പ്രളയക്കെടുതിയില്‍ ചത്തൊടുങ്ങിയത് ആയിരക്കണക്കിന് വളര്‍ത്തു മൃഗങ്ങള്‍

വെബ് ഡെസ്ക്

Loading...

സംസ്ഥാനത്തെ മുഴുവന്‍ ഭീഷണിയിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ നിന്ന് ലക്ഷക്കണക്കിനാളുകളെ ദുരിതാശ്വസ ക്യാംപിലേക്ക് മാറ്റി. നിലവില്‍ ഏഴര ലക്ഷത്തോളം പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. ഇതിനെല്ലാം പുറമെ ആയിരക്കണക്കിന് വളര്‍ത്തു മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. പല സ്ഥലങ്ങളിലും വെള്ളമിറങ്ങിയപ്പോള്‍ പശുവും പോത്തും എരുമയും അടക്കം നിരവധി വളര്‍ത്തു മൃഗങ്ങള്‍ ചത്ത കിടക്കുന്നതായിരുന്നു കാഴ്ച. അഴുകിയ ജഡങ്ങള്‍ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കില്‍ രോഗങ്ങള്‍ പടരാന്‍ ഇടയാക്കും. ഇതോടെ പ്രളയത്തിന് പിന്നാലെ കേരളം പകര്‍ച്ചവ്യാധി ഭീഷണി നേരിടുമെന്നുമുള്ള ഭീതിയിലാണ്.

എറണാകുളം പെരുമ്പാവൂരിനടുത്ത് പെരിയാറിലെ വെളളമിറങ്ങിയപ്പോള്‍ പശു, പോത്ത്, എരുമ എന്നീ വളര്‍ത്തു മൃഗങ്ങള്‍ ചത്തു കിടക്കുകയാണ്. ദൂരസ്ഥലങ്ങളില്‍ നിന്ന് പ്രളയത്തില്‍ ഒഴുകി വന്ന് അടിഞ്ഞതാണ്. സംസ്ഥാനത്തിന്റെ പലഭാഗത്തും സമാനമായ കാഴ്ചകളാണ്. പലര്‍ക്കും നായ്ക്കളെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. പരിസര പ്രദേശങ്ങളില്‍ വെളളം ഉയര്‍ന്നപ്പോള്‍ മരണ വെപ്രാളത്തില്‍ രക്ഷപെടാന്‍ ശ്രമിച്ച നിരവധി വളര്‍ത്തുമൃഗങ്ങള്‍ വീടുകളുടെ കിണറുകളില്‍ വീണ് ചത്തിട്ടുണ്ട്.

Loading...