(truevisionnews.com) റാണിപുരത്ത് മൊബൈല്‍ കവറേജില്ലെന്ന വിനോദസഞ്ചാരികളുടെ പരാതിക്ക് പരിഹാരമാകുന്നു. ഒടുവില്‍ ബി.എസ്.എന്‍.എല്‍. ഇവിടെ ടവറിന്റെ നിര്‍മാണം തുടങ്ങി. ഡി.ടി.പി.സി.യുടെ കീഴിലുള്ള റാണിപുരം റിസോര്‍ട്ടിന് സമീപമാണ് ടവറിന്റെ പ്രവൃത്തി പുരോഗമിക്കുന്നത്.
പ്രകൃതിഭംഗി ആസ്വദിക്കാനും ട്രക്കിങ്ങിനും വലിയ തോതില്‍ സഞ്ചാരികളെത്തുന്ന ഇടമാണ് റാണിപുരം. എന്നാല്‍ കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഇവിടെ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് സഞ്ചാരികളെ അകറ്റുകയാണ്. മൊബൈല്‍ കവറേജില്ലാത്തതാണ് സഞ്ചാരികളെ ഏറെ വലച്ചിരുന്നത്.
ഇക്കാരണത്താല്‍ പലപ്പോഴും വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികള്‍ ട്രക്കിങ് പൂര്‍ത്തിയാക്കി വേഗത്തില്‍ മലയിറങ്ങുകയാണ് പതിവ്. ഇന്റര്‍നെറ്റിന്റെ അപര്യാപ്തതയും പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്തതും കാരണം പലപ്പോഴും അഭ്യന്തര സഞ്ചാരികളുടെയടക്കം യാത്രാപട്ടികയില്‍നിന്ന് റാണിപുരത്തെ ഒഴിവാക്കുന്ന സ്ഥിതിയാണ്.
വനത്തിലൂടെയുള്ള ട്രക്കിങ്ങാണ് ഇവിടത്തെ പ്രധാന സവിശേഷത. കോടമഞ്ഞും പുല്‍മേടും നിറഞ്ഞ നടപ്പാതയിലൂടെ ട്രക്കിങ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെടുകയോ വഴി തെറ്റുകയോ ചെയ്താല്‍ പോലും ഫോണിലൂടെ പുറംലോകത്തെ അറിയിക്കാന്‍ കഴിയാത്തത് സഞ്ചാരികളെ ഏറെ വലച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രക്കിങ്ങിനിടെ സഞ്ചാരികള്‍ക്ക് വനത്തിനകത്ത് വഴിതെറ്റിയത് മണിക്കൂറുകള്‍ കഴിഞ്ഞാണ് പുറംലോകമറിഞ്ഞത്. സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടാലും വനാതിര്‍ത്തിയിലെ കൗണ്ടറിലെത്തി വിവരമറിയിക്കാന്‍ 2.5 കിലോമീറ്റര്‍ നടന്നുപോകണം.
റാണിപുരത്ത് റിസോര്‍ട്ടുകളില്‍ താമസസൗകര്യമുറപ്പിച്ച സഞ്ചാരികള്‍ പോലും ഫോണ്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ യാത്ര ഒഴിവാക്കുന്നത് പതിവാണ്.ഇത് സഞ്ചാരികള്‍ക്കൊപ്പം റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേ നടത്തിപ്പുകാര്‍ക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്.
കണ്ണും മനസ്സും നിറയ്ക്കുന്ന പ്രകൃതി ഭംഗി. അതാണ് റാണിപുരം. പുല്‍ച്ചെടികളുടെ പച്ചപ്പും കോടമഞ്ഞും മൂടിപ്പുതച്ച് കിടക്കുന്ന കുളിര്‍മയുടെ സൗന്ദര്യറാണി. 139 ഹെക്ടറില്‍ വ്യാപിച്ചുകിടക്കന്ന ജൈവവൈവിധ്യങ്ങളുടെ വനമേഖല.
നിബിഡവനങ്ങളും മലനിരകളും പുല്‍ത്തകിടികളും ചേര്‍ന്ന് ഭൂമിയൊരുക്കുന്ന റാണിപുരത്തെ കാഴ്ച വിവരണങ്ങളാല്‍ ഒതുക്കാന്‍ കഴിയുന്നതല്ല. കര്‍ണാടകയുടെ അതിര്‍ത്തി പങ്കിട്ട് പനത്തടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരം പ്രക്യതി കനിഞ്ഞനുഗ്രഹിച്ച പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്.
കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റര്‍ കിഴക്കോട്ടേക്ക് സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. സമീപകാലംവരെ മലയാളികളുടെ വിനോദസഞ്ചാര സാധ്യതകളില്‍ വലിയരീതിയില്‍ ഉള്‍പ്പെടാതിരുന്ന ഈ പ്രദേശം സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍ പോസ്റ്റുകളിലൂടെയാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയത്.
റോഡ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പോട്ടതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഏറെ വര്‍ധനവുണ്ടായി. വനംവകുപ്പിന് കീഴില്‍ റാണിപുരം വനസംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല.
കര്‍ണാടകയുടെ സൗന്ദര്യങ്ങളായ കുടക്, കുശാല്‍നഗര്‍, മൈസൂര്‍ റാണിപുരത്തിന്റെ അയല്‍ക്കാര്‍. പാണത്തൂരില്‍ നിന്ന് തലക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 60 കിലോമീറ്ററും എരുമാട് ദര്‍ഗ്ഗയിലേക്ക് 60 കിലോമീറ്ററും ദൂരമേയുള്ളൂ. റാണിപുരത്തെ കാലാവസ്ഥ ഊട്ടിയ്ക്ക് സമാനമാണ്.
കേരളത്തിന്റെ ഊട്ടിയെന്ന വിശേഷണം റാണിപുരത്തിന് വന്നത് അങ്ങനെയാണ്. അവധിക്കാലത്ത് സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സന്ദര്‍ശിക്കാനുള്ള മികച്ച സാധ്യതകളിലൊന്നാണ് റാണിപുരം. കെ.റ്റി.ഡി.സിയുടേത് ഉള്‍പ്പടെ നിരവധി താമസ സൗകര്യങ്ങളും ഇവിടെയുണ്ട്.
രണ്ടര മണിക്കൂറോളമുള്ള ഹൈക്കിങ്ങിനിടെ സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ഉള്‍പ്പടെ കൂടുതല്‍ സൗകര്യങ്ങള്‍ കൂടെ ഇവിടെ ഉണ്ടാവേണ്ടതുണ്ട്.
#ranipuram #hills #kerala #ooty #new #mobile #tower