വീണ്ടും ‘കടക്കൂ പുറത്ത്’;ഇറക്കി വിട്ടത് പലതും മറച്ചു വെക്കാനെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആരോപണം

കാസര്‍ഗോഡ്‌: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൗരപ്രമുഖരുടെ കൂടിക്കാഴ്ച യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മാധ്യമപ്രര്‍വര്‍ത്തകരെ ഇറക്കിവിട്ടത്.

മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അധ്യക്ഷനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയച്ചു.

എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് തുടര്‍ന്ന് ഇറങ്ങിപ്പോകാന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും ആവശ്യപ്പെട്ടു.

ഇരുവരും വേദിയില്‍ നിന്ന്ഇറങ്ങി വന്ന് മാധ്യമപ്രവര്‍ത്തകരോട് ഹാളില്‍ നിന്നും പുറത്തിറങ്ങണമെന്നു ആവശ്യപെടുകയായിരുന്നു. കാരണമെന്തെന്ന് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരെ നോക്കി മുഖ്യമന്ത്രി തന്നെ പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഹാളിനു പുറത്തിറങ്ങിയ മാധ്യമ പ്രവര്‍ത്തകരെ ചില നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി.

ജില്ലയിലെ സമ്പന്നരെ ഉള്‍പ്പെടുത്തി സി.പി.എം.ജില്ലാകമ്മറ്റി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത് പല കാര്യങ്ങളും മറച്ചു വെക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു.

സി.എസ്. നാരായാണന്‍കുട്ടി, കെ.എസ്. ഹരി, ഇ.വി. ജയകൃഷ്ണന്‍, എന്‍.രാമനാഥ് പൈ, വേണു കള്ളാര്‍, ജോര്‍ജ് പൊയ്കയില്‍, ഡിറ്റിവര്‍ഗീസ്, ഫസല്‍ റഹ്മാന്‍, അരവിന്ദന്‍ മാണിക്കോത്ത്, സുധീഷ് പുങ്ങംചാല്‍ തുടങ്ങി നിരവധി മാധ്യമ പ്രവര്‍ത്തകര്‍ യോഗ ഹാളിന് പുറത്തിരുന്ന് പ്രതിഷേധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം