നടിയെ ആക്രമിച്ച കേസിൽ മാപ്പ് സാക്ഷിയായി ജയിൽ മോചിതനായ വിപിൻ ലാലിനെ ഹാജരാക്കാൻ നിർദേശിച്ച് വിചാരണക്കോടതി.

വിപിൻ ലാലിനെ നാളെ ഹാജരാക്കാനാണ് നിർദേശം. ദിലീപ് നൽകിയ ഹർജിയിലാണ് വിചാരണക്കോടതിയുടെ നടപടി.
വിചാരണ പൂർത്തിയാകാതെ മാപ്പ് സാക്ഷി ജയിൽ മോചിതനായത് ചോദ്യം ചെയ്തായിരുന്നു ദിലീപ് ഹർജി നൽകിയത്.
ഹർജി പരിഗണിച്ച കോടതി വിപിൻ ലാലിനെ നാളെ തന്നെ ഹാജരാക്കാൻ പൊലീസിനോട് നിർദേശിക്കുകയായിരുന്നു. വിപിൻ ലാലിനെ വിട്ടയച്ച രേഖകളുമായി ജയിൽ സൂപ്രണ്ടും ഹാജരാകണമെന്നും കോടതി പറഞ്ഞു.
ജാമ്യം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ വിപിൻ ലാലിനെ വീണ്ടും ജയിലിലേക്ക് അയയ്ക്കാനാണ് സാധ്യത. രേഖകൾ പരിശോധിക്കാതെ വിപിൻ ലാലിനെ വിട്ടയച്ച ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്കും സാധ്യതയുണ്ട്.
വിപിൻ ലാലിന്റെ പരാതിയിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് കെ. ബി ഗണേഷ്കുമാർ എംഎൽഎയുടെ പി.എ പ്രദീപിനെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്നാണ് വിപിൻ ലാൽ ജാമ്യത്തിൽ ഇറങ്ങിയതിന്റെ രേഖകൾ ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിൽ കോടതി നടത്തിയ പരിശോധനയിയിൽ വിപിൻ ലാലിന് ജാമ്യം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു.
News from our Regional Network
English summary: Case of assault on actress; The trial court directed that the apologetic witness be produced.