യുവതിയുടെ ഭീഷണിക്കത്ത് സമര്‍പ്പിച്ച് ബിനോയ് കോടിയേരി…യുവതിക്കെതിരെ കേരള പൊലീസ് കേസെടുക്കും

Loading...

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ബീഹാര്‍ സ്വദേശിനിക്കെതിരെ കേരള പൊലീസ് കേസെടുക്കും. തന്നെ ഭീഷണിപ്പെടുത്തുന്നതായി കാട്ടി മാസങ്ങള്‍ക്ക് മുമ്ബ് ബിനോയ് നല്‍കിയ പരാതിയിലാണ് കേസ്. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ബിനോയ് കോടിയേരി മേയ് മാസം പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐ.ജിക്ക് ലഭിച്ച പരാതി തുടര്‍ നടപടിക്കായി എസ്.പിക്ക് കൈമാറി. യുവതിയുടെ ഭീഷണിക്കത്തും തെളിവായി ബിനോയ് കോടിയേരി പൊലീസിന് കൈമാറിയിരുന്നു. ഇപ്പോള്‍ യുവതിയുടെ പരാതിയല്‍ മുംബയ് പൊലീസ് കേസെടുത്തതോടെയാണ് കേരള പൊലീസും നിയമ നടപടിയിലേക്ക് തിരിഞ്ഞത്.

വിവാഹ വാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചു എന്ന് ഒരു യുവതിയുടെ പരാതിയിലാണ് കേസ്. 33 കാരിയായ മുംബയ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബയ് ഓഷിവാര പൊലീസാണ് ജൂണ്‍ 13ന് എഫ്.ഐ.ആര്‍ രജിസ്റ്രര്‍ ചെയ്തത്. ബിനോയ് വിവാഹവാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം പിഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. 2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുബായില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്ബോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്‌ദാനം ചെയ്തു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്‌റ്റില്‍ ഫ്‌ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബായില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു. 2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സപെക്ടര്‍ ശൈലേഷ് പസല്‍വാ‌ര്‍ പറഞ്ഞു.

തനിക്കെതിരെ മുംബയില്‍ പൊലീസില്‍ യുവതി പരാതി നല്‍കിയത് ബ്ലാക്ക് മെയില്‍ ചെയ്ത് പണം വാങ്ങാനാണെന്ന് ബിനോയ് കോടിയേരി പറഞ്ഞു. അഞ്ച് കോടി രൂപയാണ് യുവതി ആവശ്യപ്പെട്ടത്. യുവതിയെ അറിയാം. എന്നാല്‍ അവരുടെ ആരോപണങ്ങള്‍ ബിനോയ് നിഷേധിച്ചു. അഭിഭാഷകനുമായി സംസാരിച്ച ശേഷം കൂടുതല്‍ വിശദീകരണം നല്‍കാമെന്നും ബിനോയ് അറിയിച്ചു. യുവതിക്കെതിരെ താനും പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും ബിനോയ് കോടിയേരി പറഞ്ഞു. .

Loading...