ഇവന്‍ എല്ലാം എന്റെ വീട്ടിലാണ് തട്ടുന്നത്; ഈ സാധനമെങ്കിലും നീ നിന്റെ വീട്ടില്‍ കൊണ്ടുപോകണം; വിനീതിനോട് വിനീതമായി അഭ്യര്‍ത്ഥിച്ച് ശ്രീനിവാസന്‍ (വീഡിയോ)

ഫിലിം ഡസ്‌ക്

 

വിനീത് ശ്രീനിവാസനും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അരവിന്ദന്റെ അതിഥികള്‍ നൂറ് ദിവസം പിന്നിട്ടു. രാജേഷ് രാഘവന്റെ തിരക്കഥയ്ക്ക് എം മോഹനായിരുന്നു സംവിധാനം. ഇതിന്റെ വിജയാഘോഷ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. അജു വര്‍ഗീസ്, ഉര്‍വശി, നിഖില, ശാന്തി കൃഷ്ണ, കോട്ടയം നസീര്‍, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ സിനിമയിലെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. സംവിധായകന്‍ സത്യന്‍ അന്തിക്കാടും അതിഥിയായി എത്തി.

ഈ സിനിമയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ‘കുറെ കാര്യങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു, എന്താണ് പറയേണ്ടതെന്ന് അറിയില്ല. എല്ലാവരും അറിയേണ്ട ഒരു കാര്യമുണ്ട്. ഈ സിനിമയുടെ പ്രി-പ്രൊഡക്ഷന്‍ തുടങ്ങി ഷൂട്ടിങ് സമയത്തും നിര്‍മാതാവും സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും തിരക്കഥാക!ൃത്തും സംഗീത സംവിധായകനും എല്ലാവരും ഒരുമിച്ചിരുന്ന് ഈ സിനിമയുടെ തിരക്കഥ വായിച്ചിരുന്നു.’

‘പ്രി-പ്രൊഡക്ഷന്റെ സമയത്ത് ഞാനും സംവിധായകനും സിനിമയുടെ ചീഫ് ടെക്‌നീഷ്യന്‍സും മറ്റുള്ളവരും മൂകാംബികയില്‍ മൂന്നുദിവസം പോകുകയുണ്ടായി. ഈ കൂട്ടായ്മയാണ് സിനിമയെ വലിയൊരു വിജയത്തിലേയ്ക്ക് എത്തിച്ചത്. ഈ സിനിമയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു.’

കൂടാതെ മനോഹരമായ കാസ്റ്റിങ് ആയിരുന്നു സിനിമയുടേത്. എല്ലാവരും അതിഗംഭീരമായാണ് അഭിനയിച്ചത്. പലരുടെയും അഭിനയം കണ്ട് ഞാന്‍ നിന്നുപോയിട്ടുണ്ട്. ഇതിന് മുമ്പ് ചാപ്പാക്കുരിശ് എന്ന സിനിമയുടെ സെറ്റിലാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. അന്ന് ഫഹദിന്റെ അഭിനയം കണ്ട് ഞെട്ടിത്തരിച്ചിരുന്ന് പോയി.’

‘ഈ സിനിമയില്‍ ഉര്‍വശി ചേച്ചിയുടെ അഭിനയമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അഭിനയത്തില്‍ ഒരുപാട് രസതന്ത്രം അറിയാവുന്ന അഭിനേത്രിയാണ് അവര്‍. എന്റെ തലമുറയും എനിക്ക് ശേഷം വരുന്ന തലമുറയും ഇങ്ങനെയുള്ള ആളുകളോടൊപ്പം പ്രവര്‍ത്തിക്കണം. അവരുടെ കഴിവുകള്‍ കണ്ട് പഠിക്കണം.’-വിനീത് പറഞ്ഞു.

ഇതില്‍ പ്രേക്ഷകരെ ചിരിപ്പിച്ച് വിനീതിന്റെ പ്രസംഗത്തിന് ശേഷമുള്ള ശ്രീനിവാസന്റെ മറുപടി പ്രസംഗമായിരുന്നു. ‘വിനീത് സംസാരിച്ച് തുടങ്ങിയത് ഒരുപാട് കാര്യങ്ങള്‍ മനസ്സിലുണ്ട്, എന്താ പറയേണ്ടതെന്ന് അറിയില്ലെന്നുമാണ്. എന്റെ മനസ്സില്‍ ഒരുപാട് കാര്യങ്ങളില്ല, അതുകൊണ്ട് എന്താ പറയേണ്ടതെന്നും എനിക്ക് അറിയാം.’-ശ്രീനിവാസന്‍ പറഞ്ഞു.

എന്നാല്‍ വിനീതിന്റെ പ്രസംഗത്തില്‍ നിന്നും കുറച്ച് കാര്യങ്ങള്‍ പറയാന്‍ തന്നെ പ്രേരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘സിനിമയ്ക്ക് രണ്ട് അഭിപ്രായമുണ്ട്. ചില സംവിധായകരും നിര്‍മാക്കളുമൊക്കെ പലപ്പോഴും ഇങ്ങനെ പറയാറുണ്ട്. അതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. ഭരതേട്ടന്റെ ഒരു പുതിയ ചിത്രം റിലീസ് ചെയ്യുന്നു. സിനിമയുടെ വിധി എന്തെന്നറിയാനുള്ള ആകാംക്ഷയില്‍ അദ്ദേഹം തൃശൂരുള്ള സംവിധായകന്‍ പവിത്രനെ വിളിക്കുന്നു. പവിത്രന്‍ വളരെ രസികനാണ്. ‘പവിത്രാ എന്റെ സിനിമ റിലീസ് ചെയ്തു, എന്തെങ്കിലും കേട്ടോ?.’ -ഭരതന്‍ ചോദിച്ചു. ‘ഭരതേട്ടാ രണ്ട് അഭിപ്രായമുണ്ട്, പടം മോശമല്ലേ എന്നൊരു അഭിപ്രായം, പടം വളരെ മോശമല്ലേ എന്നൊരു അഭിപ്രായം കൂടി.’-പവിത്രന്‍ ഭരതനോട് പറഞ്ഞു.

വിനീത് ലഭിക്കുന്ന അവാര്‍ഡുകളെക്കുറിച്ചും രസകരമായി ശ്രീനിവാസന്‍ പറയുകയുണ്ടായി. ‘വിനീത് പല സ്ഥലങ്ങളിലും പരിപാടികളിലുമൊക്കെ പോയി വരുമ്പോള്‍ ഇതുപോലെ മൊമന്റോയുമായി വരും. ഇതൊന്നും ചെന്നൈയില്‍ കൊണ്ടുപോകില്ല. എല്ലാം വീട്ടിലേയ്ക്കാണ് കൊണ്ടുവരുന്നത്. അവിടെ ഈ സാധനം തട്ടി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. മൊമന്റോ കാണുമ്പോള്‍ പേടിയാണ്. അതുകൊണ്ട് ഈ സാധനമെങ്കിലും നീ ചെന്നൈയ്ക്ക് കൊണ്ടുപോകണം. വിനീതിനോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്.’-ശ്രീനിവാസന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം