രാജ്യത്തെ ആദ്യ വനിതാ സീരിയല്‍ കില്ലര്‍, ജോളിയുടെ മുന്‍ഗാമി, സയനൈഡ് മല്ലിക ഇരകളെ കീഴ്‌പ്പെടുത്തിയതിങ്ങനെ

Loading...

ബംഗളൂരു: 2002​- 2016 കാലയളവില്‍ സയനൈഡ് നല്‍കി കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കൂടത്തായിയിലെ ജോളിയുടെ ക്രൂരതയുടെ കഥകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് സയനൈഡ് മല്ലിക എന്ന പേര് കുറച്ച്‌ പേരുടെ മനസിലെങ്കിലും തെളിഞ്ഞുവരുന്നുണ്ടാകും. രാജ്യത്തെ ആദ്യത്തെ വനിതാ സീരിയല്‍ കില്ലറാണ് മല്ലിക.

ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മല്ലിക 1999​ -2007 കാലഘട്ടത്തില്‍ മാത്രമായി സയനൈഡ് നല്‍കി കൊലചെയ്തത് ഏഴ് പേരെയാണ്. ഇതുവരെ കണ്ടെത്തിയ വിവരമനുസരിച്ച്‌ മാത്രമാണിത്. 200 രൂപയ്ക്ക് ഒരു സ്വര്‍ണ പോളിഷിംഗ് ഷോപ്പില്‍ നിന്ന് സയനൈഡ് വാങ്ങി. ഏകദേശം രണ്ടായിരം പേരുടെ ജീവനെടുക്കാന്‍ ഇത് ധാരാളം.

തീവ്ര ഭക്തയായും, മന്ത്രവാദിയായും അഭിനയിച്ച്‌ വിവിധ പ്രശ്നങ്ങളനുഭവിക്കുന്നവരുമായി ആദ്യം സൗഹൃദത്തിലാകും. ഏതെങ്കിലും ദൂരെയുള്ള തീര്‍ത്ഥ സ്ഥലങ്ങളുടെ പേര് പറയുകയും, അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്യും. എന്നാല്‍ പോകുന്ന കാര്യം ആരും അറിയരുതെന്നും പ്രത്യേകം പറയും. തുടര്‍ന്ന് ഇരയെക്കൂട്ടിക്കൊണ്ടുപോകുകയും, തീര്‍ത്ഥജലമാണെന്നും മറ്റും പറഞ്ഞ് സയനൈഡ് നല്‍കി കൊലപ്പെടുത്തും. ശേഷം ആഭരണങ്ങള്‍ കവരും. തുടര്‍ന്ന് വില്‍പ്പന നടത്തുന്നതായിരുന്നു മല്ലികയുടെ പതിവ്.

അത്തരത്തില്‍ വില്‍പ്പന നടത്തുന്നതിനിടെ 2007 ഡിസംബര്‍ 31ന് മല്ലിക പിടിക്കപ്പെട്ടു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജുവലറി കടക്കാരനാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് മല്ലിക നല്‍കിയത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്ബരകളുടെ വിവരങ്ങള്‍ പുറത്ത് വന്നത്.

ഹൊസക്കോട്ടെ നിവാസി മമത(30), ഹെബ്ബാള്‍ നിവാസി പിള്ളമ്മ(60), ബാനസവാടിയിലെ എലിസബത്ത് (52), ചിക്കബൊമ്മസന്ദ്രയിലെ മുനിയമ്മ (60),​ഹെബ്ബാള്‍ നിവാസി നാഗവേണി(30)​എന്നിങ്ങനെ നീളുന്നു ഇരകളുടെ പേരുകള്‍. ഇതില്‍ ഹെബ്ബാള്‍ നിവാസി പിള്ളമ്മയെ ക്ഷേത്രങ്ങള്‍ കാണിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്.

മല്ലികയെ നുണപരിശോധനയ്ക്ക് വിധേയാക്കിയിരുന്നു. ഇതില്‍ നാഗവേണിയെ കൊലചെയ്തതിന്റെ പേരില്‍ ഒന്നാം അഡീഷനല്‍ റൂറല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി. ആണ്‍മക്കളുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് നാഗവേണിയെ കൂട്ടിക്കൊണ്ടുപോയി കൊലചെയ്തത്. ഇലക്‌ട്രിക് വയര്‍ കൊണ്ട് കഴുത്ത് ഞെരിച്ച ശേഷം സയനൈഡ് നല്‍കി കൊല്ലുകയായിരുന്നു.

1965 ല്‍ ജനിച്ച മല്ലിക ഭര്‍ത്താവും മക്കളുമായി അത്ര രസത്തിലായിരുന്നില്ല. അവരുമായി അകന്ന് കഴിഞ്ഞിരുന്ന ഇവര്‍ ചിട്ടി ബിസിനസ് തകര്‍ന്നതോടെയാണ് മോഷണത്തിലേക്ക് ഇറങ്ങിയത്. കെ.ഡി കെംപമ്മ എന്നാണ് മല്ലികയുടെ യഥാര്‍ത്ഥ പേര്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം