Categories
editorial

‘ആത്മപരിശോധനയും സ്വയംവിമർശനവും’ എന്ന പുതിയ തന്ത്രമൊരുക്കി ബി ജെ പി സംസ്ഥാന ഘടകം

വലിയ വിമർശങ്ങളും പരാതികളും ഉയരുന്നുണ്ടെങ്കിലും സി പി എം നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാരിന് ആർജിക്കാനാവുന്ന നേട്ടങ്ങളാണ് ബിജെപിയെ അലോസരപ്പെടുത്തുന്ന മറ്റൊരു ഘടകം

Spread the love

ഇന്ത്യയിൽ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും വേര് പായിക്കാൻ കഴിഞ്ഞ ബി ജെ പിക്ക് ആവനാഴിയിലെ ആയുധങ്ങളെല്ലാം പ്രയോഗിച്ചിട്ടും കയ്യെത്തിപ്പിടിക്കാൻ ഒട്ടുമേ സാധിക്കാത്ത മണ്ണാണ് കേരളം. ഒ .രാജഗോപാൽ എന്ന മുതിർന്ന നേതാവിനെ നിയമസഭയിലെ ഇരിപ്പിടത്തിലെത്തിച്ചു എന്ന ഏക നേട്ടം ഉണ്ടാക്കാനായത് തന്നെ കാലങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ്.

ബി ജെ പിയെ മുന്നിൽ നിർത്തി ആർ എസ്എസ് തന്നെ ചരടുവലികൾ നടത്തിയിട്ടും കേരളം അത്രയെളുപ്പത്തിൽ കൈപ്പിടിയിലൊതുക്കാൻ സാധിക്കാതെ വരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം സ്വയം ചോദിച്ചു നോക്കാത്തതാണ് ബി ജെ പിയുടെ ഏറ്റവും വലിയ പോരായ്മ എന്ന് തോന്നുന്നു.

Image result for p s sreedharan pillai

അവശേഷിച്ച കമ്മ്യൂണിസ്റ്റു തുരുത്തുകളിലൊന്നായ ത്രിപുര പോലും അവർ അനായാസേന കരവലയത്തിലാക്കി. ഇനി കേരളം പിടിച്ചടക്കുമെന്നു അമിത് ഷാ തന്നെ പ്രഖ്യാപനവും നടത്തി. ആ ഉദ്യമങ്ങളുടെ ഭാഗമായി നിരവധി തവണ അമിത് ഷാ കേരളത്തിലെത്തി. സാക്ഷാൽ പിണറായി വിജയൻറെ നാട്ടിലൂടെ , പിണറായിലൂടെ ഷായും പരിവാരങ്ങളും പദയാത്ര പോലും നടത്തിയിരുന്നു ഒരു ഘട്ടത്തിൽ. പക്ഷെ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് ഇനിയും അവർക്കു പിടികിട്ടിയിട്ടില്ല എന്ന് വേണം കരുതാൻ.

Image result for bjp state council kerala

സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്ണറാക്കിയതിനു ശേഷം രണ്ടു മാസത്തോളം അനാഥമായി കിടന്ന സംസ്ഥാന ബി ജെ ക്കു പ്രസിഡന്റായി ഒടുവിൽ പി എസ് ശ്രീധരൻ പിള്ള വന്നു. യുവതുർക്കി എന്നറിയപ്പെടുന്ന കെ സുരേന്ദ്രനെ പ്രസിഡണ്ട് ആക്കാൻ ഒരു വിഭാഗം കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. ബി ജെ പി സംസ്ഥാന ഘടകത്തിലെ ഗ്രൂപ് പോരാട്ടങ്ങൾ പരസ്യമാണ് താനും. അങ്ങനെ വരുമ്പോൾ ശ്രീധരന്പിള്ളയ്ക്ക് കുറച്ചു കൂടി അധ്വാനിക്കേണ്ടി വരും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുകയും ചെയ്തു.

ശ്രീധരൻ പിള്ള സംസ്ഥാന പ്രസിഡന്റ് ആയതിനു ശേഷമുള്ള സംസ്ഥാന കൗൺസിൽ യോഗം രണ്ടു ദിവസങ്ങളിലായി നടക്കുകയാണ്. പുറത്തു വരുന്ന സൂചനകൾ പ്രകാരം ആത്മ പരിശോധനയുടെയും സ്വയം വിമര്ശനത്തിന്റെയും പാതയിലാണ് ബി ജെ പി സംസ്ഥാന ഘടകം. നിയമസഭാ തെരഞ്ഞെടുപ്പിൽ നേടാനായ വോട്ട് പോലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിക്കില്ലെന്ന വിലയിരുത്തലാണ് കൗൺസിൽ യോഗത്തിലുണ്ടായത്.

Image result for p s sreedharan pillai

പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി കുത്തനെ കൂട്ടുന്ന കേന്ദ്ര സർക്കാരിന്റെ നടപടി സംസ്ഥാനത്തു പാർട്ടിയുടെ തിരിച്ചടിക്ക് ആക്കം കൂട്ടുമെന്നാണ് യോഗത്തിലെ ഏറ്റവും പ്രധാന വിലയിരുത്തൽ.ഈ വിഷയത്തിൽ ഇടതു പാർട്ടികൾ ദേശീയ തലത്തിൽ തന്നെ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോൾ അത് ഏറ്റവും ശക്തമായി നടന്നതും കേരളത്തിലാണ്. പെട്രോൾ വില വർധന ജനങ്ങൾക്കിടയിൽ കേന്ദ്രത്തിനെതിരെ കടുത്ത പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. കൗൺസിലിൽ ഏറെപ്പേരും ഉന്നയിച്ച വിഷയമിതാണ്.

Image result for bjp state council kerala

എൻ ഡി എ എന്ന സംവിധാനത്തിന്റെ ഭാഗമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒപ്പമുണ്ടായിരുന്ന പലരും ഇന്ന് കടുത്ത അസംതൃപ്തിയിലാണെന്നും വിലയിരുത്തലുണ്ടായി. ബി ഡി ജെ എസ്സിന്റെ അനിഷ്ടവും അസംതൃപ്തിയും കാണാതിരുന്നു കൂടാ. തുഷാർ വെള്ളാപ്പള്ളിക്ക് എം പി സ്ഥാനം നൽകിയിരുന്നുവെങ്കിൽ കൂടുതൽ ഗുണം ചെയ്തേനെ എന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. ബി ജെ പി നേരിട്ട് കളത്തിലിറങ്ങിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാൻ സാധിച്ചെന്നു വരില്ല. അതിനു എൻ ഡി എ ശക്തിപ്പെടുത്തണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

Image result for bjp state council kerala

വലിയ വിമർശങ്ങളും പരാതികളും ഉയരുന്നുണ്ടെങ്കിലും സി പി എം നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാരിന് ആർജിക്കാനാവുന്ന നേട്ടങ്ങളാണ് ബിജെപിയെ അലോസരപ്പെടുത്തുന്ന മറ്റൊരു ഘടകം. കേരളത്തെ തകർത്തെറിഞ്ഞ പ്രളയം സംഭവിച്ചപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ കാണിച്ച ജാഗ്രത അവർക്കു ജനങ്ങൾക്കിടയിൽ വലിയ മതിപ്പ് ഉണ്ടാക്കാനായി എന്ന വിലയിരുത്തലാണ് ബിജെപി യോഗത്തിലുണ്ടായത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം എതിർക്കപ്പെടേണ്ട വിഷയങ്ങൾ നിരവധി ഉയർന്നു വന്നിട്ടും അവയൊന്നും കാര്യമായ പ്രചാരണ പരിപാടി ആയി ഏറ്റെടുക്കാൻ ബിജെപി സംസ്ഥാന ഘടകത്തിന് സാധിചില്ലെന്ന വിമർശനവും യോഗത്തിലുണ്ടായി.

തെരഞ്ഞെടുപ്പുകളിൽ സ്ഥിരം സ്ഥാനാർത്ഥികൾ തന്നെ മത്സരത്തിനിറങ്ങുന്നത് ഒഴിവാക്കണമെന്നതാണ് യോഗത്തിലുയർന്ന മറ്റൊരു നിർദേശം. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ലഭിക്കുന്ന ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതിനെതിരെയും വിമർശനമുയർന്നു.

Image result for bjp state council kerala

ബി ജെ പിയുടെ ആത്മപരിശോധന ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിൽ എങ്ങനെ നേട്ടമുണ്ടാക്കാനാവും എന്നത് ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. പാർട്ടി എന്ന ഒറ്റക്കാഴ്ചപ്പാടിനപ്പുറം നേതാക്കളുടെ ഗ്രൂപ് തിരിഞ്ഞുള്ള ഇടപെടലുകളും സ്വയം നേട്ടമുണ്ടാക്കാനുള്ള കുടില ബുദ്ധിയുമാണ് ബിജെപിയെ കേരളത്തിൽ പിന്നോട്ടെടുപ്പിക്കുന്നതെന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. എങ്കിൽപ്പോലും ഇടതുപക്ഷത്തിനും കോൺഗ്രസ്സ് അടക്കമുള്ള മറ്റു പാർട്ടികൾക്കും നല്ല സ്വാധീനമുള്ള കേരളത്തിൽ ബിജെപിക്കു പതുക്കെയാണെങ്കിലും വേരുറപ്പിക്കാൻ സാധിക്കുന്നു എന്നത് യാഥാർഥ്യമാണ്. ആത്മപരിശോധനയും സ്വയം വിമർശങ്ങളും ഒരുപക്ഷെ അതിനുള്ള തന്ത്രവഴികളുമാവാം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS