ഭയമേതുമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനമാണ് കേരളം- പ്രകാശ് രാജ്

തിരുവനന്തപുരം: ‘കേരളത്തില്‍ വരുമ്പോള്‍ സംസാരിക്കാന്‍ ഒരു സ്‌ക്രിപ്റ്റ് ഞാന്‍ കൊണ്ടുവരാറില്ല. കാരണം ഇവിടെ സെന്‍സര്‍മാരില്ല. ഭയമേതുമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനമാണ് കേരളം’ ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥി ആയി സംസാരിച്ച നടന്‍ പ്രകാശ് രാജിന്റെ വാക്കുകളാണിത്.

ഹിന്ദുത്വവും ദേശീയതയും ഒന്നാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കുകയാണ്. ഹിന്ദുത്വം ഒരു ജീവിതരീതിയാണ്. രാജസ്ഥാനിലും മറ്റും ചില സംഭവങ്ങളുണ്ടാകുമ്പോള്‍ വന്‍ ജനപിന്തുണയോടെ അധികാരത്തിലേറിയ മുഖ്യമന്ത്രിമാര്‍ പറയുന്നത് തങ്ങള്‍ നിസ്സഹായരാണെന്നാണ്. അങ്ങനെയുള്ളവര്‍ രാജിവയ്ക്കുകയാണ് വേണ്ടത്. ഓരോ കലാകാരനും തന്റെ പേരിനും പെരുമയ്ക്കും സ്ഥാനത്തിനും ജീവിതത്തിനുമൊക്കെ സമൂഹവുമായി കടപ്പെട്ടിരിക്കുന്നു. ശബ്ദമുയര്‍ത്താനാവാത്തവര്‍ക്കായി ശബ്ദമുയര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. ഞാന്‍ ജനങ്ങള്‍ക്കിടയിലാണുള്ളത്. അതിനാല്‍ എനിക്ക് ഒരു പാര്‍ട്ടിയുടെയും പിന്തുണയുടെ ആവശ്യമില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

എസ് ദുര്‍ഗ എന്ന സിനിമയുടെ പേരില്‍ കോലാഹലമുയര്‍ത്തുന്നവര്‍ ദുര്‍ഗ ബാര്‍ കാണുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഉയര്‍ന്നുവരും. ഒരു കലാകാരന്‍ എന്ന നിലയിലാണ് ഞാന്‍ ശബ്ദമുയര്‍ത്തുന്നത്. അത് എന്റെ കടമായാണെന്നും പ്രകാശ് രാജ് പറഞ്ഞു.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായതുകൊണ്ടല്ല ഞാന്‍ ശബ്ദമുയര്‍ത്തുന്നത്. ഒരു കാലാകാരന്‍ എന്ന നിലയില്‍ ശബ്ദമുയര്‍ത്തന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഒരാള്‍ കലാകാരന്‍ ആകുന്നത് കഴിവുകൊണ്ട് മാത്രമല്ല സമൂഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ കൊണ്ടാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ പേരും പ്രശസ്തിക്കും കാരണമായ സമൂഹത്തിനു എന്തെങ്കിലും തിരിച്ചുകൊടുക്കാന്‍ കലാകാരന്‍ ബാധ്യസ്ഥനാണ്. നമ്മള്‍ കലാകാരന്മാര്‍ ഭീരുക്കളായാല്‍ നമ്മള്‍ ഈ സമൂഹത്തെ തന്നെയാണ് ഭീരുക്കള്‍ ആക്കുന്നതെന്നു തിരിച്ചറിയണം. ശബ്ദം ഉയര്‍ത്താന്‍ സാധിക്കാത്തവരുടെ ശബ്ദമായി കലാകാരന്മാരുടെ ശബ്ദം മാറണം.

എന്നെ ഭീഷണിപ്പെടുത്തിയാല്‍ ഞാന്‍ അവര്‍ക്ക് നേരെ നോക്കി ചിരിക്കും. അവര്‍ എന്നെ നിശബ്ദരാക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പാടാന്‍ തുടങ്ങും. എനിക്കു ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ആവശ്യമില്ല. കാരണം ഞാന്‍ ജനങ്ങളുടെ ഇടയിലാണ്. നിങ്ങള്‍ എന്നെ എന്തു ചെയ്തതാലും അതവര്‍ കാണും. ഞാന്‍ എന്താണ് ചെയ്തത് എന്നും നിങ്ങള്‍ എന്തുകൊണ്ടാണ് ചെയ്യുന്നതെന്ന്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം