പംപോര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊണ്ടോട്ടി: ജമ്മു കാഷ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി സൈനികന്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. മട്ടന്നൂരിനടുത്ത് കൂടാളി പഞ്ചായത്തിലെ കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടിൽ രതീഷ് (35) ആണ് ശനിയാഴ്ച പാംപോറിൽ ശ്രീനഗർ–ജമ്മു ദേശീയപാതയിൽ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മൂന്നു പേരാണ് മരിച്ചത്. ഡൽഹിയിൽ നിന്നു എയർ ഇന്ത്യ വിമാനത്തിൽ രാവിലെ ഒൻപതരേയോടെയാണ്് മൃതദേഹം കരിപ്പൂരിൽ എത്തിച്ചത്. രാവിലെ 8.15നു എത്തേണ്ട വിമാനം മൂടൽമഞ്ഞുമൂലം ഒരുമണിക്കൂർ വൈകിയാണ് എത്തിയത്. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മലപ്പുറം ഡെപ്യൂട്ടി കളക്ടർ അബ്ദുൾ റഷീദ്, തലശേരി തഹസിൽദാർ അബൂബക്കർ, ഡിവൈഎസ്പി പ്രദീപ് കുമാർ, ടെറിട്ടോറിയൽ ആർമി കേണൽ എ.ഡി.അകിലേ, സൈനിക വെൽഫയർ അസോസിയേഷൻ പ്രതിനിധി ജോഷി ജോസ്്, രാമചന്ദ്രൻ, കണ്ണൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും എത്തിയ പ്രത്യേക സൈനിക വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ വിമാത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. പിന്നീട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

സൈനിക ബഹുമതികളോടെ കണ്ണൂരിൽ പ്രതിരോധ കേന്ദ്രത്തിലെത്തിക്കുന്ന മൃതദേഹം നടപടിക്കു ശേഷം മട്ടന്നൂരിലും കൊടോളിപ്രത്ത് പ്രത്യേകം തയാറാക്കിയ സ്‌ഥലത്തും പൊതുദർശനത്തിന് വയ്ക്കും. കൊടോളിപ്രം വരുവക്കുണ്ടിലെ പരേതനായ പയ്യാടക്കൻ രാഘവൻനമ്പ്യാരുടെയും ചക്കേലക്കണ്ടി ഓമനയമ്മയുടെയും ഏകമകനാണ് രതീഷ്. വി.സി.ജ്യോതിയാണ് ഭാര്യ. ഏകമകൻ : കാശിനാഥൻ (എട്ടുമാസം). മകന് പറശിനിക്കടവിൽ ചോറൂണ് നൽകിയതിനുശേഷം കഴിഞ്ഞ ഒമ്പതിനാണ് രതീഷ് ക്യാമ്പിലേക്ക് മടങ്ങിയത്. കോയമ്പത്തൂരിലേക്ക് സ്‌ഥലംമാറ്റം കിട്ടാനിരിക്കേയാണ് മരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം