ഇനി ദാദാ യുഗം…. ബിസിസിഐ പ്രസിഡന്‍റായി ഗാംഗുലി ചുമതലയേറ്റു…

Loading...

മുംബൈ: ബിസിസിഐയുടെ 39-ാം പ്രസിഡന്‍റായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി ചുമതലയേറ്റു!!

മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഗാംഗുലി അധികാരമേറ്റതായി ബിസിസിഐ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്‍റ് പദവികളിലുണ്ടായിരുന്ന ഗാംഗുലി അടുത്ത ജൂലൈ അവസാനം സ്ഥാനം ഒഴിയേണ്ടി വരും.

പുതിയ ഭരണഘടന അനുസരിച്ച്‌ തുടര്‍ച്ചയായി 6 വര്‍ഷം ഭരണത്തിലിരുന്നവര്‍ മാറിനില്‍ക്കണമെന്ന നിര്‍ദേശം അനുസരിച്ചാണിത്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ്ജ്‌ ജോയിന്‍റ് സെക്രട്ടറിയായും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയായും ചുമതലയേറ്റു.

ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്‍റുമായ അനുരാഗ് ഠാക്കൂറിന്‍റെ ഇളയ സഹോദരനായ അരുണ്‍ ധുമല്‍ ട്രഷററായും പദവിയേറ്റെടുത്തു.

ബിസിസിഐയുടെ ഭാരവാഹിയാകുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോര്‍ജ്ജ്. എസ്കെ നായര്‍, ടിസി മാത്യു എന്നിവരാണ് ഇതിന് മുന്‍പ് ബിസിസിഐയില്‍ ഭാരവാഹികളായ മലയാളികള്‍.

ക്രിക്കറ്റ് ഭരണരംഗം ശുദ്ധീകരിക്കുന്നതിനായി സുപ്രീം കോടതി മുന്‍ സിഎജി വിനോദ് റായിയുടെ അദ്ധ്യക്ഷതയില്‍ നിയോഗിച്ച മൂന്നംഗ ഭരണസമിതിയുടെ 33 മാസ ഭരണത്തിനു ശേഷമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അധികാരമേറ്റത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം