Categories
Talks and Topics

മുഖ്യ ഊന്നൽ ദാരിദ്ര്യമകറ്റൽ ; ഒപ്പം ഡിജിറ്റൽ തൊഴിലവസരവും

കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള സാമൂഹികക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകുന്നതോടൊപ്പം വിജ്ഞാനസമ്പത്തിലൂന്നിയുള്ള വിപുലമായ ഡിജിറ്റൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതുമാണ് സംസ്ഥാന ബജറ്റ് 2021- 22.

സാമ്പത്തിക പ്രയാസങ്ങളും ശാരീരിക അവശതകളുംമൂലം കഷ്ടപ്പെടുന്ന ആളുകളെ തുണയ്ക്കുന്ന ക്ഷേമപെൻഷൻ വർധനയും, തൊഴിലുറപ്പുമുൾപ്പെടെയുള്ള മേഖലയ്ക്ക് 7000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

സൈബർ യുഗത്തിന്റെ വൻ സാധ്യതകളിലേക്ക് കുതിച്ചുചാടാനുള്ള കേരളത്തിന്റെ സവിശേഷ വിദ്യാഭ്യാസമികവ് ദീർഘദൃഷ്ടിയോടെ ഉപയോഗപ്പെടുത്താനുള്ള സമഗ്ര നിർദേശങ്ങളാണ് ബജറ്റിലെ പുതുമ.

തൊഴിൽരംഗത്ത് വനിതാപങ്കാളിത്തം കൂട്ടാനുള്ള ബൃഹദ് പദ്ധതി , അവർക്ക് അധ്വാനഭാരം കുറയ്ക്കാനുള്ള സ്മാർട്ട് കിച്ചൺ , സ്ത്രീപീഡനത്തിന് അറുതിവരുത്താനുള്ള സ്ഥിരം ഗ്രാമതല സംവിധാനം എന്നിവയാണ് മറ്റൊരു പ്രത്യേകത. കോവിഡിന് പ്രതിരോധ കുത്തിവെപ്പും ചികിത്സയും പൂർണമായി സൗജന്യം, വാഹനാപകടങ്ങളിൽ ആശുപത്രിയിലാകുന്നവർക്ക് ആദ്യ രണ്ടു ദിവസം സൗജന്യ ചികിത്സ , വയോജനങ്ങൾക്ക് വിലയിൽ ഇളവോടെ മരുന്നുകൾ വീട്ടിലെത്തിച്ചുകൊടുക്കൽ എന്നീ കാര്യങ്ങൾ പ്രശംസനീയമായ പുതിയ ചുവടുവെപ്പാണ്.

കെ ഫോൺ പദ്ധതി ആറുമാസത്തിനകം പൂർത്തിയാക്കൽ, ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക് ഷനും പകുതി വിലയ്ക്ക് ലാപ് ടോപ്പും ലഭ്യമാക്കൽ എന്നീ ജനപ്രിയ ഇനങ്ങളും ഏറെ അഭിനന്ദനീയംതന്നെ.

ജനജീവിതത്തിന്റെ എല്ലാ തുറകളെയും തൊട്ടുതലോടി കരുതലും പരിരക്ഷയും ഉറപ്പുനൽകുന്ന ബജറ്റിൽ സാധാരണക്കാരോടുള്ള എൽ ഡി എഫ് സർക്കാരിന്റെ കൂറും സഹാനുഭൂതിയും തെളിഞ്ഞുകാണുന്നുമുണ്ട്.

നാളികേരം, നെല്ല്, റബ്ബർ എന്നിവയ്ക്ക് താങ്ങുവില ഉയർത്തിയതടക്കം കാർഷികവളർച്ചയ്ക്കുള്ള പ്രോത്സാഹനങ്ങൾ,മൂന്ന് പ്രധാന വ്യവസായ ഇടനാഴികൾ, വയനാട് തുരങ്കപാത മുതലുളള അടിസ്ഥാന സൗകര്യ വികസനം, നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാനുള്ള കർമ്മപദ്ധതി, സാംസ്ക്കാരികരംഗത്തെ അനുഭാവപൂർണമായ നടപടികൾ, അതിഥിത്തൊഴിലാളികൾക്കുള്ള താമസ സൗകര്യമൊരുക്കൽ, ഉന്നതവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനുള്ള കാര്യക്ഷമമായ ഇടപെടൽ … എന്നിവയാലും വളരെ ശ്രദ്ധേയമാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ നല്ല ഉൾക്കാഴ്ചയുള്ള ബജറ്റ് .

അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന 30 ഇന്റർ യൂനിവേഴ്സിറ്റി സെന്ററുകൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഉപരിപഠന – ഗവേഷണരംഗത്ത് വലിയ ചലനമുണ്ടാക്കും. ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ വരുന്ന പകർച്ചവ്യാധി പ്രതിരോധ പഠനകേന്ദ്രവും ഇവയിൽ പെടും.

നൂതന അഭിരുചികളെയും കണ്ടുപിടുത്തങ്ങളെയും ഉത്തേജിപ്പിക്കുന്നതിന് പോസ്റ്റ് ഡോക്ടറൽ സ്ക്കോളർഷിപ്പും ഏർപ്പെടുത്തുന്നുണ്ട്. ഇതിനുപുറമെ നവസംരംഭകരെ ഏകോപ്പിച്ച് നയിക്കുന്നതിന് സ്റ്റാർട് അപ് മിഷനും വിഭാവനം ചെയ്യുന്നു.

കോവിഡ് അനന്തര സാഹചര്യത്തിൽ മറുനാടുകളിലെ ജോലി ഉപേക്ഷിച്ചുപോന്നവർക്കും ഉയർന്ന വിദ്യാഭ്യാസയോഗ്യതയുണ്ടായിട്ടും കുടുംബചുമതലകളിൽ മുഴുകിക്കഴിയുന്ന സ്ത്രീകൾക്കും തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ആദ്യം തുടങ്ങുക.

വർക്ക് അറ്റ് ഹോം – വർക്ക് നിയർ ടു ഹോം സംവിധാനത്തിൽ എട്ടുലക്ഷം തൊഴിലവസരമാണ് ലക്ഷ്യമിടുന്നത്.
“നോളജ് ഇക്കോണമി ” പരിപോഷണത്തിന്റെ ഭാഗമായുള്ള നൈപുണ്യ വികസനത്തിന് 250 കോടി രൂപ നീക്കിവെക്കുന്നുണ്ട്.

ഭാവികേരളത്തിന്റെ വികസനമർമ്മം തിരിച്ചറിഞ്ഞുകൊണ്ടുള്ള പദ്ധതികളാണിവയെന്നാണ് പ്രമുഖ ധനതത്ത്വ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന വികസന പ്രവൃത്തികൾക്ക് 1000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ലൈഫ് മിഷന്റെ സഹായത്തോടെ ഒന്നരലക്ഷം വീടുകൾകൂടി ഉടൻ നിർമിച്ചു നൽകും.

എല്ലാ വിഭാഗം റേഷൻ കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം തുടരുമെന്നതും ആശ്വാസകരമാണ്. ഏപ്രിൽമുതൽ ശമ്പളപരിഷ്ക്കരണം നടപ്പാക്കുമെന്ന പ്രഖ്യാപനം സർക്കാർ ജീവനക്കാരെയും സർവീസ് പെൻഷൻ കാരെയും സംതൃപ്തരാക്കുന്നു.

പ്രളയക്കെടുതികളിലും കൊറോണ വൈറസ് ബാധയിലും പതറിപ്പോയ ജനങ്ങളെ , ഒപ്പംനിന്ന് പിന്തുണച്ച് ആത്മധൈര്യം പകർന്ന പിണറായി വിജയൻ സർക്കാരിന്റെ ആറാം ബജറ്റാണിത്. തികച്ചും സന്തുലിതം; ജനപക്ഷം . നിയമസഭാ ചരിത്രത്തിൽ ഇടം കുറിച്ച് മൂന്നരമണിക്കൂർ നീണ്ട ധനമന്ത്രിയുടെ പ്രസംഗം ആദ്യന്തം ആവേശമുണർത്തുന്നതായിരുന്നു.

ഒട്ടേറെ സ്കൂൾ വിദ്യാർത്ഥികളുടെ പ്രതീക്ഷാനിർഭരമായ കവിതാശകലങ്ങൾ ഇടക്കിടെ ഉദ്ധരിച്ചതും ആസ്വാദ്യമായി. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെ: “മെല്ലെയെൻ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കട്ടെ …
ഉയരട്ടെ അതിലൊരു മനോജ്ഞമാം നവയുഗത്തിന്റെ പ്രഭാതശംഖൊലി….”

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The state budget 2021-22 prioritizes social welfare programs for surviving the Covid epidemic crisis and offers a wide range of digital jobs based on knowledge.

NEWS ROUND UP