എത്ര വലിയ ഓഫര്‍ വന്നാലും ബ്ലാസ്റ്റേഴ്‌സിനൊപ്പം നില്‍ക്കും;എടികെയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് സന്ദേശ് ജിങ്കന്‍

കൊച്ചി :എത്ര വലിയ ഓഫര്‍ വന്നാലും കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന്‍ പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നില്ല.ഐഎസ്എല്‍ ടീമായ എടികെയില്‍ നിന്ന് ലഭിച്ച വമ്പന്‍ ഓഫര്‍ നിരസിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരാന്‍ തീരുമാനിച്ച് സന്ദേശ് ജിങ്കന്‍. അഞ്ച് കോടി രൂപയെന്ന സ്വപ്ന ഓഫറാണ് എടികെ ജിങ്കന് മുന്നില്‍ വെച്ചത്. എന്നാല്‍ ജിങ്കന്‍ അത് നിരസിക്കുകയായിരുന്നു.

പ്രതിരോധത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ജിങ്കന് നേരത്തെയും പല ടീമുകളില്‍ നിന്നും ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഓഫര്‍ ഇതാദ്യമാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് ജിങ്കന്‍ മനസ് തുറന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ലോയല്‍റ്റി അവകാശപ്പെടാന്‍ കഴിയുന്ന ഏക ടീം നിലവില്‍ ബ്ലാസ്റ്റേഴ്‌സ് ആണ്. ടീം വിട്ടുപോയവര്‍ ഇന്നും ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പം ചേരാന്‍ മുറവിളി കൂട്ടുകയാണ്. വിദേശ താരങ്ങള്‍ പോലും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നില്‍ക്കാന്‍ മത്സരിക്കുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണ്‍ മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള താരമാണ് ജിങ്കന്‍. കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വര്‍ഷ കരാറിലെത്തിയ ജിങ്കന് കരാര്‍ പ്രകാരം രണ്ട് വര്‍ഷം കൂടി ബ്ലാസ്റ്റേഴ്‌സില്‍ ബാക്കിയുണ്ട്. നിലവില്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് ജിങ്കന്റെ വാര്‍ഷിക പ്രതിഫലം.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അകമഴിഞ്ഞ പിന്തുണയും, സ്‌നേഹവും ബ്ലാസ്റ്റേഴ്‌സില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നെന്നും, അവര്‍ നല്‍കുന്ന സ്‌നേഹം തള്ളിക്കളഞ്ഞ് മറ്റൊരു ടീമിലേക്ക് പോകാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ജിങ്കന്‍ പറഞ്ഞു.

2014ലും 2016 ലും കേരളാ ബ്ലാസ്റ്റേഴ്‌സ് ഐ എസ് എല്‍ ഫൈനലില്‍ എത്തിയപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച ജിങ്കന്‍ ടീംപ്ലേ ഓഫിലെത്താതെ പുറത്തായ 2017-18 സീസണിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സീസണ്‍ അവസാനിച്ചതിന് ശേഷം മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയതോടെ ജിങ്കന്‍ ടീം വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം