തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.
കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 3.6 മീ വരെ ഉയരത്തിൽ തിരമാല വീശിയേക്കും.
തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശക്തമായ കാലവർക്കാറ്റിനൊപ്പം തെക്കൻ മഹാരാഷ്ട്രാ തീരത്തെ ന്യൂനമർദ്ദപാത്തിയും മഴയ്ക്ക് കാരണമാണ്.
പ്രത്യേക നിർദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
ജൂലൈ അഞ്ച് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
There is a possibility of heavy rain and storm surge in the state today