‘ഇനിയൊരു മടങ്ങിവരവില്ല’; അഭ്യൂഹങ്ങള്‍ തള്ളി അലിസ്റ്റര്‍ കുക്ക്

Loading...

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ ഇംഗ്ലണ്ട് നായകന്‍ സര്‍ അലിസ്റ്റര്‍ കുക്ക്. ഇംഗ്ലണ്ടിനായി താന്‍ അവസാന മത്സരം കളിച്ചുകഴിഞ്ഞതായി ഇംഗ്ലീഷ് മാധ്യമം ദ് ഗാര്‍ഡിനയോട് കുക്ക് വ്യക്തമാക്കി.

ഇംഗ്ലണ്ടിനായുള്ള അവിസ്‌മരണീയ യാത്ര എന്നാണ് തന്‍റെ കരിയറിനെ അലിസ്റ്റര്‍ കുക്ക് വിശേഷിപ്പിക്കുന്നത്. ഇംഗ്ലണ്ടിനായി 12 അവിസ്‌മരണീയ വര്‍ഷങ്ങള്‍ കളിച്ചു. ഇനിയൊരു മടങ്ങിവരവില്ലെന്നത് സങ്കടമാണ്. പക്ഷേ, എന്‍റെ സമയം അതിമനോഹരമായിരുന്നു. അടുത്ത ജനറേഷനിലെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണിത്. അവരുടെ കളി കാണാനാണ് കാത്തിരിക്കുന്നതെന്നും ഇതിഹാസ ടെസ്റ്റ് ക്രിക്കറ്റര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് കുക്ക് ഇംഗ്ലീഷ് കുപ്പായത്തിനോട് വിട പറഞ്ഞത്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കുക്ക്. 34കാരനായ അലിസ്റ്റര്‍ കുക്ക് 161 ടെസ്റ്റുകളില്‍ നിന്ന് 33 സെഞ്ചുറികളടക്കം 12472 റണ്‍സ് നേടിയിട്ടുണ്ട്. 294 ആണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ടിനായി 92 ഏകദിനങ്ങളും കുക്ക് കളിച്ചു. അടുത്ത ആഷസില്‍ കുക്ക് കളിച്ചേക്കുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു.

Loading...