വിദേശ വനിതയുടെ മരണം ബലാത്സംഗ ശ്രമത്തിനിടെയെന്ന് സൂചന;പുരുഷ ലൈംഗികത്തൊഴിലാളിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം:വിദേശ വനിത ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് സൂചന. സംഭവത്തില്‍ കോവളം സ്വദേശിയും ബീച്ചിലെ പുരുഷ ലൈംഗികത്തൊഴിലാളിയുമായ 40കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നല്‍കിയ ലഹരി സിഗരറ്റ് വലിച്ച് ഉന്മത്തയായ ലിഗയെ കണ്ടല്‍കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ചെറുത്തു നിന്ന ലിഗ മല്‍പ്പിടിത്തത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് വിലയിരുത്തല്‍.

അറസ്റ്റിലായ നാല്‍പ്പതുകാരന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം നല്‍കുന്നില്ല. എസ്. പി അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോട്ടയത്തു നിന്നാണ് ഇയാളെ പിടികൂടിയത്.

തിരുവല്ലം, കോവളം സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. മറ്റ് ഒന്‍പത് പേര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. ലൈംഗിക തൊഴിലാളിയുമായി ബീച്ചില്‍ ലിഗ സംസാരിച്ചു നില്‍ക്കുന്നത് കണ്ടതായി ചില യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് നിര്‍ണ്ണായകമായത്.

കോവളം ബീച്ചില്‍ വിദേശ വനിതകള്‍ക്ക് വേണ്ടി ഒപ്പം പോകുകയും ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യാറുള്ള ഇയാള്‍ ലഹരിക്കടിമയാണ്. ലിഗയ്ക്കും ഇയാള്‍ ലഹരി സിഗററ്റ് നല്‍കി. അത് വലിച്ച് യുവതി ബോധരഹിതയായതോടെ കണ്ടല്‍ കാടിനിടയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ലിഗ പ്രതിരോധിച്ചതോടെ കൊലപ്പെടുത്തി എന്നാണ് പോലീസ് കരുതുന്നത്.

ബീച്ചില്‍ ഇയാള്‍ ലിഗയുമായി സംസാരിക്കുന്നത് കണ്ടെന്ന് ചിലര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം ലൈംഗിക പീഡനത്തിന്റെ യാതൊരു തെളിവുകളും ലിഗയുടെ ശരീരത്തില്‍ നിന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആന്തരീകാവയവങ്ങളുടെപരിശോധനയ്ക്കൊപ്പം ഉണങ്ങിയ സ്രവങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകളും നടന്നു വരികയാണ്. മുമ്പും ഇയാള്‍ക്കെതിരേ വിദേശീകളെ ഉപദ്രവിച്ചതിന് കേസുണ്ട്.

കോവളത്തെ അനധികൃത ടൂറിസ്റ്റ്‌ െഗെഡുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് കേസ് ശരിയായ ദിശയിലായത്. മയക്കുമരുന്നു സംഘത്തില്‍പ്പെട്ടയാളാണ് ലിഗയെ കാട്ടിനുളളിലേക്കു കൊണ്ടുവന്നതെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഒറ്റയ്ക്കെത്തുന്ന വിദേശികളെ ലഹരിവസ്തുക്കള്‍ നല്‍കി പാട്ടിലാക്കുന്ന സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടു ദിവസം മുമ്പ് കോവളം പൂനം പ്രദേശത്തു നിന്നു അപ്രത്യക്ഷനായ ആളിലേക്ക് ശ്രദ്ധ നീണ്ടത്.

വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ കുരുക്കിട്ടു കൊലപ്പെടുത്തിയെന്നു നേരത്തേ തന്നെ പോലീസിന് സൂചന കിട്ടിയിരുന്നു. കാട് വെട്ടിത്തെളിച്ചപ്പോഴാണു കാട്ടുവള്ളികള്‍ ചേര്‍ത്തുകെട്ടിയ കുരുക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവിടുത്തെ പതിവുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അഞ്ചു പേരിലേക്ക് നീളുകയും അവരില്‍ നിന്നും സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും കാണാതായ ആളിലേക്കും അന്വേഷണം എത്തുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം