫിസര്‍ക്ക് നിയമത്തിന്റെ 65-ാം വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടിവരും. നിയന്ത്രണ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എന്‍ഡിഎംഎ നിയമത്തിന്റെ 51 മുതല്‍ 60 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 188-ാം വകുപ്പ് പ്രകാരവും നടപടി സ്വീകരിക്കുമെന്നാണ് ലോക്ക്ഡൗൺ നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം