May 4, 2024 04:18 PM

തിരുവനന്തപുരം: (truevisionnews.com) ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. കേരളത്തില്‍നിന്ന് 20 സീറ്റും നേടുമെന്ന് കെ.പി.സി.സിയുടെ വിലയിരുത്തല്‍.

തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി. നേതൃയോഗത്തിലാണ് കേരളത്തില്‍ മുഴുവന്‍ സീറ്റിലും വിജയിക്കാനാകുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് വിലയിരുത്തലുണ്ടായത്.

അതേസമയം നാല് സീറ്റുകളില്‍ കടുത്ത മത്സരം നടന്നതായും എങ്കിലും മുന്‍തൂക്കം യു.ഡി.എഫിന് തന്നെയാണെന്നുമാണ് യോഗത്തില്‍ ഉണ്ടായ വിലയിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, കണ്ണൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ് കടുത്ത മത്സരം നടന്നത്‌.

ഇവിടങ്ങളില്‍ ഭൂരിപക്ഷം കുറയുമെങ്കിലും പാര്‍ട്ടി വിജയം ഉറപ്പിക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനവും യോഗത്തിലുണ്ടായി.

യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ആക്ടിങ് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ പറയുകയുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി.

ഉദ്യോഗസ്ഥരില്‍ നല്ലൊരുവിഭാഗവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവികളാണെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് പിന്തുണ നല്‍കണമെന്നാണ് തീരുമാനം. വടകരയില്‍ ഇടതുപക്ഷം വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

ഷാഫിക്ക് എതിരായ വര്‍ഗീയ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും. ഇതിനായി 11-ാം തീയതി വടകരയില്‍ ഷാഫിക്ക് പിന്തുണയുമായി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

സൈബര്‍ സഖാക്കളുടെ നേതൃത്വത്തിലാണ് ഷാഫി പറമ്പിലിനെതിര വിദ്വേഷ പ്രചാരണം നടന്നതെന്നും വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന തരത്തിലുള്ളവയായിരുന്നു പ്രചാരണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഹസന്‍ വിമര്‍ശനം പറഞ്ഞു.

ഇതിനൊപ്പം രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന സി.പി.എം എം.എല്‍.എ. പി.വി. അന്‍വറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

നേതൃയോഗത്തില്‍ തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി എന്ന് പറഞ്ഞതായുള്ള വാര്‍ത്ത, സ്ഥാനാര്‍ഥിയായ കെ. മുരളീധരന്‍ തള്ളിക്കളഞ്ഞു.

തൃശ്ശൂരിലും കോഴിക്കോടും പ്രചാരണത്തില്‍ വീഴ്ചയുണ്ടായി എന്നുള്ള വാര്‍ത്ത മുരളീധരനും കോഴിക്കോടെ സ്ഥാനാര്‍ഥിയായ എം.കെ. രാഘവനും തള്ളി.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായി എന്നുള്ള പരാതിയില്ലെന്ന് ഇരുവരും വ്യക്തമാക്കി.

തൃശൂരില്‍ 50,000ല്‍ അധികം വോട്ടിന് യു.ഡി.എഫ്. ജയിക്കുമെന്നാണ് മുരളീധരന്‍ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടായില്ല. യു.ഡി.എഫ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നു കെ.സുധാകരന്‍ പറഞ്ഞു.



#LokSabhaElections: #KPCC #assesses #competition #fourseats

Next TV

Top Stories