നീരൊഴുക്ക് കുറഞ്ഞില്ലെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

ന്യൂസ്‌ ഡെസ്ക്

ഇടുക്കി: 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി ‍ഡാം നിറഞ്ഞതോടെ വൈദ്യുതിമന്ത്രി എംഎം മണി ഡാം സന്ദര്‍ശിച്ചു. കണക്കുകൾ അനുസരിച്ച് ഇടുക്കി അണക്കെട്ട് ഏഴ് ദിവസത്തിനുള്ളിൽ തുറന്നുവിടേണ്ട സാഹചര്യമാണുള്ളതെന്ന് എം.എം.മണി പറഞ്ഞു. എന്നാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 142ആക്കണമെന്ന കോടതി വിധി ഉണ്ടെങ്കിലും രണ്ട് സർക്കാരുകളും സമവായത്തിലെത്തി അതിന് മുൻപ് അണക്കെട്ട് തുറന്നു വിടണം. അല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെള്ളം കുടിച്ചും തമിഴ്നാട്ടുകാർ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നു എം എം മണി ചൂണ്ടിക്കാട്ടി.

ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കെഎസ്ഇബി ആദ്യ ജാഗ്രതാ നിര്‍ദ്ദേശം നേരത്തെ നൽകിയിരുന്നു. ഡാമിലെ ജലനിരപ്പ് 2390 അടിയെത്തിയതോടെയാണ് മുന്നറിയിപ്പ് നൽകിയത്. 10 അടി കൂടി ഉയര്‍ന്ന് ജലനിരപ്പ് 2400 അടിയിലെത്തിയാൽ ഇടുക്കി ഡാം തുറക്കും. ഇപ്പോഴത്തെ മഴ തുടര്ന്നാൽ 10 ദിവസത്തിനുള്ളിൽ അത് വേണ്ടിവരുമെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ കണക്ക് കൂട്ടൽ.

ജലനിരപ്പ് 2395 അടിയിലെത്തിയാൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കണ്‍ഡ്രാൾ റൂം തുറക്കും. 2400 അടിയിലെത്തിയാൽ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് ഇടുക്കി ഡാം തുറന്നിട്ടുള്ളത്. 1981ലും 1992ലും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം