ലൈംഗിക അതിക്രമം നേരിട്ട നദിയ മുറാദിനും,ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഡെനിസ് മുക്വെഗിനും സമാധാന നോബല്‍

സ്റ്റോക്ക്ഹോം: 2018ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഐസിസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ നദിയ മുറാദ്, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഡെനിസ് മുക്വെഗ് എന്നിവര്‍ക്കാണ് പുരസ്കാരം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പ്രവര്‍ത്തിച്ചവരാണ് ഇരുവരും. സ്വന്തം ജീവന്‍പോലും തൃണവത്കരിച്ച് യുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരെ, അതില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെയും സുരക്ഷയ്ക്ക് വേണ്ടി ഇരുവരും പ്രവര്‍ത്തിച്ചു.

ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദിയില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയാണ് 25 കാരിയായ നാദിയ മുറാദ്. താന്‍ അനുഭവിച്ച യാതനകള്‍ പുറംലോകത്തോട് വിളിച്ച് പറഞ്ഞാണ് നാദിയ മറ്റുള്ളവര്‍ക്കുകൂടി വേണ്ടി പോരാടിയത്.

യുദ്ധങ്ങളിലും സായുധ പോരാട്ടങ്ങളിലും തുടര്‍ന്നുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയാണ് ഗൈനക്കോളജിസ്റ്റായ ഡെനിസ് മുക്വജ് പ്രവര്‍ത്തിച്ചത്. ബലാത്സംഗത്തിന് ഇരകളായ സ്ത്രീകളെ ചികിത്സിച്ച ഡോക്ടര്‍ ആണ് ഡെനിസ് മുക്വേഗ്. അതേസമയം പുരസ്കാരം ലഭിച്ചെന്ന വിവരം അറിയിക്കാന്‍ അധികൃതര്‍ക്ക് ഇരുവരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

അമേരിക്കന്‍ ഗവേഷകനായ ജെയിംസ് പി.ആലസണിനും ജാപ്പനീസ് ഗവേഷകനായ ടസുക്കോ ഹോഞ്ചോക്കുവിനുമാണ് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം ലഭിച്ചത്. പുതിയ ക്യാന്‍സര്‍ ചികിത്സാ രീതി കണ്ടുപിടിച്ചതിനാണ് ഇരുവരും പുരസ്കാരത്തിന് അര്‍ഹരായത്. ശരീരത്തിലെ പ്രതിരോധ സംവിധാനമുപയോഗിച്ച് ക്യാന്‍സറിനെ നേരിടാനുള്ള രീതിയാണ് ഇരുവരും വികസിപ്പിച്ചത്.

രസതന്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം യുഎസ് ശാസ്ത്രജ്ഞരായ ഫ്രാന്‍സെസ്. എച്ച്. അര്‍ണോള്‍ഡ്, ജോര്‍ജ്. പി. സ്മിത്ത്, യുകെയിൽ നിന്നുള്ള സര്‍ ഗ്രിഗറി .പി. വിന്റര്‍ എന്നിവര്‍ പങ്കിട്ടു. ബാക്ടീരിയോഫാഗുകള്‍, എന്‍സൈമുകളുടെ പരിണാമം എന്നിവയിൽ നടത്തിയ ഗവേഷണങ്ങളാണ് ഇവരെ പരിശീലനത്തിന് അർഹരാക്കിയത്.

രസതന്ത്രത്തിൽ നൊബേല്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ വനിത എന്ന നേട്ടമാണ് ഫ്രാന്‍സെസ് എച്ച്.അര്‍ണോള്‍ഡ് സ്വന്തമാക്കിയത്. പുരസ്കാര തുകയുടെ പകുതി ഇവർക്കാണ് ലഭിക്കുക. മറ്റ് രണ്ട് പേർ ബാക്കി പകുതി തുക പങ്കുവയ്ക്കും. അതേസമയം സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണയുണ്ടാകില്ലെന്ന് പുരസ്കാര സമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം