May 8, 2024 10:17 PM

ന്യൂഡല്‍ഹി: (truevisionnews.com) ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എന്തുകൊണ്ടാണ് അംബാനിക്കെതിരായും അദാനിക്കെതിരായും വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്തത് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

അവര്‍ ടെമ്പോയില്‍ പണം നല്‍കിയെന്ന് താങ്കള്‍ക്ക് എങ്ങനെ അറിയാമെന്ന് മോദിയോട് രാഹുല്‍ ചോദിച്ചു. 'സാധാരണയായി അദാനിയേയും അംബാനിയേയും കുറിച്ച് നിങ്ങള്‍ അടച്ചിട്ട മുറിയിലാണ് സംസാരിക്കാറുള്ളത്.

എന്നാല്‍, ആദ്യമായി നിങ്ങള്‍ അവരെക്കുറിച്ച് പൊതുയിടത്തില്‍ സംസാരിച്ചിരിക്കുന്നു. അവര്‍ ടെമ്പോയില്‍ പണം തന്നെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം. നിങ്ങള്‍ക്ക് വ്യക്തിപരമായ അനുഭവമുണ്ടോ?

എന്തുകൊണ്ടാണ് നിങ്ങള്‍ സി.ബി.ഐയേയോ ഇ.ഡിയേയോ അയക്കാത്തത്? നിങ്ങള്‍ ഭയക്കരുത്', രാഹുല്‍ പറഞ്ഞു. അവര്‍ക്ക് പ്രധാനമന്ത്രി കൊടുത്ത അത്രയും പണം തങ്ങള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് കൊടുക്കും.

മഹാലക്ഷ്മി യോജനയിലൂടെയും പെഹ്‌ലി നൗകരി യോജനയിലൂടെയും തങ്ങള്‍ ഒരുപാട് ലക്ഷാധിപതികളെയുണ്ടാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അംബാനിയേയും അദാനിയേയും കരുവാക്കി മോദി കോണ്‍ഗ്രസിനും രാഹുലിനുമെതിരെ വിമര്‍ശനമുന്നയിച്ചത്.

'അഞ്ചുവര്‍ഷമായി കോണ്‍ഗ്രസിന്റെ രാജകുമാരന്‍ ഒരുകാര്യം മാത്രമാണ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. റഫാല്‍വിഷയത്തില്‍ ശിക്ഷിക്കപ്പെടാതെ കടന്നുകൂടിയതിന് പിന്നാലെ അദ്ദേഹം പുതിയൊരു മന്ത്രം ആരംഭിച്ചു.

അഞ്ച് വ്യവസായികള്‍. അഞ്ച് വ്യവസായികള്‍. അഞ്ച് വ്യവസായികള്‍. ക്രമേണ അദ്ദേഹം അംബാനി-അദാനി എന്ന് പറയാന്‍ ആരംഭിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അംബാനിയെയും അദാനിയെയും ചീത്ത വിളിക്കുന്നത് അദ്ദേഹം നിര്‍ത്തി.

ഇന്ന് തെലങ്കാനയുടെ മണ്ണില്‍നിന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്, അവര്‍ അംബാനിയില്‍നിന്നും അദാനിയില്‍നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണം.

എന്തായിരുന്നു ഡീല്‍? എന്തുകൊണ്ടാണ് അംബാനിയെയും അദാനിയെയും ചീത്ത വിളിക്കുന്നത് പെട്ടെന്ന് നിര്‍ത്തിയത്. എന്തോ കുഴപ്പമുണ്ട്. നിങ്ങള്‍ അഞ്ചുവര്‍ഷം അവരെ ചീത്തവിളിക്കുന്നു, പിന്നെ ഉടനെ അത് നിര്‍ത്തുന്നു', എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

#How #you #Ambani #Adani #paying #tempo? #Rahul #replied #Modi

Next TV

Top Stories