തൃശൂർ: ( www.truevisionnews.com ) കെ മുരളീധരനോട് തന്നെ പറ്റി ഒന്നും ചോദിക്കരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുകയാണെന്ന് ബിജെപി നേതാവും മുരളീധരന്റെ സഹോദരിയുമായ പദ്മജ വേണുഗോപാൽ.
ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും പദ്മജ പറഞ്ഞു.
കോൺഗ്രസിന്‍റെ കാര്യം നോക്കേണ്ടെന്ന മുരളീധരന്റെ പരാമർശത്തോടാണ് പദ്മജയുടെ പ്രതികരണം. ഫേസ്ബുക്കിലാണ് മുരളീധരനെതിരെയുള്ള പദ്മജയുടെ പരാമർശം ഉണ്ടായത്.
'ഇപ്പോഴും ഒന്നും പറയാമെന്നു എനിക്ക് ആഗ്രഹമില്ലായിരുന്നു. വെറുതെ ഇരിക്കുന്ന എന്നെ വെറുതെ തോണ്ടരുത്. 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ട്. ഇനി എനിക്കും സഹിക്കാൻ ബുദ്ധിമുട്ടുണ്ട്. അദ്ദേഹം പാർട്ടി പിളർത്തി ഡിഐസി ഉണ്ടാക്കി, എൻസിപിയിൽ പോയപ്പോൾ ഞാൻ വല്ലതും പറഞ്ഞോ? അന്ന് ഞാൻ കോൺഗ്രസ്സുകാരി ആയിരുന്നു.
പിന്നെ ഞാൻ ആരെ വിമർശിക്കണം എന്നുള്ളത് ഞാൻ തീരുമാനിച്ചോളാം. എന്നെ ഉപദേശിക്കേണ്ട. എന്തായാലും ഞാൻ പറഞ്ഞത് ശരിയായിരുന്നു എന്ന് അങ്ങേരു തന്നെ സമ്മതിച്ചല്ലോ. ഇപ്പോൾ ഞാൻ പറഞ്ഞു കൊടുത്തിട്ടാണ് എന്ന് പറയില്ലല്ലോ. സന്തോഷം. പിന്നെ കെ. മുരളീധരനെ പറ്റി എന്നോടും ഒന്നും ചോദിക്കരുത്. എത് ഒരു അടഞ്ഞ അധ്യായമാണ്.' -പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.
കോണ്‍ഗ്രസിന് കേരളത്തിൽ എല്ലായിടത്തും സംഘടന ദൗർബല്യം ഉണ്ടെന്ന് കെ മുരളീധരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും. മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കും. പത്മജ കോൺഗ്രസിന്‍റെ കാര്യം നോക്കണ്ട. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മുരളീധരൻ പറഞ്ഞു.
തൃശൂർ മാത്രമായി പ്രശ്നമില്ല. സെമി കേഡർ ഒന്നും അല്ല കോണ്‍ഗ്രസിന് വേണ്ടത്. താഴെക്കിടയിലുള്ള പ്രവർത്തനമാണ് വേണ്ടത്. ആള് കൂടണം. തൃശൂരിൽ യുഡിഎഫിന് പരാജയ ഭീതി ഇല്ല. സിപിഎം ബിജെപി അന്തർധാര നടന്നു. ജാവ്ദേക്കർ- ജയരാജൻ കൂടിക്കാഴ്ച്ച അതിന്‍റെ ഭാഗമാണെന്നും കെ. സുധാകരന്‍റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
#bjp #leader #padmajavenugopal #against #congress #leader #kmuraleedharan #remarks #congress