(truevisionnews.com) ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ യാത്ര ജൂണ്‍ നാലിന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും.
കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസിന് തുടക്കമിടുന്നത്.
ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്റെ ആദ്യ യാത്ര തിരുവനന്തപുരത്തുനിന്ന് മഡ്ഗാവിലേക്കാണ്.നാല് ദിവസം നീളുന്ന യാത്രയാണ് ഒരുക്കിയിട്ടുള്ളതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ.ദേവിക മേനോന്‍ അറിയിച്ചു.
കേരളത്തില്‍ നിന്ന് ഗോവ, മുംബൈ, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് വിവിധ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. ചെന്നൈ ആസ്ഥാനമായ എസ്.ആര്‍.എം.പി.ആര്‍. ഗ്രൂപ്പുമായി സഹകരിച്ചാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ മാനേജിങ് ഡയറക്ടര്‍ ഇ.എക്‌സ്. ബേബി തോമസ് പറഞ്ഞു.
750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ രണ്ട് സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍, 11 തേര്‍ഡ് എ.സി, 2 സെക്കന്‍ഡ് എ.സി. എന്നിങ്ങനെയാണ് കോച്ചുകള്‍ ഒരുക്കിയിട്ടുള്ളത്.
മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരെയാണ് ട്രെയിനില്‍ നിയോഗിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ സ്‌റ്റേഷനുകളില്‍ നിന്ന് ട്രെയിനില്‍ കയറാം.
അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. വിവിധ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുമെങ്കിലും ബുക്കുചെയ്തവരെ മാത്രമായിരിക്കും ട്രെയിനില്‍ പ്രവേശിപ്പിക്കുക.
ഗോവയിലെ പ്രീമിയം ഹോട്ടലുകളില്‍ രണ്ട് രാത്രി താമസത്തിന് പുറമെ, വിനോദസഞ്ചാരികള്‍ക്ക് മഡ്ഗാവില്‍ നഗരയാത്രയും ഒരുക്കുന്നുണ്ട്. കാസിനോകള്‍, ബോട്ട് ക്രൂയിസ് പാര്‍ട്ടികള്‍, ഡി.ജെ. പാര്‍ട്ടികള്‍, ഗോവന്‍ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഈ യാത്രയുടെ ആകര്‍ഷണങ്ങളാകും.
താമസം ഉള്‍പ്പെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് ടു ടയര്‍ എ.സിയില്‍ 16,400 രൂപയാണ് നിരക്ക്. ത്രീ ടയര്‍ എ.സിയില്‍ 15,150, നോണ്‍ എ.സി. സ്ലീപ്പറില്‍ 13,999 രൂപയുമാണ് നിരക്ക്.
എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന അയോധ്യ യാത്രയുടെ പാക്കേജും ഒരുക്കിയിട്ടുണ്ട്. 30,500 രൂപ മുതല്‍ 37,150 രൂപ വരെയാണ് അയോധ്യ യാത്രയുടെ പാക്കേജ്.
അയോധ്യ, വാരാണാസി, പ്രയാഗ്‌രാജ്, എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനും ഗംഗാ ആരതി കാണാനുമുള്ള അവസരവുമാണ് പാക്കേജില്‍ ഒരുക്കിയിട്ടുള്ളത്.
വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും ഈ യാത്രയില്‍ ലഭിക്കുന്നത്. സമാനമായി മുംബൈ യാത്രയ്ക്കും പാക്കേജ് തയാറാക്കിയിട്ടുണ്ട്. ജൂണ്‍ മുതല്‍ പ്രതിമാസം ഓരോ ട്രിപ്പ് വീതമായിരിക്കും ഉണ്ടാകുക.
#DJParty #Travel #AC #Kerala #first #private #train #service #June