കൽപറ്റ: ( www.truevisionnews.com ) ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി റായ്ബറേലിയിൽ കൂടി മത്സരിക്കാനിറങ്ങിയതോടെ ചൂട് പിടിച്ച വിവാദത്തിനിടെ പ്രിയങ്ക ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള ചർച്ചകളും സജീവമായി.
വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പാക്കി കോൺഗ്രസ് ഇപ്പോൾ തന്നെ മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി നിലവിലെ ബൂത്ത് തലത്തിലുള്ള വോട്ടർ പട്ടിക സൂക്ഷിച്ചുവെക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ കീഴ്ഘടങ്ങൾക്ക് നൽകിയാതായാണ് വിവരം.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ജയം സുനിശ്ചിമാണെന്നിരിക്കെ റായ്ബറേലിയിലും വിജയം ഉറപ്പാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
രണ്ടു മണ്ഡലത്തിലും രാഹുൽ ജയിച്ചു വന്നാൽ വയനാട് ഉപേക്ഷിക്കാനുള്ള സാധ്യത തന്നെയാണ് കോൺഗ്രസ് വൃത്തങ്ങളും നൽകുന്നത്. വയനാട്ടിൽ ഉപ തെരഞ്ഞെടുപ്പുണ്ടാകുകയും പ്രിയങ്ക ഗാന്ധി കന്നി മത്സരത്തിനിറങ്ങുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
സ്വന്തം കുടുംബമാണെന്ന് രാഹുൽ ആണയിട്ട് പറയുന്ന വയനാടിനെ ഉപേക്ഷിച്ചുവെന്ന പഴി സഹോദരിയുടെ സ്ഥാനാർഥിത്വത്തോടെ ഇല്ലാതാക്കാനും ഇതിലൂടെ കഴിയും. ഉത്തർ പ്രദേശിൽ ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. എന്നാൽ, റായ്ബറേലി രാഹുൽ നിലനിർത്തിയാൽ വയനാടിനെ ഗാന്ധി കുടുംബം കൈവിട്ടു വെന്ന പഴി കേൾക്കേണ്ടി വരും.
ഇതൊഴിവാക്കാൻ പ്രിയങ്ക വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ കന്നി അങ്കത്തിനിറങ്ങും. ഈ തീരുമാനത്തിന്റെ ഭാഗമായാണ് യു.പിയിൽ നിന്ന് പ്രിയങ്ക പിൻമാറിയതെന്നാണ് വിവരം.
അതേ സമയം, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രിയങ്കയല്ലാതെ കേരളത്തിൽ നിന്ന് ആര് മത്സരത്തിനിറങ്ങിയാലും ജയിച്ചു കയറുമോയെന്ന കാര്യത്തിൽ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പോലും ശുഭാപ്തി വിശ്വാസമില്ല. അഞ്ചിൽ നാല് നിയമസഭ മണ്ഡലങ്ങളും എസ്.പിയുടെ കൈയിലുള്ള റായ്ബറേലിയിൽ രാഹുലിന്റെ വിജയം സുനിശ്ചിതമാണെന്നാണ് കോൺഗ്രസ് പറയുന്നത്.
റായ്ബറേലിയെ ഗാന്ധി കുടുംബം കൈവിടില്ലെന്ന് സോണിയയും അവിടത്തുകാർക്ക് ഉറപ്പ് നൽകിയിരുന്നു. രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിന് സമാജ് വാദി പാർട്ടിയുടെ സമർദമുണ്ട്. ഈ നീക്കം ഇൻഡ്യ മുന്നണിക്ക് യു.പിയിൽ വലിയ ചലനമുണ്ടാക്കുമെന്നും പാർട്ടി വിലയിരുത്തിയിരുന്നു.
ഉത്തരേന്ത്യയിൽ ബി.ജെ.പിക്കെതിരെ മത്സരിക്കാത്തത് ഭയം കൊണ്ടാണെന്ന ഇൻഡ്യ മുന്നണിയിലെ തന്നെ ഘടക കക്ഷികളുടെ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കാലത്തെ ആരോപണത്തിന് തടയിടാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം സി.പി.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ രാഹുൽ ഉത്തരേന്ത്യയിൽ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം രാഹുൽ ഗാന്ധിയുടെ റായ്ബറേലി സ്ഥാനാർഥിത്വം നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും കേരളത്തിലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപനം ഉണ്ടായാൽ വയനാട് ഉപേക്ഷിക്കുമെന്ന മറ്റു പാർട്ടികളുടെ പ്രചാരണത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് പ്രഖ്യാപനം തെരഞ്ഞെടുപ്പിന് ശേഷമാക്കിയതെന്നും മുതിർന്ന നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
#byelection #wayanad #congress #started #preparations