തമിഴകത്തെ ചുവപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ; യുവതാരങ്ങളെ ഒപ്പം നിര്‍ത്താന്‍ കമല്‍ഹാസന്‍

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുന്ന നടന്‍ കമല്‍ ഹാസന്‍ സൂപ്പര്‍ താരങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞതായാണ് സൂചന.

യുവനടന്‍മാരായ വിജയ്, അജിത്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങളെയും യുവനടിമാരെയും കൂടെ നിര്‍ത്താനാണ് ശ്രമം.നിലവിലെ രാഷ്ട്രീയ സംവിധാനത്തിനു പകരം പുതിയ ഒരു സംവിധാനമുണ്ടാക്കി അതിന് സ്വതന്ത്ര പരിവേഷം നല്‍കി പരമാവധി താരങ്ങളെ സഹകരിപ്പിക്കാനാണ് നീക്കം.

ഇതു സംബന്ധമായ ചര്‍ച്ചകള്‍ക്ക് ഇതിനകം തന്നെ കമല്‍ തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്.സിനിമാ രംഗത്ത് കമലിന്റെ സഹപ്രവര്‍ത്തകനായ ഇടതു അനുഭാവിയായ പ്രമുഖ സംവിധായകനാണ് നീക്കങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത്.

താരങ്ങളോട് കമല്‍ തന്നെയാണ് നേരിട്ട് സഹകരണം തേടുന്നത്.ജയലളിതക്ക് ശേഷവും സിനിമാരംഗത്ത് നിന്ന് തന്നെ ഭരണരംഗത്ത് പിന്‍ഗാമി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് താരങ്ങളില്‍ നല്ലൊരു വിഭാഗവും.

ഈ അനുകൂല സാഹചര്യത്തെയാണ് കമല്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഇടതുപക്ഷത്തിന് വലിയ സ്വാധീനം അവകാശപ്പെടാനില്ലങ്കിലും ശക്തമായ കേഡര്‍മാര്‍ സി.പി.എമ്മിനും സി.പി.ഐക്കും തമിഴകത്തുണ്ട്.സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനകളായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു വിഭാഗങ്ങളുടെ പ്രവര്‍ത്തനം ഇവിടെ സജീവമാണ്.

കമല്‍ കമ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന വ്യക്തിയായതിനാല്‍ തമിഴകത്തെ ഇടത് അണികളും ഇപ്പോള്‍ ആവേശത്തിലാണ്.കമല്‍ ഉണ്ടാക്കുന്ന തരംഗത്താല്‍ തമിഴകത്തെ ചുവപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ചെമ്പട.

മുന്‍പ് കോയമ്പത്തൂര്‍, മധുര എന്നിവടങ്ങളില്‍ നിന്നും ദീര്‍ഘകാലം സി.പി.എമ്മിന് എം.പിമാരുണ്ടായിരുന്നു. സി.പിഎമ്മിനും സി.പി.ഐക്കുമായി 30 ഓളം എം.എല്‍.എമാരും ജയലളിതയുടെ കാലത്ത് തന്നെ മുന്‍പ് ഉണ്ടായിട്ടുണ്ട്.

ഡി.എം.കെ, അണ്ണാ ഡി.എം.കെ മുന്നണികളില്‍ നിലവില്‍ ഇടതുപാര്‍ട്ടികള്‍ ഇല്ല. ഇത് പുതിയ സാഹചര്യത്തില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.ദ്രാവിഡ പാര്‍ട്ടികളുടെ ഭരണ കുത്തക പൊളിച്ചടക്കുക തന്നെയാണ് ലക്ഷ്യം.

തന്റെ നേതാവ് പിണറായി വിജയനാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കമല്‍ നടത്തിയ പ്രസ്ഥാവനയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുമെല്ലാം തമിഴകത്തെയും സി.പി.എം അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്.തമിഴ് മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് സി.പി.എം പി.ബി.അംഗമായ കേരള മഖ്യമന്ത്രിയുമായുള്ള ഈ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രജനികാന്ത് കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്നെ സിനിമയിലേത് പോലെ രജനി കമല്‍ ഏറ്റുമുട്ടലായി തിരഞ്ഞെടുപ്പ് രംഗം മാറുമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.

എന്നാല്‍ കമലുമായി നേരിട്ട് ഒരു ഏറ്റുമുട്ടലിന് താല്‍പ്പര്യമില്ലാത്ത രജനി ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി രാഷ്ട്രീയത്തിലിറങ്ങുമോ എന്ന സംശയവും വ്യാപകമാണ്.രജനി നിലപാട് പ്രഖ്യാപിക്കും മുന്‍പ് പരമാവധി താരങ്ങളുടെ പിന്തുണ തേടാനാണ് കമലിന്റെ ശ്രമം.

കമ്യൂണിസ്റ്റ് ആശയങ്ങളെ സിനിമയിലൂടെ പ്രചോദിപ്പിച്ച് നിര്‍ത്തുന്ന പ്രവണത ഇപ്പോള്‍ തമിഴകത്തും വര്‍ദ്ധിച്ചുവരുന്നുണ്ട്.

കര്‍ഷകരുടെ വേദനയുടെ കഥ വൈകാരികമായി അവതരിപ്പിച്ച വിജയ് നായകനായ ‘കത്തി’യില്‍ പോലും കമ്യൂണിസമെന്നാല്‍ എന്താണെന്ന് ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്നുണ്ട്.

ജനങ്ങള്‍ക്കിടയില്‍ ഏറ്റവും അധികം സ്വാധീനമുള്ള യുവതാരങ്ങളാണ് വിജയ്‌ യും അജിത്തും.എന്തിനും പോന്ന ലക്ഷക്കണക്കിന് അനുയായികള്‍ ഇരുവര്‍ക്കുമുണ്ട്.

നേരത്തെ വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായിരുന്നെങ്കിലും പിന്നീട് താരം പിന്‍മാറുകയായിരുന്നു.ജയലളിതയുമായി ഏറെ അടുപ്പമുള്ള അജിത്ത് ജയലളിതയുടെ പിന്‍ഗാമിയാകണമെന്ന് അണ്ണാ ഡി.എം.കെ അണികള്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ താരവും പിടികൊടുത്തിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം