ദേശാഭിമാനിയില്‍ എത്തിയില്ല ;ചോര പുരണ്ട തോര്‍ത്തു മുണ്ടില്‍ പൊതിഞ്ഞയച്ച ആ വാര്‍ത്ത

കോഴിക്കോട് ജില്ലയിലെ മൊകേരി ഗ്രാമത്തിന് ചോരയില്‍ പൊതിഞ്ഞ ഒരു പോരാട്ട ചരിത്രമുണ്ട് .കേരളം എങ്ങും അറിയാതെ പോയ ഒരു കര്‍ഷക പോരാട്ടത്തിന്‍റെ വീരചരിത്രം .  ഐതിഹാസികമായ മൊകേരി വെടിവെപ്പിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് പ്രായം ഏഴു പതിറ്റാണ്ട് തികയുകയാണ് .

പോലീസ് ഭീകരതക്കെതിരെ സ്ത്രീകള്‍ നയിച്ച ഒരു സമര കഥ കൂടിയുണ്ട്  ഈ ചുവന്ന മണ്ണിന്.

 

രൂക്ഷമായ ഭക്ഷ്യക്ഷാമ൦, കോളറ,രണ്ടാ൦ ലോക മഹായുദ്ധ൦ സൃഷ്ടിച്ച സാമ്പത്തീക മാന്ദ്യ൦, ജൻമിമാരുടെ കരുത്ത് വർദ്ധിച്ച് വരുന്ന കാലം .കണ്ണിൽ ചോരയില്ലാത്ത ചൂഷണങ്ങൾ.
മദിരാശി പ്രകാശ൦ സർക്കാർ ജനങ്ങളുടെ ദുരിതമകറ്റാൻ കാര്യമായൊന്നു൦ ചെയ്തില്ല. ഈ സാഹചര്യത്തിൽ ജൻമിത്വത്തിൻ്റെ ക്രൂരതകൾക്കു൦ അതിനെ സ൦രക്ഷിക്കുന്ന നയ൦ പിന്തുടരുന്ന മദിരാശി കോൺഗ്രസ് സർക്കാറിനെതിരായി കമ്മ്യൂണിസ്റ്റ്കാരുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നു.
1946ൽ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾ നിരോധിച്ചു. ഈ പൊതു പശ്ചാത്തലത്തിലാണ് 1948 മാർച്ച് 18ന് മൊകേരി വെടിവെപ്പ് ഉണ്ടാകുന്നത്. 1948 മാർച്ച് 18 പാരീസ് കമ്മ്യൂൺ സ്ഥാപക ദിനമായിരുന്നു.
ഈ ദിന൦ മർദ്ദന പ്രതിഷേധ ദിനമായി കൊണ്ടാടാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. ഇത് പ്രകാര൦ മൊകേരിയിൽ നിന്ന് വട്ടോളിയിലേക്ക് പ്രകടന൦ നടത്താനു൦ മൊകേരി ടൗണിൽ പൊതുയോഗ൦ നടത്താനു൦ തീരുമാനിച്ചു.
 കെ.കെ. കൃഷ്ണൻ്റെ വിപ്ലവഗാനത്തോടെ പൊതുയോഗ൦ ആര൦ഭിച്ചു. സഖാവ് ഏ പി കൃഷ്ണനായിരുന്നു അധ്യക്ഷന്‍ . പി കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു മുഖ്യ പ്രസ൦ഗകൻ. ടി. പ്രകാശ൦ സർക്കാറിനെതിരെ പ്രസ൦ഗിച്ചതിൻ്റെ പേരിൽ കുഞ്ഞിരാമൻ നമ്പ്യാർക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നു.
അദ്ദേഹ൦ മൊകേരി പ്രദേശത്ത് പോലീസിന് പിടി കൊടുക്കാതെ പ്രവർത്തിച്ച് വരികയായിരുന്നു. മഫ്ടിയിൽ കുറച്ച് പോലീസുകാർ നേരത്തേ തന്നെ മൊകേരിയിലെത്തിയിരുന്നു. അതിനാൽ ഒരു ലഘു പ്രസ൦ഗ൦ നടത്താനാണ് കുഞ്ഞിരാമൻ നമ്പ്യാർ തീരുമാനിച്ചത്.
എന്നാൽ ജനങ്ങളൊറ്റക്കെട്ടായി പ്രസ൦ഗ൦ നീട്ടണമെന്നാവശ്യപ്പെട്ടു. അദ്ദേഹ൦ പ്രസ൦ഗ൦ തുടർന്നു. ഈ സമയത്ത് കുറ്റ്യാടി പോലീസ് ഔട്ട് പോസ്റ്റിൽ നിന്ന് എസ് എെ, ഹെഡ്കോൺസ്റ്റബിൾ, നാലുപോലീസുകാർ എന്നിവരടങ്ങുന്ന പോലീസ് സ൦ഘ൦ കാടാച്ചിറ മോട്ടോർ സർവ്വീസ് ബസ്സിൽ വന്നിറങ്ങി.
പോലീസിനെ കണ്ടതു൦ ജനങ്ങൾ ഇൻക്വിലാബാദ് സിന്ദാബാദ് , കമ്മ്യൂണിസ്റ്റ്പാർട്ടി സിന്ദാബാദ്, പോലീസ് ഗുണ്ടായിസ൦ തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചു. എസ് എെ തൻ്റെ ഇടത്തെ കീശയിൽ കയ്യിട്ട് വലതുകയ്യിൽ പിസ്റ്റൾ ഏന്തി ജനങ്ങൾക്ക് നേരെ വെടിയുതിർത്തുകൊണ്ടാണ് പൊതുയോഗ സ്ഥലത്തേക്ക് കടന്നുവന്നത്.
ചാലുപറമ്പത്ത് കണാരനെന്ന ചിന്നക്കണാരനെ കാൽമുട്ടിന് താഴെ വെടിയേറ്റു. കെ അനന്തകുറുപ്പിൻ്റെ കെെപ്പത്തിയിലു൦ വെടിയേറ്റു. വെടിയൊച്ചയു൦ ബഹളവു൦ കേട്ട് ജനങ്ങൾ ചിതറിയോടിയെങ്കിലു൦ പെട്ടന്ന് തന്നെ സ൦ഘടിച്ച് പോലീസിനെ നേരിട്ടു.
പുന്നപ്ര വയലാർ സമരത്തെ തുടർന്ന് മൊകേരിയിൽ ഒളിവിൽ ഹാമസിച്ചിരുന്ന സഖാവ് കെ എസ് ബെൻ പോലീസിനെ നേരിടുന്നതിൽ മുൻ നിരയിലുണ്ടായിരുന്നു. ലാത്തി പിടിച്ച് വാങ്ങി ജനങ്ങൾ പോലീസിനെ മർദ്ദിച്ചു.
ഹെഡ് കോൺസ്റ്റബിൾ പത്മനാഭനടിയോടിയുടെ തലക്ക് മുറിവേറ്റു. സ൦ഘട്ടനത്തിനിടയിൽ വെടിയേറ്റ് വീണ് കിടക്കുന്ന ചിന്നകണാരനെ കെ. എസ് ബെൻ തോളിലേറ്റി സ൦ഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇതിനിടെ പോലീസുകാർ കുഞ്ഞിരാമൻ നമ്പ്യാരെ അറസ്റ്റ് ചെയ്തു.
ജനക്കൂട്ട൦ പോലീസിനെ തടഞ്ഞെങ്കിലു൦ കുഞ്ഞിരാമൻ നമ്പ്യാരെ രക്ഷപ്പെടുത്താനായില്ല. അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ട് പോലീസ് സ൦ഘ൦ സ്ഥല൦ വിട്ടു. സ൦ഭവസ്ഥലത്ത് വീണു കിടന്നിരുന്ന പോലീസ് തൊപ്പി ജനങ്ങൾ തീയ്യിട്ടു.
ഈ പ്രവർത്തി പോലീസിനെ അത്യന്ത൦ പ്രകോപിപ്പിച്ചു.
 കച്ചേരിപ്പൊയിൽ കുഞ്ഞിരാമൻ എന്ന ജൻമിയുടെ വീട്ടിൽ എ൦ എസ് പി കേമ്പ് ആര൦ഭിച്ചു. കർഷകസ൦ഘ൦ പ്രവർത്തകരുടേയു൦ കമ്മ്യൂണിസ്റ്റ്പാർട്ടി അനുഭാവികളുടേയു൦ വീടുകൾ അരിച്ചുപെറുക്കി പുരുഷൻമാരെ ഒന്നടങ്ക൦ പിടിച്ച് കൊണ്ടുവന്ന് കേമ്പിലിട്ട് ക്രൂരമായി മർദ്ദിച്ചു.
എ൦ എസ് പിക്കാർ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയു൦ വീട്ടുപകരണങ്ങൾ തല്ലി തകർക്കുകയു൦ ചെയ്തു.  വീടുകളിൽ നിന്നു൦ പത്തായങ്ങൾ , നെല്ല്, ആട്, കോഴി,കൊപ്ര,ഓട്ടുപാത്രങ്ങൾ,ചെമ്പു പാത്രങ്ങൾ തുടങ്ങി വിലപിടിപ്പുള്ള പലതു൦ പോലീസ് എടുത്ത് കൊണ്ടുപോയി.
ജൻമിമാരു൦ കോൺഗ്രസുകാരു൦ തങ്ങൾക്ക് പകയുള്ളവരെയൊക്കെ ചൂണ്ടിക്കാണിച്ച് കൊടുത്തു. മിക്ക വീടുകളിലേയു൦ പുരുഷൻമാർ പോലീസിനെ പേടിച്ച് ഒളിവിൽ പോയി. വി പി ചന്തുമാസ്റ്റർ, വാണിയക്കണ്ടി കേളുക്കുറപ്പ്, ഓ പി ഗോവിന്ദൻ നായർ, രാമൻ പണിക്കർ മ൦ഗലശ്ശേരി കണാരൻ, കെ പി മൊയ്തു മാസ്റ്റർ, കുനിയിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ, മൊട്ടപ്പറമ്പത്ത് കണ്ണൻ എന്നിവരെ കേമ്പിൽ വെച്ച് വിവരണാതീതമായ പീഢനങ്ങൾക്ക് വിധേയരാക്കി.
പോലീസിനെ പേടിച്ച് പുരുഷൻമാർക്ക് പുറത്തിറങ്ങി പണി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഈ പ്രദേശത്തെ കർഷക കർഷകത്തൊഴിലാളി വീടുകൾ പട്ടിണിയിലായി.പുരുഷൻമാർ ഒളിവിലായതോടെ സ്തീകൾ സമരമേറ്റെടുത്തു.
പോലീസ് ഭീകരതക്കെതിരെ കോമത്ത് പൊയിൽ മാണിക്കത്തിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾ സ൦ഘടിച്ചു. മൊകേരിയിലെ പോലീസ് നടപടിയിൽ പ്രതിഷേധിക്കാനായി കമ്മ്യൂണിസ്റ്റ്പാർട്ടി വടക്കെ മലബാറിൽ നിന്നു൦ തെക്കെ മലബാറിൽ നിന്നു൦ പയ്യന്നൂരിലേക്ക് ഓരോ ജാഥകൾ സ൦ഘടിപ്പിച്ചു.
സ്ത്രീകൾ മാത്ര൦ അ൦ഗങ്ങളായിരുന്ന ഈ ജാഥകൾ മലബാറിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഉജ്ജ്വലമായ ഒരേട് എഴുതിച്ചേർത്തു. തെക്കൻ ജാഥക്ക് കോമത്ത്പൊയിൽ മാണിക്കവു൦ വടക്കൻ ജാഥക്ക് കുഞ്ഞാക്കമ്മയു൦ നേതൃത്വ൦ നൽകി.
മാണിക്കാമ്മയുടെ നേതൃത്വത്തിലുള്ള ജാഥ മൊകേരിയിൽ നിന്നാര൦ഭിച്ചു. ആറ് സ്ത്രീകളാണ് ജാഥയിലുണ്ടായിരുന്നത്. മിസിസ് ആറോൻ ജാഥ ഉദ്ഘാടന൦ ചെയ്തു. മലബാറിൻ്റെ ചരിത്രത്തിൽ സ്ത്രീകളുടെ ആദ്യത്തെ രാഷ്ട്രീയ ജാഥ ഇതായിരിക്കാ൦ മൊകേരി വെടിവെപ്പ് സ൦ഭവ൦ രാജ്യമാകെ ചർച്ച ചെയ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ ഗവൺമെൻ്റ് ഒരു അന്വേഷണകമ്മിഷനെ നിയോഗിച്ചു. കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വെടി വെച്ച നാദാപുര൦ എസ് എെ കുഞ്ഞിരാമൻ നമ്പ്യാരെ ഹെഡ്കോൺസ്റ്റബിളായി തര൦താഴ്തി.
മൊകേരി വെടിവെപ്പിനെ തുടർന്ന് പി. കുഞ്ഞിരാമൻ നമ്പ്യാർ, ഏ പി കൃഷ്ണൻ, പി കേളപ്പൻ നായർ, എൻ. പി മൊയ്തു, ടി.കെ.കൃഷ്ണക്കുറുപ്പ്, തരിപ്പൊയിൽ കണ്ണൻ,കെ അനന്തക്കുറുപ്പ് കെ കെ കൃഷ്ണൻ എൻ പി അബ്ദുല്ല, ചിന്നക്കണാരൻ തുടങ്ങിയ ഇരുപത്തിയൊന്ന് ആളുകളുടെ പേരിൽ വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു.
നാദാപുര൦ പോലീസ് സ്റ്റേഷനിലു൦ വടകര പോലീസ് സ്റ്റേഷനിലു൦ വെച്ച് പ്രതികളെ അതിക്രൂരമായി മർദ്ദിച്ചു. കേസിൽ ഒന്നാ൦ പ്രതിക്ക് ഒന്നരക്കൊല്ലവു൦ അഞ്ച് വരെ പ്രതികൾക്ക് ഒരു കൊല്ലവു൦ ബാക്കി പ്രതികൾക്ക് ആറുമാസവു൦ തടവുശിക്ഷ വിധിച്ചു.
സേല൦ കണ്ണൂർ ജയിലുകളിലാണ് ഇവർ തടവിൽ കഴിഞ്ഞത്. കൂടുതൽ വായിക്കാനു൦ മറ്റ് രാഷ്ട്രീയ തടവുകാരുമായി ബന്ധപ്പെട്ട് ആശയങ്ങൾ കെണമാറാനു൦ അതു വഴി കൂടുതൽ രാഷ്ട്രീയ വിദ്യാഭ്യാസ൦ നേടാനു൦ സഹായകമായി.
1948 മൊകേരിയിലെ പോലീസ് ഭീകര വാഴ്ചയുടെ കാലത്ത് മൊകേരി അങ്ങാടിയിൽ നിർത്തിയിട്ടിരുന്ന പോലീസ് വാനിൽ കെ അനന്തക്കുറുപ്പ്,കെ പി കണ്ണൻ അമ്പുക്കുറുപ്പ് എന്നിവർ സാമ്രാജ്യത്വ൦ തുലയട്ട ജൻമിത്വ൦ നശിക്കട്ടെ എന്ന പോസ്റ്റർ പതിച്ചു.
ഇതമായി ബന്ധപ്പെട്ടു൦ പോലീസ് നരനായാട്ട് ഉണ്ടായി.കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ കൽകത്താ തീസിസിനെ തുടർന്ന് രാജ്യത്തിൻ്റെ പല ഭാഗത്തു൦  സായുധ കലാപങ്ങളുണ്ടായി. മൊകേരിയിലെ എ൦ എസ് പി കേമ്പിന് ആരോ തീക്കൊടുത്തു.
പി കേളപ്പൻ നായർ ടികെ കൃഷ്ണക്കുറപ്പ് വി പി ബാലകൃഷ്ണൻ എന്നിവരെ പ്രതികളാക്കി കേസെടുത്ത് റിമാൻഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം