ജ്യൂസ് യന്ത്രത്തില്‍ നടുവിരല്‍ കുടുങ്ങി;ശസ്ത്രക്രിയക്ക് ശേഷം വേദന കടിച്ചമര്‍ത്തി ഗീത ജീവിതത്തിലേക്ക്…

Loading...

കടിച്ചമർത്തിയ വേദനയുടെ ഒരു മണിക്കൂർ ജീവിതത്തിൽ നിന്നു മറക്കാൻ ആഗ്രഹിക്കുകയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികൽസയിൽ കഴിയുന്ന ഇല്ലിവളവ് പാറയ്ക്കൽ ഗീത (36). കരിമ്പു ജ്യൂസ് യന്ത്രത്തിൽ കൈവിരലുകൾ കുടുങ്ങി വേദനയോടു മല്ലിടേണ്ടി വന്ന ഗീതയുടെ വലതു കൈയിലെ മോതിരവിരൽ മുറിച്ചുമാറ്റേണ്ടി വന്നു. നടുവിരൽ ശസ്ത്രക്രിയ നടത്തിയശേഷം വയറിനോടു ചേർത്തു തുന്നിവച്ചിരിക്കുകയാണ്.

ദശ വളർന്നു വരുന്നതിനായി ഒരു മാസം വിരൽ വയറിനോടു ചേർത്തു വയ്ക്കണം. തുടർന്നു വീണ്ടും ചെറിയ ശസ്ത്രക്രിയ നടത്തി കൈ സാധാരണ നിലയിലാക്കും. ഐരാറ്റുനടയ്ക്കു സമീപം കരിമ്പു ജ്യൂസ് വിൽപന നടത്തിയിരുന്ന ഗീതയ്ക്കു ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

മണർകാട് ഐരാറ്റുനടയ്ക്കു സമീപം വഴിയരികിൽ കരിമ്പിൻ ജ്യൂസ് കച്ചവടം നടത്തുകയാണ് ഗീത. ജ്യൂസ് തയാറാക്കാനായി യന്ത്രത്തിലേക്കു കരിമ്പു കയറ്റുമ്പോൾ അബദ്ധത്തിൽ വലതുകൈ വിരലുകളും കയറിപ്പോയി.നിലവിളിച്ച ഗീത യന്ത്രം ഓഫ് ചെയ്തെങ്കിലും വിരലുകൾ കുടുങ്ങിനിന്നു. ബസുകളിൽ വന്നവർ പോലും സംഭവം അറിഞ്ഞ് ഇറങ്ങി സഹായിക്കാനെത്തി. എല്ലാവരും ശ്രമിച്ചെങ്കിലും ഗീതയുടെ വിരലുകൾ യന്ത്രത്തിനുള്ളിൽനിന്ന് എടുക്കാനായിരുന്നില്ല.

മണർകാട്ടുനിന്ന് എസ്ഐ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ പൊലീസും കോട്ടയം ഫയർഫോഴ്സ് ഫയർസ്റ്റേഷൻ ഓഫിസർ ശിവദാസിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയുമെത്തിയാണ് യന്ത്രത്തിന്റെ മുകൾഭാഗം അഴിച്ചെടുത്തു കൈ പുറത്തെടുത്തത്. വിരലിന്റെ ഞരമ്പുൾപ്പെടെ മുറി​ഞ്ഞ നിലയിലായിരുന്നു.

Loading...